കുറ്റവാളികളല്ല, പ്രതിഷേധങ്ങളിലും പങ്കെടുത്തില്ല: ഉത്തര്‍ പ്രദേശില്‍ മുസ്‌ലിം പുരുഷന്മാരെകൊണ്ട് ഒപ്പ് വെപ്പിക്കുന്നു
എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ലഖ്‌നോവില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ കമ്‌ലാബാദ് ബധാവുലി ഗ്രാമത്തിലെ 37 പേര്‍ക്ക് ഇത്തരം നോട്ടിസുകള്‍ ലഭിച്ചിട്ടുണ്ട്.
ലഖ്‌നോ: പൗരത്വ ഭേദഗതിക്കെതിരേ യുപിയില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പങ്കെടുക്കില്ലെന്നതിന് ബോണ്ടില്‍ ഒപ്പ് വെപ്പിച്ച് ഉത്തര്‍പ്രദേശ് പോലിസ്. ഇതുവരെയും ഒരു സമരത്തിലും പങ്കെടുക്കാത്ത ഒരു ഗ്രാമത്തിലെ വിവിധ പ്രായക്കാരും വ്യത്യസ്ത ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നവരുമായ മുസ്‌ലിം പുരുഷന്മാര്‍ക്കുമാണ് പ്രതിഷേധങ്ങളില്‍ പങ്കെടുക്കില്ലെന്ന് ഒപ്പിട്ട് കൊടുക്കേണ്ടിവന്നത്. ലഖ്‌നോവില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലെ മുസ്‌ലിം പുരുഷന്മാര്‍ക്കാണ് ഈ ദുരനുഭവം. 50000 രൂപയുടെ ബോണ്ടിലാണ് ഓരോരുത്തരും ഒപ്പുവച്ചിരിക്കുന്നത്. സിപിസിയുടെ സെക്ഷന്‍ 107/116 പ്രകാരമാണ് നടപടി. അടുത്ത ആറ് മാസത്തേക്ക് എല്ലാവരും രണ്ടാഴ്ച കൂടുമ്പോള്‍ കോടതിയില്‍ ഹാജരാവുകയും വേണം.
എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ലഖ്‌നോവില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ കമ്‌ലാബാദ് ബധാവുലി ഗ്രാമത്തിലെ 37 പേര്‍ക്ക് ഇത്തരം നോട്ടിസുകള്‍ ലഭിച്ചിട്ടുണ്ട്. ഈ ഗ്രാമത്തിലെ ജനങ്ങള്‍ പ്രതിഷേധങ്ങളില്‍ പങ്കെടുക്കാനിടയുണ്ടെന്ന വിലയിരുത്തലാണ് നടപടിക്കു പിന്നിലെന്ന് കരുതുന്നു. എന്നാല്‍ ഇന്നുവരെ ഒരു പ്രതിഷേധത്തിലും പങ്കെടുക്കാത്തവര്‍ പോലും നോട്ടിസ് കൈപറ്റിയവരില്‍ പെടുന്നു. പല കുടുംബങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ടെങ്കില്‍ ചിലരുടെ കാര്യത്തില്‍ മുഴുവന്‍ പുരുഷകുടുംബാഗങ്ങള്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്.
ഗ്രാമവാസികള്‍ നല്‍കുന്ന വിവരമനുസരിച്ച് സ്ഥലത്തെ പോലിസ് സ്‌റ്റേഷനില്‍ നിന്ന് വിഷ്ണു കുമാര്‍ എന്ന ചൗക്കിദാരാണ് ഡിസംബര്‍ 23 ന് ഗ്രാമത്തിലെത്തിയത്. അയാള്‍ വീടുകള്‍ കയറിയിറങ്ങി സെക്ഷന്‍ 107/116 അനുസരിച്ച് നോട്ടിസ് കൊടുത്തു. ഓരോരുത്തരോടും ഒരു ലിസ്റ്റിലെ അവരുടെ പേരിനു നേരെ ഒപ്പിടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഡിസംബര്‍ 26 ന് കോടതിയില്‍ ഹാരാവാന്‍ ആവശ്യപ്പെട്ടപ്പോഴാണ് എന്താണ് സംഭവിച്ചതെന്ന് അവര്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് അവര്‍ ഒരു വക്കീലിനെ കണ്ടു. ഈ സെക്ഷന്‍ പ്രകാരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്ന് കരുതുന്ന ഒരാളെ ദീര്‍ഘകാലം കസ്റ്റഡിയില്‍ വയ്ക്കാനാവും.
ഇത്തരം ഒരു നോട്ടിസ് ലഭിച്ചതുകൊണ്ട് കുറ്റകൃത്യം ചെയ്യുന്നവരുടെ പട്ടികയില്‍ തങ്ങള്‍ ഉള്‍പ്പെടുമോ എന്നാണ് ഗ്രാമവാസികളുടെ ഇപ്പോഴത്തെ ഭയം. നോട്ടിസ് കൈപറ്റിയവരില്‍ സര്‍ക്കാര്‍ ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്ന നിരവധി യുവാക്കളുണ്ട്.
ഇത്തരം നോട്ടിസുകള്‍ കുറ്റകൃത്യം ചെയ്യുന്നവരുടെ ലിസ്റ്റില്‍ പേരുവരാന്‍ കാരണമാവില്ലെന്നും ഉണ്ടെന്നും വ്യത്യസ്ത അഭിപ്രായമുണ്ട്്. നടപിടിക്ക് വിധേയരായവര്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനാവില്ലെന്ന ഒരു ഹൈക്കോടതി വിധിയുണ്ടെന്നും ചിലര്‍ ഓര്‍മിപ്പിക്കുന്നു.