ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവം: അറസ്റ്റിലായവരുടെ എബിവിപി ബന്ധം പോലിസ് അന്വേഷിക്കുന്നു

അറസ്റ്റിലായ പ്രതികള്‍ എബിവിപിയുടെ സജീവപ്രവര്‍ത്തകരാണെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് പോലിസ് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. പ്രതികളുടെ രാഷ്ട്രീയബന്ധത്തെക്കുറിച്ച് പോലിസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് ദക്ഷിണ കന്നഡയിലെ പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Update: 2019-07-04 12:52 GMT

ബംഗളൂരു: ദലിത് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളായ കോളജ് വിദ്യാര്‍ഥികളുടെ ബന്ധം പോലിസ് അന്വേഷിക്കുന്നു. അറസ്റ്റിലായ പ്രതികള്‍ എബിവിപിയുടെ സജീവപ്രവര്‍ത്തകരാണെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് പോലിസ് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. പ്രതികളുടെ രാഷ്ട്രീയബന്ധത്തെക്കുറിച്ച് പോലിസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് ദക്ഷിണ കന്നഡയിലെ പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിര്‍ബന്ധമായും ഇക്കാര്യം പോലിസ് പരിശോധിക്കും.

നിലവില്‍ പ്രതികള്‍ക്ക് രാഷ്ട്രീയബന്ധമുണ്ടെന്നതിനെക്കുറിച്ച് കണ്ടെത്താനായിട്ടില്ലെന്ന് ദക്ഷിണ കന്നഡ എസ്പി ബി എം ലക്ഷ്മി പ്രസാദ് വ്യക്തമാക്കി. മംഗലാപുരത്തിനടുത്ത് പുത്തൂരില്‍ ആര്‍എസ്എസ് നേതാവ് നടത്തുന്ന സ്വകാര്യകോളജിലെ 19കാരിയായ വിദ്യാര്‍ഥിനിയാണ് കൂട്ടബലാല്‍സംഗത്തിനിരയായത്. പിടിയിലായ അഞ്ച് വിദ്യാര്‍ഥികള്‍ക്കും എബിവിപിയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകള്‍ രംഗത്തുവരികയും സോഷ്യല്‍ മീഡിയയില്‍ വ്യാപകപ്രചാരണം നടക്കുകയും ചെയ്തിരുന്നു. പ്രതികളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ സംഘപരിവാറുമായുള്ള ബന്ധം വ്യക്തമാവുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് മുനീര്‍ കാട്ടിപ്പല്ല പറഞ്ഞു. സംഘപരിവാറുമായി ബന്ധമുള്ള ചിത്രങ്ങള്‍ പ്രതികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്.

സംഭവത്തിലെ രാഷ്ട്രീയബന്ധം ഗൗരവമായി അന്വേഷിക്കണം. ദക്ഷിണ കന്നഡയില്‍ പെണ്‍കുട്ടിക്കെതിരേ നടന്ന അതിക്രമത്തില്‍ ബിജെപി സംസ്ഥാന നേതൃത്വവും നേതാക്കളായ നളിന്‍കുമാര്‍ കാട്ടീലും ശോഭാ കരന്ദ്‌ലാജെയും ഉചിതമായ ഇടപെടലുകള്‍ നടത്തണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. എന്നാല്‍, ആരോപണം നിഷേധിച്ച് എബിവിപി നേതൃത്വം രംഗത്തെത്തി. അറസ്റ്റിലായ പ്രതികള്‍ക്ക് എബിവിപിയുമായി യാതൊരു ബന്ധവുമില്ലെന്ന് പുത്തൂര്‍ സെക്രട്ടറി കെ പി ശിവപ്രസാദ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എബിവിപിക്കെതിരേ ആരോപണമുന്നയിക്കുന്നത്. ഇത്തരത്തില്‍ പ്രചാരണം നടത്തുന്നവരുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ പോലിസ് ബ്ലോക്ക് ചെയ്യണമെന്നും എബിവിപി ആവശ്യപ്പെട്ടു.

പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ ബാരിമാര്‍ ബന്ദ്‌വാല്‍ സ്വദേശി പ്രഖ്യാത് ഷെട്ടി (19), ആര്യാപ്പ് പുത്തൂര്‍ സ്വദേശി സുനില്‍ ഗോവ്ഡ (19), പേര്‍ണെ ബന്ദ്‌വാല്‍ സ്വദേശി കിഷന്‍ (19), പേര്‍ണെ വില്ലേജിലെ പ്രജ്വാള്‍ നായ്ക് (19), പുത്തൂര്‍ ബജാത്തൂര്‍ സ്വദേശി ഗുരുനന്ദന്‍ (19) എന്നിവരെയാണ് ബുധനാഴ്ച പോലിസ് അറസ്റ്റുചെയ്തത്. മൂന്നുമാസം മുമ്പാണ് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയാവുന്നത്. മയക്കുമരുന്ന് നല്‍കി നാലുപ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും മറ്റൊരു പ്രതി വീഡിയോ പകര്‍ത്തുകയുമായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതിനാല്‍ പെണ്‍കുട്ടി വിവരം പുറത്തുപറഞ്ഞില്ല. എന്നാല്‍, സോഷ്യല്‍ മീഡിയകളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ട പോലിസ് സ്വമേധയാ കേസെടുക്കുകയും പെണ്‍കുട്ടിയില്‍നിന്ന് രേഖാമൂലം പരാതി വാങ്ങി പെണ്‍കുട്ടി ഉള്‍പ്പടെയുള്ള പ്രതികളെ അറസ്റ്റുചെയ്യുകയുമായിരുന്നു. 

Tags:    

Similar News