നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കും; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

Update: 2024-09-26 14:43 GMT

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ അതിരൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച പി വി അന്‍വര്‍ എംഎല്‍എ ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം നടത്തും. എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്നും തന്നെ തിരഞ്ഞെടുത്തത് ജനങ്ങളാണെന്നും പി വി അന്‍വര്‍ പറഞ്ഞു. എംഎല്‍എ എന്ന മൂന്നക്ഷരം ജനങ്ങള്‍ തന്നതാണ്. രാജിവയ്ക്കുമെന്ന പൂതിവെച്ച് ആരും നില്‍ക്കേണ്ട. മരിച്ചുവീഴും വരെ ഈ ഒന്നേമുക്കാല്‍ കൊല്ലം ഞാന്‍ ഉണ്ടെങ്കില്‍ ഞാന്‍ എംഎല്‍എ ആയിട്ടുണ്ടാവും. ജനങ്ങളോട് എല്ലാം പറയും. ഞാന്‍ ആരുടെയും ഊര കണ്ടിട്ടല്ല നടക്കുന്നത്. ഞാന്‍ ഈ നാട്ടിലെ സാധാരണ മനുഷ്യരെയും ഈ സഖാക്കളെയും കണ്ടിട്ടാണ് നടക്കുന്നത്. ഞാന്‍ കയറുകയാണെങ്കില്‍ നാട്ടിലെ ജനങ്ങളുടെ ഊരയിലേ കയറൂ. ഞാന്‍ പണ്ടും ഇപ്പോഴും പൂര്‍ണ സ്വതന്ത്രനാണ്. ഇനി സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്നും നിയമസഭയില്‍ പ്രത്യേക ബ്ലോക്കായ ഇരിക്കും. ഇത്രയും ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് എങ്ങനെയാണ് നിയമസഭയില്‍ മുഖ്യമന്ത്രിക്കൊപ്പം ഇരിക്കുകയെന്ന് ചോദിച്ചപ്പോള്‍ അവരേക്കാള്‍ ഉളുപ്പില്‍ നില്‍ക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Tags:    

Similar News