ബാബരി വിധി: പുനപ്പരിശോധനാ ഹരജികള്‍ സുപ്രിംകോടതി തള്ളി

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് 18 പുനപ്പരിശോധനാ ഹരജികളും തള്ളിയത്. തുറന്ന കോടതിയില്‍ പോലും വാദം കേള്‍ക്കാതെയാണ് ഹരജികള്‍ തള്ളിയത്.

Update: 2019-12-12 11:35 GMT

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമിതര്‍ക്ക കേസില്‍ അഞ്ചംഗ സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയ്‌ക്കെതിരേ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹരജികള്‍ തള്ളി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് 18 പുനപ്പരിശോധനാ ഹരജികളും തള്ളിയത്. തുറന്ന കോടതിയില്‍ പോലും വാദം കേള്‍ക്കാതെയാണ് ഹരജികള്‍ തള്ളിയത്. ഹരജിയില്‍ പുതിയ നിയമവശങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്നും ഹരജിയില്‍ കഴമ്പില്ലെന്നും ഹരജി തള്ളിക്കൊണ്ട് സുപ്രിംകോടതി വ്യക്തമാക്കി. സുപ്രിംകോടതി വിധിക്കെതിരേ 18 പുനപ്പരിശോധനാ ഹരജികളാണ് നല്‍കിയിരുന്നത്.

ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ബോര്‍ഡ് മുന്‍കൈയെടുത്ത് അഞ്ച് പുനപ്പരിശോധന ഹരജികള്‍ സമര്‍പ്പിച്ചിരുന്നു. ഭരണഘടനാ ബെഞ്ച് വിധിക്കെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഉത്തരമേഖലാ സെക്രട്ടറി അനീസ് അന്‍സാരി പുനപ്പരിശോധനാ ഹരജി ഫയല്‍ ചെയ്തിരുന്നു. കൂടാതെ മുസ്‌ലിം പക്ഷത്തുനിന്ന് ഉത്തര്‍പ്രദേശിലെ പീസ് പാര്‍ട്ടിയും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദും രാജ്യത്തെ 40 അക്കാദമിക വിദഗ്ധരും വിധിക്കെതിരേ പുനപ്പരിശോധനാ ഹരജി നല്‍കിയിരുന്നു. പരമോന്നത കോടതിയില്‍നിന്ന് ചരിത്രപരമായ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലുള്ള നീതി ലഭ്യമാവണമെന്നാണ് ഹരജികളിലെ ആവശ്യം. മതേതരമൂല്യങ്ങള്‍ക്കെതിരാണ് വിധിയെന്നും ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെന്നും ഹരജിയില്‍ ആക്ഷേപമുണ്ട്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിച്ച ഒഴിവിലേക്ക് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ഉള്‍പ്പെടുത്തി ഭരണഘടന ബെഞ്ച് പുനസ്സംഘടിപ്പിച്ചിരുന്നു. നവംബര്‍ ഒമ്പതിനാണ് സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ച് ബാബരി കേസില്‍ വിധി പറഞ്ഞത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ഭൂമി ഹിന്ദുക്ഷേത്രം നിര്‍മിക്കാന്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് വിട്ടുനല്‍കണമെന്നായിരുന്നു സുപ്രിംകോടതിയുടെ നിര്‍ണായക വിധി. 1992ല്‍ തകര്‍ക്കപ്പെട്ട പള്ളി നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമിക്ക് പകരമായി പള്ളി നിര്‍മിക്കാന്‍ മുസ്‌ലിംകള്‍ക്ക് അഞ്ചേക്കര്‍ സ്ഥലം നല്‍കണം. ബാബരി ഭൂമി കൈമാറുന്നതുവരെ ഉടമാവകാശം കേന്ദ്രസര്‍ക്കാരിനാണെന്നും സുപ്രിംകോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു. 

Tags:    

Similar News