തലപ്പാടി ആര്‍ടിഒ ചെക്ക്‌പോസ്റ്റിന് സമീപം ടാങ്കര്‍ ലോറി മറിഞ്ഞ് ഗ്യാസ് ചോര്‍ന്നു; മംഗളൂരു കാസര്‍കോട് ദേശീയപാത അടച്ചു
മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കറാണ് മറിഞ്ഞത്. പിന്നീട് നടന്ന പരിശോധയിലാണ് ഗ്യാസ് ചോര്‍ച്ച ശ്രദ്ധയില്‍പെട്ടത്.
മഞ്ചേശ്വരം: തലപ്പാടി ആര്‍ടിഒ ചെക്ക്‌പോസ്റ്റിന് സമീപം ടാങ്കര്‍ ലോറി മറിഞ്ഞ് ഗ്യാസ് ചോര്‍ന്നു. വൈകീട്ട് 6.20 മണിയോടെയാണ് ഗ്യാസ് ടാങ്കര്‍ അപകടത്തില്‍ പെട്ടത്. മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കറാണ് മറിഞ്ഞത്. പിന്നീട് നടന്ന പരിശോധയിലാണ് ഗ്യാസ് ചോര്‍ച്ച ശ്രദ്ധയില്‍പെട്ടത്.
മഞ്ചേശ്വരം പോലിസ് വിവരമറിഞ്ഞ് സ്ഥലത്തെത്തി. ഉപ്പളയില്‍ നിന്നും രണ്ട് യൂനിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി ചോര്‍ച്ച നടന്ന സ്ഥലം വെള്ളം ചീറ്റി അപകടാവസ്ഥ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. മംഗളൂരുവില്‍ നിന്നുള്ള റീഫില്ലിങ് യൂനിറ്റും സ്ഥലത്തെത്തിയിട്ടുണ്ട്. ചോര്‍ച്ചയടച്ച ശേഷം മറ്റൊരു ടാങ്കറിലേക്ക് ഗ്യാസ് മാറ്റാനാണ് നീക്കം. വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് സ്‌റ്റേഷന്‍ ഓഫിസറുടെ നേതൃത്വത്തില്‍ കൂടുതല്‍ ഫയര്‍ ഫോഴ്‌സ് യൂനിറ്റുകള്‍ സ്ഥലത്തെത്തി. ചോര്‍ച്ചയുണ്ടായതോടെ വൈദ്യുതബന്ധം വിച്ഛേദിക്കുകയും സ്ഥലത്തുനിന്നും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. മംഗളൂരു കാസര്‍കോട് ദേശീയപാത അടച്ച് വാഹനഗതാഗതം പൂര്‍ണമായും തടഞ്ഞിട്ടുണ്ട്.
ഗ്യാസ് മറ്റൊരു ടാങ്കറിലേക്ക് മാറ്റാന്‍ അഞ്ച് മണിക്കൂറെങ്കിലും എടുക്കുമെന്നും അതുകഴിഞ്ഞ് മാത്രമേ ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിക്കുകയുള്ളൂവെന്നുമാണ് അധികൃതര്‍ അറിയിച്ചത്.