പൗരത്വ ഭേദഗതി, ബാബരി നീതിനിഷേധം: പോപുലര്‍ഫ്രണ്ട് പൗരത്വ സംരക്ഷണ റാലിയും ജസ്റ്റിസ് കോണ്‍ഫറന്‍സും ഇന്ന്

ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന മുഹമ്മദ് വലി റഹ്മാനി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷ്യത വഹിക്കും.

Update: 2019-12-13 04:13 GMT

കോഴിക്കോട്: ബാബരി വിധി നീതിനിഷേധം, പൗരത്വ ഭേദഗതി ബില്‍ ഭരണഘടനാവിരുദ്ധം എന്ന മുദ്രാവാക്യം ഉയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന പൗരത്വ സംരക്ഷണ റാലിയും ജസ്റ്റിസ് കോണ്‍ഫറന്‍സും ഇന്ന് കോഴിക്കോട് നടക്കും. വൈകീട്ട് 4.30ന് കോഴിക്കോട് സ്‌റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിക്കുന്ന പൗരത്വ സംരക്ഷണ റാലിയോടെയാണ് പരിപാടിക്ക് തുടക്കമാകുക. തുടര്‍ന്ന് കടപ്പുറത്ത് ജസ്റ്റിസ് കോണ്‍ഫറന്‍സ് നടക്കും.

ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന മുഹമ്മദ് വലി റഹ്മാനി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. ഭരണഘടനയിലും നീതിന്യായവ്യവസ്ഥയിലും പൂര്‍ണവിശ്വാസം അര്‍പ്പിച്ച് ബാബരി മസ്ജിദ് കേസില്‍ നീതിതേടിയ ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രതീക്ഷകള്‍ക്ക് കനത്ത ആഘാതമേല്‍പ്പിക്കുന്ന വിധിയാണ് നവംബര്‍ 9ന് സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ചത്. ഇതിനു തൊട്ടുപിന്നാലെയാണ് തികച്ചും മുസ്‌ലിം വിരുദ്ധമായ പൗരത്വഭേദഗതി ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയിരിക്കുന്നത്.

രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുന്നതിന് മുന്നോടിയായാണ് പൗരത്വനിയമം ഭേദഗതിചെയ്യന്നുത്. മുസ്‌ലിം സമൂഹത്തിന്റെ അസ്തിത്വത്തിനെതിരേ നിരന്തരമായി ഉയരുന്ന ഇത്തരം വെല്ലുവിളികള്‍ക്കെതിരേ ഉയരുന്ന ശക്തമായ ജനകീയപ്രതിരോധമായിരിക്കും ജസ്റ്റിസ് കോണ്‍ഫറന്‍സ്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വനിയമം ഭേദഗതിചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണ്. സംഘപരിവാര, ഹിന്ദുത്വശക്തികള്‍ അവരുടെ മുസ്‌ലിം വിരുദ്ധ അജണ്ടകള്‍ക്കായി അധികാരദുര്‍വിനിയോഗം നടത്തുകയാണ്. പട്ടികയില്‍നിന്നും വിദഗ്ധമായി മുസ്‌ലിംകളെ ഒഴിവാക്കുക വഴി ബിജെപി സര്‍ക്കാര്‍ അവരുടെ കറകളഞ്ഞ വര്‍ഗീയമുഖം പ്രകടിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ ബില്ലിനെ മുസ്‌ലിം സമൂഹം അംഗീകരിക്കില്ല. ബില്ലിനെതിരേ രാജ്യത്തുടനീളം ഉയര്‍ന്നുവരുന്ന പ്രതിഷേധം അതാണ് വ്യക്തമാക്കുന്നത്.

ഭീതിയും വിദ്വേഷവും വിതച്ച് ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിംകളെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയും വിയോജിപ്പുകളെയും വിമര്‍ശനങ്ങളെയും നിശബ്ദമാക്കുകയുമാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. അധികാരത്തിന്റെ ഹുങ്കുപയോഗിച്ച് നടത്തുന്ന ഇത്തരം നീക്കങ്ങള്‍ ഇന്ത്യന്‍ തെരുവുകളെ വരുംദിനങ്ങളില്‍ കൂടുതല്‍ പ്രക്ഷുബ്ധമാക്കും. ന്യൂനപക്ഷവിരുദ്ധമായ ഇത്തരം ഹിന്ദുത്വ അജണ്ടകള്‍ക്ക് ഊര്‍ജം പകരുന്ന സമീപനമാണ് പരമോന്നത കോടതി വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍ മുസ്‌ലിം സമൂഹത്തിന്റെ അസ്തിത്വത്തിനു നേരെ ഉയര്‍ന്നിരിക്കുന്ന അനവധി വെല്ലുവിളികളുടെ കേന്ദ്രബിന്ദുവായ ബാബരി വിഷയത്തില്‍ നടന്ന കടുത്ത നീതിനിഷേധമായി മാത്രമേ പരമോന്നത കോടതി വിധിയെ കാണാന്‍ കഴിയൂ.

ഒരുവശത്ത്, ന്യൂനപക്ഷങ്ങള്‍ക്ക് പരിരക്ഷ നല്‍കേണ്ട ഉത്തരവാദിത്വം നിറവേറ്റുതില്‍ നിന്ന് നീതിപീഠം പിന്നാക്കം പോവുമ്പോള്‍, മറുവശത്ത് അക്രമത്തിലൂടെയും കലാപങ്ങളിലൂടെയും തീവ്രഹിന്ദുത്വം ഉയര്‍ത്തിക്കൊണ്ടുവന്ന സാമൂഹ്യസമ്മര്‍ദത്തിന് കോടതി കീഴൊതുങ്ങിയിരിക്കുകയാണ്. ബാബരി വിധിയിലെ വൈരുധ്യങ്ങള്‍ ഇതാണ് വ്യക്തമാക്കുന്നത്. നമ്മുടെ ജനാധിപത്യാടിത്തറയുടെ സന്തുലിതാവസ്ഥ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണിത്. അതുകൊണ്ടുതന്നെ ബാബരി കേസിലെ അന്യായവിധിക്കെതിരേ ഉയരുന്ന ശബ്ദങ്ങള്‍ ജനാധിപത്യ ഇന്ത്യയുടെ നിലനില്‍പ്പിന് വേണ്ടിയുള്ള ശബ്ദം കൂടിയാണ്.

കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ജസ്റ്റിസ് കോണ്‍ഫറന്‍സില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷ്യത വഹിക്കും. പ്രമുഖ ദലിത്, മുസ്‌ലിം ആക്ടിവിസ്റ്റ് ഡോ.ലെനിന്‍ രഘുവംശി (വാരണാസി, യുപി), എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി, പോപുലര്‍ ഫ്രണ്ട് ദേശീയ ട്രഷറര്‍ പ്രഫ.പി കോയ, കെ ഇ അബ്ദുല്ല, കെ എഫ് മുഹമ്മദ് അസ്‌ലം മൗലവി, എ വാസു, എന്‍ പി ചെക്കുട്ടി, കെ കെ ബാബുരാജ്, റെനി ഐലിന്‍, ഗോപാല്‍ മേനോന്‍, സി പി മുഹമ്മദ് ബഷീര്‍, ടി അബ്ദുല്‍ റഹ്മാന്‍ ബാഖവി, കെ കെ റൈഹാനത്ത്, എം ഹബീബ, കെ എച്ച് അബ്ദുല്‍ ഹാദി തുടങ്ങിയവര്‍ പങ്കെടുക്കും.

Tags:    

Similar News