ഉമര്‍ ഖാലിദിന്റെ അന്യായ തടങ്കലിന് ഒരുവര്‍ഷം; മുസ്‌ലിം വേട്ട അവസാനിപ്പിക്കണമെന്ന് പൗരാവകാശ കൂട്ടായ്മ

യുഎപിഎ അടക്കമുള്ള വകുപ്പുകളാണ് ഉമര്‍ ഖാലിദിനെതിരേ ഡല്‍ഹി പോലിസ് ചുമത്തിയിരിക്കുന്നത്. 2020 സപ്തംബര്‍ 13ന് രാത്രിയാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പോലുിസിന്റെ പ്രത്യേക സെല്‍ ചോദ്യം ചെയ്യാന്‍ വിളിക്കുകയും അറസ്റ്റുചെയ്യുകയുമുണ്ടായത്.

Update: 2021-09-14 06:26 GMT

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹി കലാപക്കേസില്‍ അറസ്റ്റിലായ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ അന്യായമായി തടവിലാക്കിയിട്ട് ഒരുവര്‍ഷം പിന്നിടുന്നു. സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് ഡല്‍ഹിയില്‍ സംഘപരിവാര്‍ അഴിച്ചുവിട്ട മുസ്‌ലിം വിരുദ്ധ വംശഹത്യയുടെ ചുവടുപിടിച്ച് ഉമര്‍ ഖാലിദിനെ അറസ്റ്റുചെയ്യുന്നത്. യുഎപിഎ അടക്കമുള്ള വകുപ്പുകളാണ് ഉമര്‍ ഖാലിദിനെതിരേ ഡല്‍ഹി പോലിസ് ചുമത്തിയിരിക്കുന്നത്. 2020 സപ്തംബര്‍ 13ന് രാത്രിയാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പോലുിസിന്റെ പ്രത്യേക സെല്‍ ചോദ്യം ചെയ്യാന്‍ വിളിക്കുകയും അറസ്റ്റുചെയ്യുകയുമുണ്ടായത്. ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ത്തതിന് പിന്നാലെയാണ് യുഎപിഎയും ചുമത്തിയത്. ഈ എഫ്‌ഐആറില്‍ യുഎപിഎ പ്രകാരം കേസെടുക്കുന്ന 16ാമത്തെ വ്യക്തിയായിരുന്നു ഉമര്‍ ഖാലിദ്.

ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപം ഉമര്‍ ഖാലിദും ഒരു ഡാനിഷ് എന്ന വ്യക്തിയും വിവിധ സംഘടനകളുമായി ബന്ധമുള്ള മറ്റ് രണ്ടുപേരും ചേര്‍ന്ന് നടത്തിയെന്നാണ് എഫ്‌ഐആറില്‍ ആരോപിക്കുന്നത്. ഖാലിദ് രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശന വേളയില്‍ തെരുവിലിറങ്ങി റോഡുകള്‍ തടയണമെന്നും പൗരന്‍മാരോട് അഭ്യര്‍ഥിച്ചു. ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന പീഡനങ്ങളുടെ അവസ്ഥ ലോകത്തെ അറിയിക്കുന്നതിന് ട്രംപിനെ തടയുന്നതിലൂടെ സാധിക്കുമെന്ന് ഖാലിദ് പറഞ്ഞതായും എഫ്‌ഐആആര്‍ വ്യക്തമാക്കുന്നു.


 നിയമവിരുദ്ധമായ തടങ്കല്‍ വാസത്തിന് ഒരുവര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ പൗരാവകാശ കൂട്ടായ്മ ഒത്തുചേര്‍ന്ന് ഉമര്‍ ഖാലിദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും അടങ്ങുന്ന സിറ്റിസണ്‍ കലക്ടീവ് ആണ് തിങ്കളാഴ്ച ഡല്‍ഹി പ്രസ് ക്ലബ്ബില്‍ പൊതുയോഗം സംഘടിപ്പിച്ചത്. ക്രമസമാധാന സംവിധാനങ്ങള്‍ നിരപരാധികളായ മുസ്‌ലിംകളെ വേട്ടയാടുന്നതും അവര്‍ക്കെതിരേ തെളിവുകള്‍ കെട്ടിച്ചമയ്ക്കുകയും വര്‍ഗീയ കുറ്റപത്രങ്ങള്‍ തയ്യാറാക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് കൂട്ടായ്മ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടു. സുപ്രധാന സ്തംഭമായ ക്രിമിനല്‍ ജസ്റ്റിസ് മെഷിനറിയുടെ വര്‍ഗീയ പക്ഷപാതിത്വം കൂട്ടായ്മ എടുത്തുകാണിക്കുകയും ചെയ്തു.

വര്‍ഗീയവും വ്യാജമായ കുറ്റങ്ങള്‍ ചുമത്തി കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ച ഡല്‍ഹി പോലിസിന്റെ നടപടിയെ കൂട്ടായ്മ അപലപിച്ചു. വ്യാജമായ തെളിവുകളും സംശയാസ്പദമായ സാക്ഷി മൊഴികളും ഉമര്‍ ഖാലിദിനെപ്പോലുള്ള യുവാക്കളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കാന്‍ ഉപയോഗിക്കുകയാണ്. ജയിലിലടച്ച എല്ലാ സിഎഎ വിരുദ്ധ പ്രതിഷേധക്കാരും 'തെറ്റായാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്' എന്ന് കൂട്ടായ്മ വ്യക്തമാക്കി.

ന്യൂഡല്‍ഹി പ്രസ്‌ക്ലബ്ബില്‍ രാഷ്ട്രീയത്തടവുകാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച പരിപാടിയില്‍ ദി വയര്‍ സ്ഥാപകനും എഡിറ്ററുമായ സിദ്ധാര്‍ഥ് വരദരാജന്‍, ആസൂത്രണ കമ്മീഷന്‍ അംഗം സയ്ദ ഹമീദ്, മുതിര്‍ന്ന സുപ്രിംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍, കര്‍ഷക സമരനേതാവ് ജസ്ബീര്‍ കൗര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഭരത് ഭൂഷണ്‍ തുടങ്ങിയവരും സംസാരിച്ചു. ഉമറിന്റെ പിതാവ് എസ് ക്യൂ ആര്‍ ഇല്യാസ്, സുഹൃത്ത് ബനോ ജ്യോല്‍സ്‌ന ലാഹിരി, മനോജ് ഝാ എംപി, പരിപാടിയുടെ മോഡറേറ്ററും എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ഫറാഹ് നഖ്‌വി എന്നിവരടക്കം ആക്ടിവിസ്റ്റുകളും എഴുത്തുകാരും അഭിഭാഭാഷകരും മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകകരും അടക്കം നൂറോളംപേര്‍ പരിപാടിയില്‍ പങ്കെടുത്തു.

പൗരന്‍മാര്‍ക്ക് സര്‍ക്കാരിന്റെ നയങ്ങളെയും കാഴ്ചപ്പാടുകളെയും സമാധാനപരമായി എതിര്‍ക്കാന്‍ അവകാശമുണ്ടോയെന്നും സ്വാതന്ത്ര്യത്തിനായി ഉമര്‍ ഖാലിദിനെ പോലെ കനത്ത വില അവര്‍ക്കും നല്‍കേണ്ടിവരുമോയെന്ന് പൗരാവകാശപ്രവര്‍ത്തകര്‍ ചോദിച്ചു. ക്രിമിനല്‍ ജസ്റ്റിസ് മെഷിനറിയുടെ സുപ്രധാന സ്തംഭമായ അന്വേഷണ ഏജന്‍സികള്‍ വര്‍ഗീയ പക്ഷപാതം കാണിക്കുമ്പോള്‍ നമ്മുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും എന്താണ് അര്‍ഥമാക്കുന്നത് ? ഉമര്‍ ഖാലിദിന് ലഭിക്കുന്ന സ്വാതന്ത്ര്യമാണോ എന്നും അവര്‍ ചോദിച്ചു.

ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുകയും സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവ എതിര്‍ക്കുകയും ചെയ്യുക മാത്രമാണ് അദ്ദേഹം ചെയ്ത ഏക തെറ്റെന്ന് സയ്ദ ഹമീദ് അഭിപ്രായപ്പെട്ടു, അമരാവതിയിലെ ശഹീന്‍ബാഗിലെ സ്ത്രീകളെ അദ്ദേഹം അഭിവാദ്യം ചെയ്യുകയും ഗാന്ധിയുടെ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. ജാമിഅയിലെ വിദ്യാര്‍ഥികള്‍ ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടപ്പോള്‍ തെരുവിലിറങ്ങിയ സ്ത്രീകളെ അദ്ദേഹം അഭിവാദ്യം ചെയ്യുകയും 101 ദിവസം പുറത്ത് താമസിക്കുകയും ചെയ്തു. ഈ ധൈര്യത്തെ ഭരണകൂടം ഭയന്നു. അവരെ സംബന്ധിച്ചിടത്തോളം വിദ്യാസമ്പന്നനായ ഒരു മുസ്‌ലിം അവരുടെ കണ്ണിലെ വ്രണമാണെന്നും സയ്ദ ഹമീദ് കൂട്ടിച്ചേര്‍ത്തു.

2020 ഫെബ്രുവരിയില്‍ അമരാവതിയില്‍ നടത്തിയ ഉമര്‍ ഖാലിദിന്റെ പ്രസംഗം വീട്ടില്‍ പ്ലേ ചെയ്യണമെന്ന് മോഡറേറ്റര്‍ ഫറാഹ് നഖ്‌വി അഭ്യര്‍ഥിച്ചു. ഉമറിനെ വേട്ടയാടാന്‍ ബിജെപി ഐടി സെല്‍ വളച്ചൊടിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്ത പ്രസംഗമാണിത്. അടുത്തിടെ നടന്ന ജാമ്യാപേക്ഷയില്‍ ദൃശ്യങ്ങളുടെ ഉറവിടത്തെക്കുറിച്ചും ആധികാരികതയെക്കുറിച്ചും ഡല്‍ഹി പോലിസിനോട് ചോദിച്ചപ്പോള്‍, ഇത് മാധ്യമസ്ഥാപനങ്ങളില്‍നിന്നാണ് വാങ്ങിയതാണെന്നാണ് വിശദീകരിച്ചത്. അതേ മാധ്യമസ്ഥാപനങ്ങളോട് ചോദിച്ചപ്പോള്‍ അവര്‍ അത് അമിത് മാളവ്യയുടെ ട്വീറ്റില്‍നിന്നെടുത്തതാണെന്ന് മറുപടി നല്‍കി. അത് ആധികാരികമല്ലാത്തതും വ്യാജവുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിദ്ധാര്‍ഥ് വരദരാജന്‍ കുറ്റപത്രത്തിന്റെ പരിഹാസ്യതയെക്കുറിച്ചാണ് സംസാരിച്ചത്.

Tags:    

Similar News