യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം: പ്രവീണിന്റെ സുഹൃത്ത് കസ്റ്റഡിയില്‍; ബിജെപിയിലും യുവമോര്‍ച്ചയിലും കൂട്ടരാജി (വീഡിയോ)

Update: 2022-07-28 05:36 GMT
യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം: പ്രവീണിന്റെ സുഹൃത്ത് കസ്റ്റഡിയില്‍; ബിജെപിയിലും യുവമോര്‍ച്ചയിലും കൂട്ടരാജി (വീഡിയോ)

മംഗളുരു: സുള്ള്യയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലിസ് കസ്റ്റഡയിലെടുത്തു. കൊല്ലപ്പെട്ട പ്രവീണിന്റെ സുഹൃത്താണ് കസ്റ്റഡിയിലുള്ളത്. അതേസമയം പ്രവീണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയില്‍ ബിജെപിയിലും യുവമോര്‍ച്ചയിലും കൂട്ടരാജി.

ചിത്രദുര്‍ഗ്ഗ് ജില്ലാ വൈസ് പ്രസിഡന്റ് ആര്‍ ബാലയ്യ, സെക്രട്ടറി ജ്യോതി, യുവ മോര്‍ച്ച സെക്രട്ടറി രാജേഷ് എന്നിവര്‍ രാജി കത്ത് നല്‍കി.

കഴിഞ്ഞ ദിവസം പ്രവീണിന്റെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. സംസ്‌കാര ചടങ്ങില്‍ പാര്‍ട്ടി നേതാക്കളുടെ ഒരു നാടകവും അനുവദിക്കില്ലെന്ന് പറഞ്ഞാണ് പ്രവര്‍ത്തകരും പ്രവീണിന്റെ ബന്ധുക്കളും സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പടെയുള്ളവരെ തടഞ്ഞത്. പ്രവീണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധമാണ് ഉണ്ടായത്.

അതേസമയം സ്ഥിതിഗതികള്‍ വിലയിരുത്താണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉന്നതതലയോഗം വിളിച്ചു. സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തത്. ചീഫ് സെക്രട്ടറിയും സംസ്ഥാന പോലിസ് മേധാവിയും ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷ പരിപാടികള്‍ റദ്ദാക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ ഭീകരവിരുദ്ധ സ്‌ക്വാഡിന് രൂപം നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൊല്ലപ്പെട്ട പ്രവീണ്‍ നട്ടാരുവിന്റെ നാട്ടുകാരായ ഏഴു പേരെയാണ് പോലിസ് പിടികൂടിയത്. എന്നാല്‍ പ്രവീണ്‍ കൊലക്കേസുമായി എസ്.ഡി.പി.ഐയ്ക്ക് ബന്ധമില്ലെന്നും നിരപരാധികളെ പോലിസ് കസ്റ്റഡിയില്‍ പീഡിപ്പിക്കുകയാണെന്നും നേതൃത്വം ആരോപിച്ചു.

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നട്ടാരുവിന്റെ കൊലപാതകത്തില്‍ ബിജെപി നേതൃത്വത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് പ്രതിഷേധം ശക്തമാകുന്നത്. ഇതേത്തുടര്‍ന്ന് ബെല്ലാരിയിലെ പുത്തൂര്‍ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് കനത്ത പോലിസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

ചൊവ്വാഴ്ച രാത്രിയാണ് ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരയില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നത്. പ്രവീണ്‍ നട്ടാരു (32) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രവീണിന്റെ ഉടമസ്ഥതയിലുള്ള കോഴി ഇറച്ചിക്കടയ്ക്ക് മുന്നില്‍വച്ചായിരുന്നു കൊലപാതകം.

Tags:    

Similar News