പി സി അബ്ദുല്ല
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് നടപടി നേരിടുന്ന കെഎം ഷാജിയെ പിന്തുണക്കുന്നതിനെ ചൊല്ലി മുസ്‌ലിം ലീഗില്‍ ഭിന്നത. ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് കണ്ടെടുത്ത അരക്കോടിയോളം രൂപ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാക്കി ചിത്രീകരിക്കാനുള്ള ശ്രമത്തിനെതിരെയാണ് ലീഗ് നേതൃത്വത്തിലെ ഒരു വിഭാഗം രംഗത്തുവന്നത്.
ലീഗ് സ്ഥാനാര്‍ഥികള്‍ മല്‍സരിച്ച 13 ഓളം മണ്ഡലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണം ലഭിച്ചില്ലെന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഷാജിക്കെതിരെ ചില നേതാക്കളുടെ പടയൊരുക്കം. മലപ്പുറത്തിനു പുറത്ത് ജനവിധി തേടിയ ലീഗ് സ്ഥാനാര്‍ഥികളുടെ പ്രചാരണ ചെലവിലേക്ക് കരുതിയ പണമാണ് ഷാജിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതെന്ന വാദമുയര്‍ത്തി പണത്തിന് രേഖയുണ്ടാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ ഷാജി സൂക്ഷിച്ച പണമാണ് വിജിലന്‍സ് പിടികൂടിയതെന്ന പ്രതിരോധത്തിലൂന്നിയുള്ള നീക്കങ്ങളെയാണ് ചില നേതാക്കള്‍ എതിര്‍ക്കുന്നത്.
എതിര്‍പ്പുമായി രംഗത്തുള്ള നേതാക്കളില്‍ പാണക്കാട് കുടുംബത്തിലെ പ്രമുഖ നേതാവും ഉണ്ടെന്നാണ് സൂചന. ഷാജിയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ പാര്‍ട്ടി സംവിധാനങ്ങളെ ഉപയോഗിക്കുന്നത് ലീഗിനെ മൊത്തത്തില്‍ അഴിമതിവത്കരിക്കുന്നതിന് തുല്യമാണെന്നാണ് പ്രമുഖ ലീഗ് നേതാവ് തേജസ് ന്യൂസിനോടു പറഞ്ഞത്. ഇപ്പോള്‍ ഷാജിക്ക് വ്യക്തിപരമായി നേരിട്ട കളങ്കം ഭാവിയില്‍ പാര്‍ട്ടി ഒന്നാകെ നേരിടേണ്ടി വരുന്ന സാഹചര്യമുണ്ടാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മഞ്ചേശ്രരം, കൂത്തുപറമ്പ്, തിരുവമ്പാടി, മണ്ണാര്‍ക്കാട്, താനൂര്‍, ഗുരുവായൂര്‍, പുനലൂര്‍, കളമശ്ശേരി അടക്കം ലീഗ് സ്ഥാനാര്‍ഥികള്‍ മല്‍സരിച്ച മണ്ഡലങ്ങളില്‍ ആവശ്യത്തിന് പണമില്ലാതിരുന്ന ഘട്ടത്തിലാണ് കെ എം ഷാജി പാര്‍ട്ടി പണമെന്ന നിലയില്‍ അരക്കോടി വീട്ടില്‍ സൂക്ഷിച്ചതെന്ന ചര്‍ച്ചയും ലീഗ് വൃത്തങ്ങളില്‍ ഉയരുന്നുണ്ട്.
അതിനിടെ, അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം ഷാജിയെ അറസ്റ്റ് ചെയ്യാന്‍ വിജിലന്‍സ് നീക്കമുണ്ടായാല്‍ പ്രതിരോധമുയര്‍ത്തുന്ന കാര്യം ലീഗിനെ പിന്തുണക്കുന്ന സമുദായ സംഘടനകള്‍ തള്ളി എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ലീഗിനെ അനുകൂലിക്കുന്ന ഇ കെ സുന്നി, ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ് വിഭാഗങ്ങളുമായാണ് ആശയ വിനിമയത്തിന് ശ്രമിച്ചത്. ഷാജിക്കെതിരായ വിജിലന്‍സ് നീക്കങ്ങളെ സമുദായത്തിനെതിരായ നീക്കമായി കാണിച്ച് പ്രതിരോധം ഉയര്‍ത്താന്‍ കൂടെ നില്‍ക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പ്രസ്തുത സംഘടനകള്‍ ഈ നീക്കം തള്ളിക്കളഞ്ഞതായാണ് വാര്‍ത്ത.