ഇന്ത്യാ ചരിത്രത്തിലെ കളങ്കിത വിധിയായി ബാബരി വിധി എക്കാലവും നിലനില്‍ക്കും: എന്‍ പി ചെക്കുട്ടി

ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്നെ ഏറെ ഉല്‍ക്കണ്ഠപ്പെടുത്തിയ വിധിയായിരുന്നു അത്. ഇന്ത്യന്‍ തെളിവു നിയമത്തിന്റെ എല്ലാ കാര്യങ്ങളും തൃണവല്‍ക്കരിച്ച വിധി കൂടിയായിരുന്നു ബാബരി വിധിയെന്നും എന്‍ പി ചെക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Update: 2020-11-09 15:50 GMT

കോഴിക്കോട്: ഇന്ത്യാ ചരിത്രത്തിലെ കളങ്കിത വിധിയായി ബാബരി വിധി എക്കാലവും നിലനില്‍ക്കുമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി. ബാബരി മസ്ജിദിന്റെ ഭൂമി ഏകപക്ഷീയമായി ഹിന്ദുത്വര്‍ക്ക് വിട്ടു നല്‍കിയ സുപ്രിം കോടതി വിധിയുടെ വാര്‍ഷികത്തില്‍ 'ഇന്ത്യന്‍ ജനാധിപത്യം ബാബരി വിധിക്ക് ശേഷം' എന്ന പ്രമേയത്തില്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ചര്‍ച്ചാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറ ഇളക്കുകയായിരുന്നു ബാബരി വിധിയിലൂടെ സുപ്രിം കോടതി ചെയ്തതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്നെ ഏറെ ഉല്‍ക്കണ്ഠപ്പെടുത്തിയ വിധിയായിരുന്നു അത്. ഇന്ത്യന്‍ തെളിവു നിയമത്തിന്റെ എല്ലാ കാര്യങ്ങളും തൃണവല്‍ക്കരിച്ച വിധി കൂടിയായിരുന്നു ബാബരി വിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നീതി പുലരുന്ന നാള്‍വരെ ബാബരി മസ്ജിദ് മറക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് സംഗമത്തില്‍ അധ്യക്ഷത വഹിച്ച എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. കണ്ണുകെട്ടിയ നീതിദേവത നിഷ്പക്ഷതയുടെ പ്രതീകമായിരുന്നെങ്കില്‍ യാഥാര്‍ത്ഥ്യങ്ങളും സത്യങ്ങളും കാണാതിരിക്കുന്നതിനാണ് കണ്ണുകെട്ടിയതെന്ന് തെളിയിക്കുന്നതായിരുന്നു ബാബരി മസ്ജിദ് കേസിലെ വിധി.

നിയമനിര്‍മാണ സഭയും എക്സിക്യൂട്ടീവും ജുഡീഷ്യറിയും എല്ലാം ചേര്‍ന്ന് ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും എങ്ങിനെ അട്ടിമറിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണിത്. അതുകൊണ്ടു തന്നെ അത് മറക്കാനാവില്ല. പത്തല്ല, നൂറു വര്‍ഷം പിന്നിട്ടാലും നീതി പുലരുന്ന നാള്‍വരെ ഈ ഓര്‍മ ഭാവി തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ എസ്ഡിപിഐ പ്രതിജ്ഞാബദ്ധമാണെന്നും മജീദ് ഫൈസി വ്യക്തമാക്കി.

രാഷ്ട്രീയ നീരീക്ഷനും മാധ്യമ പ്രവര്‍ത്തകനുമായ എ സജീവന്‍ വിഷയാവതരണം നടത്തി. പ്രമുഖ നിയമജ്ഞന്‍ അഡ്വ. കെ പി മുഹമ്മദ് ശരീഫ് (ബാബരി വിധിയും ഇന്ത്യന്‍ ജുഡീഷ്വറിയുടെ നൈതികതയും), പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ് നിസാര്‍ (ബാബരി വിധി: തമസ്‌കരിക്കപ്പെട്ട ചരിത്ര വസ്തുതകള്‍), എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, കോഴിക്കോട് ജില്ല പ്രസിഡന്റ് മുസ്തഫ പാലേരി സംസാരിച്ചു. എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത്, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, മുസ്തഫ കൊമ്മേരി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി കെ ഉസ്മാന്‍, പി പി മൊയ്തീന്‍ കുഞ്ഞ്, സംസ്ഥാന സമിതി അംഗങ്ങളായ പി ആര്‍ കൃഷ്ണന്‍ കുട്ടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ജലീല്‍ നീലാമ്പ്ര സംബന്ധിച്ചു.

Tags:    

Similar News