ദക്ഷിണ കന്നഡയിലെ മലയാളി യുവാവിന്റെ കൊല: പ്രതികളായ ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Update: 2023-11-03 17:26 GMT

മംഗളൂരു: ബിജെപി ഭരണകാലത്ത് ദക്ഷിണ കന്നട ജില്ലയില്‍ കൊലപാതക പരമ്പരയിലേക്ക് നയിച്ച മലയാളി യുവാവിന്റെ കൊലപാതകത്തില്‍ പ്രതികളായ ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ ആസാദ് നഗര്‍ സ്വദേശി മസൂദ്(19) വധക്കേസിലെ പ്രതികള്‍ക്കാണ് കര്‍ണാടക ഹൈകോടതി ജാമ്യം അനുവദിച്ചത്. സുള്ള്യ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ബെല്ലാരിയില്‍ ബന്ധുവീട്ടില്‍ താമസിച്ച് ജോലി ചെയ്തുവരുന്നതിനിടെയാണ് മസൂദിനെ ഒരു സംഘം കൊലപ്പെടുത്തിയത്. 2022 ജൂലൈ 19നാണ് ആസൂത്രിത കൊലപാതകം അരങ്ങേറിയത്. എട്ട് ബജ്‌റങ്ഗ്ദള്‍ പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. ഇതില്‍ മുഖ്യപ്രതികളായ അഭിലാഷ്, സുനില്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയില്‍ വ്യാഴാഴ്ച വാദം കേട്ടാണ് ജസ്റ്റിസ് വിശ്വജിത് എസ് ഷെട്ടിയുടെ സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്.

   


നിസാര തര്‍ക്കത്തിന്റെ പേരിലാണ് കൊലപാതകമുണ്ടായത്. ചെറിയ പ്രശ്‌നം പറഞ്ഞുതീര്‍ക്കാനെന്ന് ധരിപ്പിച്ച് സുഹൃത്ത് ഷാനിഫ് വഴി വിളിച്ചുവരുത്തിയ ശേഷം മറഞ്ഞിരുന്ന ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ മസൂദിന് നേരേ മാരകായുധങ്ങളുമായി ചാടിവീഴുകയായിരുന്നു. കളഞ്ചയില്‍ വല്യുമ്മയുടെ വീട്ടിലാണ് മസൂദ് താമസിച്ചിരുന്നത്. സെന്ററിങ് തൊഴിലാളിയായിരുന്നു. ഒരുദിവസം രാത്രി ഒമ്പതോടെ അഭിലാഷ് എന്ന ബജ്‌റങ്ദളുകാരനും മസൂദും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പരസ്പരം ഉന്തും തള്ളും നടന്നു. നാട്ടുകാര്‍ ഇടപെട്ട് ശാന്തമാക്കിയതിനെ തുടര്‍ന്ന് ഇരുവരും പിരിഞ്ഞുപോയി. രാത്രി 11 ഓടെ അഭിലാഷ് മസൂദിന്റെ അടുത്ത സുഹൃത്ത് ഷാനിഫിനെ ഫോണില്‍ വിളിച്ചു. പ്രശ്‌നം പറഞ്ഞുതീര്‍ക്കണമെന്നും മസൂദിനെയും കൂട്ടി വരണമെന്നും ആവശ്യപ്പെട്ടു. പ്രശ്‌നം പറഞ്ഞുതീരട്ടെ എന്നുകരുതി അരമണിക്കൂറിനുള്ളില്‍ ഷാനിഫ് ബൈക്കില്‍ മസൂദിനെയും കൂട്ടി കളഞ്ചയിലെത്തി. ഇവരെത്തുമ്പോള്‍ രണ്ടുപേര്‍ മാത്രമായിയുന്നു അവിടെയുണ്ടായിരുന്നത്. ബൈക്കില്‍ നിന്ന് ഷാനിഫും മസൂദും ഇറങ്ങിയതോടെ ഇരുളില്‍ മറഞ്ഞിരുന്ന ബജ്‌റങ്ദള്‍ സംഘം മാരകായുധങ്ങളുമായെത്തി മസൂദിനെ ആക്രമിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച് സംഭവസ്ഥലത്തുനിന്നു കാണാതായ മസൂദിനെ ഒരുമണിക്കൂര്‍ കഴിഞ്ഞാണ് അബോധാവസ്ഥയില്‍ അല്‍പം അകലെ കണ്ടെത്തിയത്. മംഗളൂരുവിലെ ഫസ്റ്റ് ന്യൂറോ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവെയാണ് മസൂദ് മരണപ്പെട്ടത്. ഇതിനു പിന്നാലെയാണ് ജൂലൈ 26ന് യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു ബെല്ലാരിയിലും ജൂലൈ 28ന് മംഗളൂരു കാട്ടിപ്പള്ളയിലെ മുഹമ്മദ് ഫാസില്‍ ഡിസംബര്‍ 24ന് അബ്ദുല്‍ ജലലീലും കൊല്ലപ്പെട്ടത്. ഏറെ കോളിളക്കമുണ്ടാക്കിയ കൊലപാതകക്കേസുകളില്‍ അന്നത്തെ ബൊമ്മൈ സര്‍ക്കാരിന്റെ പക്ഷപാതിത്വം ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

Tags:    

Similar News