കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവിന്റെ ഭാര്യക്ക് കര്‍ണാടകാ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ജോലി; സംഘപരിവാര്‍ കൊലപ്പെടുത്തിയ മുസ് ലിം യുവാക്കളുടെ കുടുംബങ്ങള്‍ക്ക് അവഗണന
മംഗളൂരു: കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവിന്റെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും ഉള്‍പ്പടെ കര്‍ണാടക സര്‍ക്കാര്‍ നല്‍കുമ്പോള്‍ അതേ പ്രദേശത്ത് സംഘപരിവാറിന്റെ കൊലക്കത്തിക്ക് ഇരയായ രണ്ട് മുസ് ലിം യുവാക്കളുടെ ആശ്രിതരോടുള്ള അവഗണന തുടരുന്നു. കൊല്ലപ്പെട്ട യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ല സമിതി അംഗം പ്രവീണ്‍ നെട്ടറുവിന്റെ (32) വിധവ നൂതന്‍ കുമാരിക്ക് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഓഫിസില്‍ ജോലി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. 30,350 രൂപ ശമ്പളത്തില്‍ ക്ലര്‍ക്ക് തസ്തികയില്‍ കരാര്‍ വ്യവസ്ഥയിലാണ് ഇവരെ നിയമിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കാര്യാലയത്തില്‍ 115 സി. ഗ്രൂപ്പ് ജീവനക്കാരില്‍ ഒരാളായാണ് നൂതന്‍ കുമാരി ജോലിചെയ്യുക. 1977ലെ കര്‍ണാടക സിവില്‍ സര്‍വീസ് ചട്ടപ്രകാരം നേരിട്ട് നിയമനം നടത്താവുന്ന തസ്തികയാണിത്. ഇതിന് മുകളിലെ പദവികളില്‍ നേരിട്ട് നിയമനം സാധ്യമാവില്ല. മുഖ്യമന്ത്രിയുടെ കാര്യാലയത്തില്‍ 115 സി ഗ്രൂപ്പ് ജീവനക്കാരനായിരുന്ന സോമലിംഗപ്പ എന്നയാളെ ഒഴിവാക്കിയാണ് ഇവര്‍ക്ക് നിയമനം നല്‍കിയത്. ഇന്നലെ പുറത്തിറങ്ങിയ നിയമന ഉത്തരവിന് ഈ മാസം 22 മുതല്‍ പ്രാബല്യമുണ്ട്. നിലവിലെ മുഖ്യമന്ത്രി തുടരുന്നത് വരെയോ മറ്റൊരു ഉത്തരവ് വരെയോയാണ് നിയമന കാലാവധി. തസ്തികക്ക് ആവശ്യമായ അടിസ്ഥാന യോഗ്യതകള്‍ ഉണ്ടെന്ന് ഉത്തരവില്‍ പറയുന്നു.
പ്രവീണ്‍ നെട്ടാരുവിന്റെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.സി എന്‍ അശ്വത് നാരായണ്‍ 10 ലക്ഷം രൂപ വ്യക്തിഗത സഹായവും പ്രഖ്യാപിച്ചു. അതേസമയം, ഇതേ സ്ഥലത്ത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശിയായ മുസ് ലിം യുവാവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായമില്ല. കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മുഹമ്മദ് മസൂദ് (19) ആണ് സുള്ള്യയില്‍ ബജ്‌റംഗ്ദള്‍ സംഘത്തിന്റെ ആക്രമണത്തില്‍ ആദ്യം കൊല്ലപ്പെട്ടത്. എന്നാല്‍, മസൂദിന്റെ വീട് സന്ദര്‍ശിക്കാനോ സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കാനോ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തയ്യാറായില്ല.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബെല്ലാരെയിലെത്തി യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുടെ കുടുംബത്തെ സന്ദര്‍ശിച്ചു. കുറ്റക്കാരെ ഉടന്‍ പിടികൂടുമെന്ന് മുഖ്യമന്ത്രി പ്രവീണിന്റെ കുടുംബത്തിന് ഉറപ്പ് നല്‍കി. ശേഷം 25 ലക്ഷം രൂപ കുടുംബത്തിന് കൈമാറി. ഇതോടൊപ്പം പ്രവീണിന്റെ വസതിയുടെ പരിസരത്ത് സുരക്ഷ ശക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി.രവി, ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര, ജില്ലാ ചുമതലയുള്ള മന്ത്രി സുനില്‍കുമാര്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
പ്രവീണ്‍ കുമാര്‍ നെട്ടാറുവിന്റെ കുടുംബത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.സി.എന്‍. അശ്വത് നാരായണ്‍ 10 ലക്ഷം രൂപ വ്യക്തിഗത സഹായം പ്രഖ്യാപിച്ചു. ഇത് തന്റെ വ്യക്തിപരമായി ചെയ്യുന്ന കാര്യമാണെന്ന് അദ്ദേഹം ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ വ്യക്തിപരമായ മാനുഷിക സഹായമെന്ന നിലയില്‍ 10 ലക്ഷം രൂപയുടെ ചെക്ക് മരണമടഞ്ഞ കുടുംബത്തിലേക്ക് എത്തുമെന്ന് ഉറപ്പാക്കുമെന്ന് ഡോ. നാരായണ്‍ പറഞ്ഞു.
19 കാരനായ മുസ് ലിം യുവാവിനെ അകാരണമായി കൊലപ്പെടുത്തിക്കൊണ്ട് സംഘപരിവാരമാണ് കര്‍ണാടകയില്‍ കൊലപാതകത്തിന് തുടക്കം കുറിച്ചത്. നിസാര പ്രശ്‌നത്തിന്റെ പേരിലാണ് ബജ്‌റംഗ്ദള്‍ സംഘം കാസര്‍ഗോഡ് സ്വദേശിയായ മസൂദിനെ കൊലപ്പെടുത്തിയത്. നിസാര കാര്യത്തിന്റെ പേരില്‍ പരിചയക്കാര്‍ തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ച ബജ്‌റംഗ്ദള്‍ സംഘം മസൂദിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍, ഈ സംഭവം വാര്‍ത്തയാക്കാന്‍ മാധ്യമങ്ങളോ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ പോലിസോ തയ്യാറായിരുന്നില്ല. തൊട്ടടുത്ത ദിവസം പ്രദേശത്ത് യുവമോര്‍ച്ചാ നേതാവ് കൊല്ലപ്പെട്ടതോടെയാണ് സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടത്. മാധ്യമങ്ങളും വലിയ തോതില്‍ വാര്‍ത്തയാക്കി. സംഘപരിവാര്‍ നേതാവിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയ കര്‍ണാടക സര്‍ക്കാര്‍ എന്ത് കൊണ്ടാണ് ആദ്യം കൊല്ലപ്പെട്ട മുസ് ലിം യുവാവിന് സഹായം നല്‍കാത്തതെന്ന ചോദ്യമുയരുന്നുണ്ട്.
രണ്ട് കൊലപാതകങ്ങള്‍ അരങ്ങേറി ദക്ഷിണ കന്നടയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഒരു മുസ് ലിം യുവാവിനെ കൂടി സംഘപരിവാരം കൊലപ്പെടുത്തി. ദക്ഷിണ കന്നഡയിലെ സൂറത്കലിലാണ് മുസ് ലിം യുവാവിനെ ആര്‍എസ് എസ് സംഘം വെട്ടിക്കൊന്നത്. കാട്ടിപ്പള്ള മംഗല്‍പേട്ട സ്വദേശി ഫാസില്‍ ആണ് കൊല്ലപ്പെട്ടത്. കടയ്ക്കു മുന്നില്‍ വച്ചാണ് വെട്ടിക്കൊന്നത്. മുഖംമൂടി ധരിച്ചെത്തിയ സംഘം ഫാസിലിനെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു.
ജൂലൈ 26നാണ് പ്രവീണിനെ തന്റെ പുത്തൂര്‍ നെട്ടറുവിലെ കോഴിക്കട അടച്ച് പോവാന്‍ നേരം ബൈക്കുകളില്‍ എത്തിയ സംഘം കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എം.പിയുള്‍പ്പെടെ നേതാക്കളേയും മന്ത്രിമാരെയും എംഎല്‍എമാരെയും അടക്കം ജനപ്രതിനിധികളെ തെരുവുകളില്‍ തടഞ്ഞിരുന്നു. സംസ്ഥാനത്തെ ചില യുവമോര്‍ച്ചാ നേതാക്കളും പ്രവര്‍ത്തകരും രാജിവെക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ജൂലൈ 28ന് നടത്താന്‍ നിശ്ചയിച്ച ബസവരാജ് ബൊമ്മൈ മന്ത്രിസഭയുടെ ഒന്നാം വാര്‍ഷിക പരിപാടികള്‍ പോലും മാറ്റിവെക്കേണ്ടി വന്നിരുന്നു.
പ്രവീണിന്റെ വിധവക്ക് ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ദൊഡ്ഢബല്ലപ്പൂരില്‍ ബി.ജെ.പിയുടെ ജനസ്പന്ദന റാലിയില്‍ പ്രഖ്യാപനം നടത്തിയത് ഈ മാസം ആദ്യമാണ്. പ്രവീണ്‍ വധത്തെത്തുടര്‍ന്ന് വീട്ടില്‍ എത്തിയ മുഖ്യമന്ത്രി 25 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം കൈമാറിയിരുന്നു. എന്നാല്‍ ദക്ഷിണ കന്നഡ ജില്ലയില്‍ ഇതേ കാലത്ത് കൊല്ലപ്പെട്ട മറ്റു രണ്ട് യുവാക്കളുടെ കുടുംബത്തോട് മുഖ്യമന്ത്രിയും സര്‍ക്കാറും നീതിപുലര്‍ത്തിയില്ലന്ന് ആക്ഷേപമുണ്ട്. പ്രവീണ്‍ കൊല്ലപ്പെട്ട ബെല്ലാരെ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ബന്ധുവീട്ടില്‍ താമസിച്ച് ജോലി ചെയ്ത് ജീവിക്കുകയായിരുന്ന കാസര്‍കോട് സ്വദേശി മസൂദ് (19) ജൂലൈ 21ന് കൊല്ലപ്പെട്ടിരുന്നു. സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് ഈ കേസില്‍ പ്രതികള്‍. പ്രവീണ്‍ വധിക്കപ്പെട്ട് 48 മണിക്കൂറിനകം മുഖ്യമന്ത്രി ജില്ലയില്‍ തങ്ങിയ സൂറത്ത്കല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മുഹമ്മദ് ഫാസില്‍ (23) കൊല്ലപ്പെട്ടു. ഈ കേസിലും സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് പ്രതികള്‍. ഈ രണ്ട് കുടുംബങ്ങളെയും മുഖ്യമന്ത്രി കാണുകയോ സഹായം നല്‍കുകയോ ചെയ്തിരുന്നില്ല. തുടര്‍ന്ന് വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് കുടുംബങ്ങളെ സന്ദര്‍ശിക്കുമെന്ന വാഗ്ദാനം നല്‍കിയിരുന്നെങ്കിലും പാലിച്ചിട്ടില്ല.