വിവാഹമുക്തരായ മുസ്‌ലിം സ്ത്രീകളുടെ ജീവനാംശം ഔദാര്യമല്ല, അവകാശമാണ്: സുപ്രിം കോടതി

ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി

Update: 2024-07-10 10:41 GMT

ന്യൂഡല്‍ഹി: ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍ 125 പ്രകാരം ഭര്‍ത്താവില്‍നിന്ന് ജീവനാംശം തേടാന്‍ വിവാഹമോചനം നേടിയ മുസ്‌ലിം സ്ത്രീക്ക് അവകാശമുണ്ടെന്ന് സുപ്രിം കോടതി. വിവാഹമോചിതരായ മുഴുവന്‍ സ്ത്രീകള്‍ക്കും മതഭേദമില്ലാതെ ബാധകമായതാണ് പ്രസ്തുത ചട്ടമെന്നും ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങുന്ന ബെഞ്ച് വിധിന്യായത്തില്‍ വ്യക്തമാക്കി. വിധിന്യായങ്ങള്‍ വെവ്വേറെയായിരുന്നെങ്കിലും യോജിച്ച നിഗമനങ്ങളാണ് വിധിയിലുള്ളത്. ജീവനാംശം നല്‍കാനുള്ള കുടുംബ കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച തെലങ്കാന ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് മുഹമ്മദ് അബ്ദുസ്സമദ് എന്നയാള്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് സുപ്രിം കോടതിയുടെ വിധി. ഭാര്യയ്ക്ക് ഭര്‍ത്താവില്‍നിന്ന് ജീവനാംശം തേടാനുള്ള അവകാശം ഉറപ്പുവരുത്തുന്ന ക്രിമിനല്‍ നടപടി ചട്ടം 125 മുസ്‌ലിം സ്ത്രീകള്‍ക്കും ബാധകമാണ്. ഏതു മതത്തിലും പെട്ട വിവാഹ മോചിതരായ സ്ത്രീകളുടെ അവകാശമാണ് ജീവനാംശമെന്നും അത് ദയാപൂര്‍വമുള്ള ദാനമല്ലെന്നും കോടതി വ്യക്തമാക്കി. മതിയായ വരുമാനമുള്ള ഒരു വ്യക്തി ഭാര്യയ്‌ക്കോ കുട്ടികള്‍ക്കോ മാതാപിതാക്കള്‍ക്കോ സംരക്ഷണ ചെലവ് നല്‍കാനുള്ള ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാവില്ലെന്നാണ് ക്രിമിനല്‍ നടപടി ചട്ടം 125 വിശാലമായി പ്രതിപാദിക്കുന്നത്. ജീവനാംശമെന്നത് ഒരു ഔദാര്യമല്ല, വിവാഹിതരായ സ്ത്രീകളുടെ മൗലികമായ അവകാശമാണ്. മതങ്ങളുടെ അതിരുകള്‍ മറികടന്നും നിലനില്‍ക്കുന്ന അവകാശമാണത്. ലിംഗ സമത്വ തത്ത്വത്തിനും വിവാഹിതരായ സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വമെന്ന കാഴ്ചപ്പാടിനും ബലമേകുന്നതു കൂടിയാണത്-വിധി ചൂണ്ടിക്കാട്ടുന്നു. വിവാഹമുക്തയായ മുസ്‌ലിം സ്ത്രീക്ക് ക്രിമിനല്‍ നടപടി ചട്ടം 125 ബാധകമല്ലെന്നും ജീവനാംശത്തിന് അര്‍ഹതയില്ലെന്നും വിവാഹമുക്തരായ മുസ്‌ലിം സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന 1986 ലെ നിയമത്തിലെ വകുപ്പുകളാണ് ബാധകമാക്കേണ്ടതെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. ഈ വാദങ്ങള്‍ തള്ളിയാണ് സുപ്രിം കോടതി വിധി.

Tags:    

Similar News