മഹാഭൂരിപക്ഷത്തിന്റെ ചെരിപ്പടികളില്‍ നിരങ്ങി അമരാനുള്ളതല്ല ന്യൂനപക്ഷങ്ങള്‍: വി ഡി സതീശന്‍
രാജ്യത്തുനിന്ന് ഒരാളും പുറത്തുപോവേണ്ടിവരില്ലെന്നും അങ്ങനെ ആരെങ്കിലും പോവേണ്ടതുണ്ടെങ്കില്‍ അത് നരേന്ദ്രമോദിയും സംഘപരിവാരവുമാണെന്ന് പൊതുസമ്മേളനത്തില്‍ സംസാരിച്ച അഡ്വ.എം സ്വരാജ് എംഎല്‍എ പറഞ്ഞു.
കൊച്ചി: മഹാഭൂരിപക്ഷത്തിന്റെ ചെരിപ്പടികളില്‍ നിരങ്ങി അമരാനുള്ളതല്ല ന്യൂനപക്ഷങ്ങളെന്നും അവരെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കണമെന്നുംഅഡ്വ.വി ഡി സതീശന്‍ എംഎല്‍എ. മരട് ഭരണഘടനാ സംരക്ഷണസമിതി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്റെ ജന്‍മനാടിനെക്കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു. ഭരണഘടനയെ നെഞ്ചിലേറ്റി എല്ലാവരും ജാതിമത ഭേദമന്യേ ഒന്നിച്ചുവെന്നുള്ളത് സന്തോഷം നല്‍കുന്നുവെന്നും ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച മഹാത്മാക്കള്‍ അവരുടെ ആശയങ്ങള്‍ അടിച്ചേല്‍പിക്കുകയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പ്രസ്ഥാനത്തിന്റെ ഉല്‍പന്നമാണ് ഇന്ത്യന്‍ ഭരണഘടന.
അഭിപ്രായങ്ങള്‍ പറയാനും കച്ചവടങ്ങള്‍ നടത്താനും മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യവും ഇതിനെല്ലാം പുറമെ ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് ഭരണഘടനയില്‍ പറയുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. പൗരത്വ ഭേദഗതി നിയമം മുസ്‌ലിം വിഷയമായി ആരും കാണരുത്. ഇത് എല്ലാ വിഭാഗങ്ങളെയും നമ്മുടെ കുട്ടികളെയും തലമുറകളെയും ബാധിക്കുന്ന വിഷയമാണ്. അതുകൊണ്ട് ജനങ്ങള്‍ക്കെതിരാവുന്ന എല്ലാ നീക്കങ്ങളെയും ചെറുത്തുതോല്‍പിക്കേണ്ടതാണെന്നും ഒരുമതത്തിലുള്ളവരെ മാത്രം ക്രൂശിക്കുമ്പോള്‍ ജനങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടാവുന്ന കാഴ്ചയാണ് നാം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തുനിന്ന് ഒരാളും പുറത്തുപോവേണ്ടിവരില്ലെന്നും അങ്ങനെ ആരെങ്കിലും പോവേണ്ടതുണ്ടെങ്കില്‍ അത് നരേന്ദ്രമോദിയും സംഘപരിവാരവുമാണെന്ന് പൊതുസമ്മേളനത്തില്‍ സംസാരിച്ച അഡ്വ.എം സ്വരാജ് എംഎല്‍എ പറഞ്ഞു. ടിപ്പുവിന്റെ രക്തസാക്ഷിത്വം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ബ്രീട്ടീഷുകാരോട് നേര്‍ക്ക് നേര്‍ പൊരുതിയാണ് ടിപ്പു രക്തസാക്ഷിത്വം വരിച്ചത്. ഇന്ത്യയില്‍ വര്‍ഗീയതയുടെ വിത്തുപാകിയത് ബ്രിട്ടനാണ്. ആ വിത്ത് ഇന്ത്യയില്‍ വളര്‍ത്തിയത് സംഘപരിവാരഫാഷിസവുമാണ്. മുസ്‌ലിംകളെ രാജ്യത്തുനിന്ന് തുടച്ചുനീക്കാനുള്ള പദ്ധതിയുടെ തുടക്കമാണ് പൗരത്വ ഭേദഗതി നിയമം. അതുകൊണ്ടൊന്നും ഇത് തീരില്ല. വരാനിരിക്കുന്നത് ഭയാനകമാണ്. ആര്‍എസ്എസ്സിന്റെ സ്വപ്‌നത്തില്‍ അവര്‍ എതിര്‍ക്കുന്നവരൊന്നുമുണ്ടാവില്ല.
ചരിത്രത്തെ വളച്ചൊടിച്ച് ഹിന്ദു- മുസ്‌ലിം വര്‍ഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് ഫാഷിസ്റ്റുകളെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു. ഭരണഘടനയുടെ ആമുഖം പി പി സന്തോഷ് വായിച്ചു. സാഹിറ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഈ ഭൂമി ആരുടേതാണ് എന്ന പ്രതിരോധഗാനം സാലിമോനും സംഘവും കുമ്പളങ്ങിയും അവതരിപ്പിച്ചു. നെട്ടൂര്‍ മഹല്ല് മുസ്‌ലിം ജമാഅത്ത് ഖത്തീബ് ഹസന്‍ അഷ്‌റഫി, മുഹമ്മദ് കുട്ടി മാസ്റ്റര്‍, എ ആര്‍ പ്രസാദ്, അബ്ദു മനയത്ത്, വൈസ് ചെയര്‍മാന്‍ ബോബന്‍ നെടുംപറമ്പില്‍, ജബ്ബാര്‍ പാപ്പന, നെജീബ്, അഡ്വ.ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.