താനൂര്‍ ബോട്ട് ദുരന്തം; ഉടമ നാസര്‍ കോഴിക്കോട്ട് അറസ്റ്റില്‍

Update: 2023-05-08 13:10 GMT

കോഴിക്കോട്: താനൂര്‍ തൂവല്‍തീരത്ത് 22 പേരുടെ മരണത്തിന് കാരണമായ അപകടത്തില്‍പ്പെട്ട ബോട്ടിന്റെ ഉടമയെ പോലിസ് അറസ്റ്റ് ചെയ്തു. വിനോദസഞ്ചാര ബോട്ട് ഉടമയായ താനൂര്‍ സ്വദേശി നാസറിനെയാണ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നരഹത്യാ കുറ്റം ചുമത്തി ഇയാള്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നു. അപകടത്തിനു പിന്നാലെ ഇയാള്‍ ഒളിവില്‍പോവുകയും ഇയാളുടെ വാഹനം കൊച്ചിയില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരാണ് വാഹനം കസ്റ്റഡിയിലെടുത്തത്. വാഹനത്തില്‍ നാസറിന്റെ സഹോദരനും ബന്ധുവും അയല്‍വാസിയുമാണ് ഉണ്ടായിരുന്നത്. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാസറിനെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തതെന്നാണ് സൂചന.

    താനൂര്‍ ബോട്ട് ദുരന്തത്തില്‍ ആകെ 22 പേരാണ് മരിച്ചത്. ഇതില്‍ 15 പേരും കുട്ടികളാണ്. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാര്‍ക്കും ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി. മരിച്ചവരില്‍ 11 പേര്‍ പരപ്പനങ്ങാടിയിലെ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് പേരാണ് കോട്ടക്കല്‍, തിരൂരങ്ങാടി, കോഴിക്കോട് ആശുപത്രികളിലായി ചികില്‍സയിലുള്ളത്. നിസാര പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രി വിട്ടു. ബോട്ടിലുണ്ടായിരുന്ന അഞ്ച് പേര്‍ നീന്തി രക്ഷപ്പെട്ടു. അപകടമുണ്ടായ പുഴയില്‍ എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. ഇന്നും നാളെയും തിരച്ചില്‍ തുടരാനാണ് തീരുമാനം. അതിനിടെ, ഒരു കുട്ടിയെ കാണ്‍മാനില്ലെന്ന് ബന്ധുക്കള്‍ പരാതി പറഞ്ഞ ആണ്‍കുട്ടിയെ കോഴിക്കോട്ടെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ കണ്ടെത്തിയത് ആശ്വാസം പകര്‍ന്നിട്ടുണ്ട്.

Tags:    

Similar News