പൗരത്വ നിയമത്തിനെതിരേ തിക്കോടിയില്‍ വമ്പിച്ച ബഹുജനറാലി
തിക്കോടിയിലെ പൗരാവലിയുടെ നേതൃത്വത്തിലായിരുന്നു റാലി സംഘടിപ്പിച്ചത്.
പയ്യോളി: ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വം തകര്‍ക്കാനും രാജ്യത്തൊട്ടാകെ പൗരത്വപട്ടിക തയ്യാറാക്കാനുമുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ത്തിയും രാജ്യത്ത് നിലനില്‍ക്കുന്ന സാഹോദര്യത്തെ തകര്‍ക്കാന്‍ അനുവദിക്കുകയില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചും തിക്കോടിയില്‍ വമ്പിച്ച ബഹുജനറാലി.
തിക്കോടിയിലെ പൗരാവലിയുടെ നേതൃത്വത്തിലായിരുന്നു റാലി സംഘടിപ്പിച്ചത്. പയ്യോളി ഹൈസ്‌കൂള്‍ മൈതാനിയില്‍ നിന്ന് ആരംഭിച്ച റാലിയില്‍ ജനപ്രതിനിധികള്‍, മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കോളജ് വിദ്യാര്‍ത്ഥികള്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, ബഹുജനങ്ങള്‍ എന്നിവര്‍ അണിനിരന്നു.
റാലിക്ക് പി.ടി. റജുല, കളത്തില്‍ ബിജു, പ്രേമ ബാലകൃഷ്ണന്‍, ടി. ഖാലിദ്, സി. ഹനീഫ, സി. കുഞ്ഞമ്മദ്, ഒ.കെ. ഫൈസല്‍, സുനിത വി.എം, പി.വി. റംല, കെ.പി. രമേശന്‍, വിജില മഹേഷ്, ഷീന രാമകൃഷ്ണന്‍, എം.കെ. വഹീദ, ബിന്ദു കണ്ടം കുനി, പി.പി. കുഞ്ഞമ്മദ്, വി.കെ. അബദുല്‍ മജീദ്, വി. ഹാഷിം കോയ തങ്ങള്‍, ശിവപ്രസാദ് തിക്കോടി എന്നിവര്‍ നേതൃത്വം നല്‍കി.
റാലിയോടനുബന്ധിച്ച് തിക്കോടി ടൗണില്‍ നടന്ന പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് രമ ചെറുകുറ്റി ഉദ്ഘാടനം ചെയ്തു. കെ. ഹുസ്സയിന്‍ മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൗരസമിതി ചെയര്‍മാന്‍ ടി.വി. അബദുല്‍ഗഫൂര്‍ അധ്യക്ഷനായി. ടി.ടി. ഇസ്മാഈല്‍, കെ. ജീവാനന്ദന്‍ മാസ്റ്റര്‍, രാജീവന്‍ കൊടലൂര്‍, എം.കെ. പ്രേമന്‍ സംസാരിച്ചു. കണ്‍വീനര്‍ പി.കെ. ശശികുമാര്‍ സ്വാഗതവും സന്തോഷ് തിക്കോടി നന്ദിയും പറഞ്ഞു.