സുള്ള്യ: മസൂദിനെ ബജ്‌റംഗ്ദള്‍ കൊലപ്പെടുത്തിയത് ഒത്തുതീര്‍പ്പിന് വിളിച്ചുവരുത്തി ചതിയില്‍പ്പെടുത്തി
സുഹൃത്ത് ഷാനിഫ് വഴി ഒത്തുതീര്‍പ്പിന് വിളിച്ചുവരുത്തിയ ശേഷം മറഞ്ഞിരുന്ന ബജ്‌റംഗ്ദളുകാര്‍ മസൂദിന് നേരേ മാരകായുധങ്ങളുമായി ചാടിവീഴുകയായിരുന്നു. നിസാരതര്‍ക്കത്തിന്റെ പേരില്‍ മുസ്‌ലിം യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി പ്രദേശത്ത് വര്‍ഗീയ കലാപമുണ്ടാക്കുകയായിരുന്നു ബജ്‌റംഗ്ദള്‍ ലക്ഷ്യമിട്ടത്.
പി സി അബ്ദുല്ല
മംഗളൂരു: കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മുഹമ്മദ് മസൂദിനെ (19) നിസാര തര്‍ക്കത്തിന്റെ പേരില്‍ സുള്ള്യയില്‍ കൊലപ്പെടുത്തുക വഴി ബജ്‌റംഗ്ദള്‍ ലക്ഷ്യമിട്ടത് വര്‍ഗീയ കലാപം. ചൊവ്വാഴ്ച വൈകീട്ടുണ്ടായ ചെറിയ പ്രശ്‌നം പറഞ്ഞുതീര്‍ക്കാനെന്ന് ധരിപ്പിച്ച് സുഹൃത്ത് ഷാനിഫ് വഴി വിളിച്ചുവരുത്തിയ ശേഷം മറഞ്ഞിരുന്ന ബജ്‌റംഗ്ദളുകാര്‍ മസൂദിന് നേരേ മാരകായുധങ്ങളുമായി ചാടിവീഴുകയായിരുന്നു. സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. സുള്ള്യ താലൂക്കിലെ കളഞ്ചയില്‍ വച്ചാണ് മസൂദിന് നേരേ ആക്രമണമുണ്ടായത്. കളഞ്ചയില്‍ വല്യുമ്മയുടെ വീട്ടിലാണ് മസൂദ് താമസിച്ചിരുന്നത്.
സെന്ററിങ് തൊഴിലാളിയായിരുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെ അഭിലാഷ് എന്ന ബജ്‌റംഗ്ദളുകാരനും മസൂദും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പരസ്പരം ഉന്തും തള്ളും നടന്നു. നാട്ടുകാര്‍ ഇടപെട്ട് ശാന്തമാക്കിയതിനെ തുടര്‍ന്ന് ഇരുവരും പിരിഞ്ഞുപോയി. രാത്രി 11 ഓടെ അഭിലാഷ് മസൂദിന്റെ അടുത്ത സുഹൃത്ത് ഷാനിഫിനെ ഫോണില്‍ വിളിച്ചു.
പ്രശ്‌നം പറഞ്ഞുതീര്‍ക്കണമെന്നും മസൂദിനെയും കൂട്ടി വരണമെന്നും ആവശ്യപ്പെട്ടു. പ്രശ്‌നം പറഞ്ഞുതീരട്ടെ എന്നുകരുതി അരമണിക്കൂറിനുള്ളില്‍ ഷാനിഫ് ബൈക്കില്‍ മസൂദിനെയും കൂട്ടി കളഞ്ചയിലെത്തി. ഇവരെത്തുമ്പോള്‍ രണ്ടുപേര്‍ മാത്രമായിയുന്നു പ്രത്യക്ഷത്തിലുണ്ടായിരുന്നത്. ബൈക്കില്‍ നിന്ന് ഷാനിഫും മസൂദും ഇറങ്ങിയതോടെ ഇരുളില്‍ മറഞ്ഞിയുന്ന ആറുപേര്‍ മാരകായുധങ്ങളുമായെത്തി മസൂദിനെ ആക്രമിച്ചു.
തലയ്ക്കടിയേറ്റ മസൂദ് രക്തം വാര്‍ന്നുകൊണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. മസൂദ് ഓടിയതോടെ എട്ടംഗ അക്രമിസംഘം പിരിഞ്ഞുപോയി. സംഭവസ്ഥലത്തുനിന്നും കാണാതായ മസൂദിനെ ഒരുമണിക്കൂര്‍ കഴിഞ്ഞാണ് അബോധാവസ്ഥയില്‍ അല്‍പം അകലെ കാണപ്പെട്ടത്. മംഗളൂരുവിലെ ഫസ്റ്റ് ന്യൂറോ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവെയാണ് മസൂദ് മരണപ്പെട്ടത്. മംഗളൂരു ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മസൂദിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ബല്ലാര ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ അടക്കം ചെയ്തു.