നിലനിര്‍ത്താനും തിരിച്ചുപിടിക്കാനും പോരാട്ടം ശക്തം: നിലമ്പൂരിന്റെ ജനഹിതം പ്രവചനാതീതം
നിലമ്പൂര്‍: പി വി അന്‍വര്‍ എന്ന മുന്‍ കോണ്‍ഗ്രസ് നേതാവിലൂടെ നിലമ്പൂരില്‍ ഒരു തവണ കൂടി വിജയം ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. കഴിഞ്ഞ തവണ പല ഘടകങ്ങള്‍ കാരണം യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയ നിലമ്പൂരിലെ ജനത പക്ഷേ ഇപ്രാവശ്യം പി വി അന്‍വറിനെ പിന്തുണക്കുമോ എന്നത് പ്രവചനാതീതമാണ്. സീറ്റിനു വേണ്ടി അവസാനം വരെ പോരാടിയ കഴിഞ്ഞ തവണത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക പദവി നല്‍കി കോണ്‍ഗ്രസ് നേതൃത്വം മെരുക്കിയിട്ടുണ്ട്. എന്നാലും യുഡിഎഫ് സ്ഥാനാര്‍ഥിയായ സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് പാലം വലിക്കല്‍ ഭീഷണിയില്‍ നിന്നും മുക്തനായിട്ടില്ല.
നിലമ്പൂര്‍ മുനിസിപ്പാലിറ്റിയും വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകള്‍, ചുങ്കത്തറ, കരുളായി, അരമ്പലം എന്നീ പഞ്ചായത്തുകളും ചേര്‍ന്നതാണ് നിലമ്പൂര്‍ നിയോജക മണ്ഡലം. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇതുവരെ രണ്ട് തവണ മാത്രമാണ് ഇടതു സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുള്ളത്. ആര്യാടന്‍ മുഹമ്മദിന്റെ കുത്തക മണ്ഡലമായി തുടര്‍ന്ന നിലമ്പൂരില്‍ മുന്‍മന്ത്രി ടി കെ ഹംസയെ മാറ്റി നിര്‍ത്തിയാല്‍ പിന്നീടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും യുഡിഎഫിനായിരുന്നു വിജയം. ടി കെ ഹംസയുടെ വിജയത്തിനു ശേഷം പിന്നീട് 1987 മുതല്‍ 2011 വരെ യുഡിഎഫും ആര്യാടനും മണ്ഡലം നിലനിര്‍ത്തി. 2016ല്‍ ആര്യാടന്‍ മുഹമ്മദിനു പകരം മകന്‍ ആര്യാടന്‍ ഷൗക്കത്ത് മത്സരിച്ചപ്പോള്‍ മുന്‍ കോണ്‍ഗ്രസ് നേതാവായ പി വി അന്‍വറിനെ സ്ഥാനാര്‍ഥിയാക്കിയാണ് എല്‍ഡിഎഫ് അട്ടിമറി വിജയം നേടിയത്. ആര്യാടന്‍ ഷൗക്കത്തിനോട് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്ള വിരോധം അദ്ദേഹത്തിന്റെ പരാജയത്തിനു വഴിവെക്കുകയായിരുന്നു. യുഡിഎഫിന്റെ വോട്ട് വിഹിതത്തില്‍ 7.81 ശതമാനം ഇടിവുണ്ടായപ്പോള്‍ എല്‍ഡിഎഫ് വോട്ട് മൂന്ന് ശതമാനത്തോളം ഉയര്‍ത്തിയായിരുന്നു പി വി അന്‍വറിന്റെ വിജയം. 77,858 വോട്ടുകളുമായി മണ്ഡലത്തില്‍ 11,504 വോട്ടുകളുടെ ഭൂരിപക്ഷമാണ് അന്‍വര്‍ നേടിയത്.
ചരിത്രത്തില്‍ ആദ്യമായി നിലമ്പൂര്‍ നഗരസഭാ ഭരണം കൈപ്പിടിയിലൊതുക്കിയതിന്റെ ആത്മവിശ്വാസം നിയമസഭാ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിനുണ്ട്. എന്നാല്‍ നിലമ്പൂര്‍ നഗരസഭയില്‍ ഭരണം നഷ്ടപ്പെട്ടെങ്കിലും മണ്ഡലത്തിലെ മറ്റു തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനാണ് മുന്നേറ്റം. ഇതും പി വി അന്‍വറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും വി വി പ്രകാശിന്റെ വിജയത്തിനു വഴിവെക്കുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു.
എല്‍ഡിഎഫില്‍ ഏറ്റവുമധികം ആരോപണങ്ങള്‍ നേരിട്ട എംഎല്‍എ ആണ് പി വി അന്‍വര്‍. 2016ലെ തിരഞ്ഞെടുപ്പില്‍ സംശുദ്ധമായ ഇമേജോടെയാണ് പി വി അന്‍വര്‍ നിലമ്പൂരില്‍ ജനവിധി തേടിയതെങ്കില്‍ ഇപ്രാവശ്യം നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന അവസ്ഥയിലാണ് അദ്ദേഹം മത്സരിക്കുന്നത്. തടയണ നിര്‍മാണക്കേസും, കവളപ്പാറ ദുരന്ത ബാധിതര്‍ക്ക് ഭൂമി കണ്ടെത്തുന്നതില്‍ ഉയര്‍ന്ന അഴിമതി ആരോപണവും അന്‍വറിന്റെ ഇമേജിന് വലിയ കോട്ടം സൃഷ്ടിച്ചിട്ടുണ്ട്. ഇതിനു പുറമെ പരിസ്ഥിതി വിരുദ്ധന്‍ എന്ന് അന്‍വര്‍ തന്നെ സ്വയം സൃഷ്ടിച്ചെടുത്ത ഇമേജ് ഇടത് അനുഭാവികളായ പരിസ്ഥിതി പ്രവര്‍ത്തകരുടെ വോട്ട് പോലും അദ്ദേഹത്തിന് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കിയിട്ടുണ്ട്. കവളപ്പാറയില്‍ ദുരന്തബാധിതര്‍ക്ക് ഭൂമി കണ്ടെത്തുന്നതിന് എംഎല്‍എ സ്വാര്‍ഥ താല്‍പര്യങ്ങള്‍ കാരണം എതിരു നില്‍ക്കുകയാണെന്ന് ആരോപിച്ചത് അന്നത്തെ ജില്ലാകലക്ടറായ ജാഫര്‍ മാലിക്ക് ആയിരുന്നു. ഇതും തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ യുഡിഫ് ചര്‍ച്ചയാക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ എംഎല്‍എ മണ്ഡലത്തില്‍ നിന്നും വിട്ടുനിന്ന് ആഫ്രിക്കയില്‍ ഘനന വ്യവസായത്തിനു പോയതും നല്ല അഭിപ്രായമല്ല മണ്ഡലത്തില്‍ ഉണ്ടാക്കിയത്.
ഈ ഘടകങ്ങളെല്ലാം ഉയര്‍ത്തി വോട്ടു ചോദിക്കുന്നതിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് യുഡിഎഫ് കണക്കൂകൂട്ടുന്നത്. കൂടാതെ വിവാദങ്ങളിലൊന്നും അകപ്പെടാത്ത പൊതുപ്രവര്‍ത്തകന്‍ എന്ന വി വി പ്രകാശിന്റെ മേന്മയും വോട്ടു ലഭിക്കാനുള്ള ഘടകമായേക്കും. അതേ സമയം നിലമ്പൂരില്‍ ശക്തിയുള്ള ആര്യാടന്‍ അനുകൂല കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട് തന്നെയാകും വി വി പ്രകാശിന്റെ വിജയം തീരുമാനിക്കുക.
എസ്ഡിപിഐ സ്ഥാനാര്‍ഥിയായി ബാബുമണി കരുവാരക്കുണ്ട് നിലമ്പൂരില്‍ ജനവിധി തേടുന്നുണ്ട്. എസ്ഡിപിഐക്ക് മണ്ഡലത്തില്‍ വര്‍ധിച്ചുവരുന്ന സ്വീകാര്യത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നുത്.