തിരുവനന്തപുരം: നികുതിവര്‍ധനയ്‌ക്കെതിരേ നിയമസഭയില്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ മുതല്‍ പ്രതിപക്ഷം ബഹളം തുടങ്ങി. നികുതിക്കൊള്ള, പിടിച്ചുപറി, പോക്കറ്റടി, ബജറ്റ് തീവെട്ടിക്കൊള്ള, ജനത്തെ പിഴിഞ്ഞൂറ്റി പിണറായി സര്‍ക്കാര്‍ തുടങ്ങിയ പ്ലക്കാര്‍ഡുകളുയര്‍ത്തിയായിരുന്നു പ്രതിഷേധം. നിയമസഭയില്‍ പ്ലക്കാര്‍ഡുയര്‍ത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ അറിയിച്ചു.
ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷം പിന്നീട് സഭാനടപടികളുമായി സഹകരിക്കാനാണ് തീരുമാനം. ബജറ്റ് ചര്‍ച്ച തുടങ്ങുന്നതിന് മുമ്പ് പ്രതിപക്ഷത്തിന്റെ സമരം നിയമസഭയില്‍ പ്രഖ്യാപിക്കും. ഇന്ധന സെസ് പൂര്‍ണമായി പിന്‍വലിക്കുന്നത് വരെ സമരം തുടരാനാണ് യുഡിഎഫ് തീരുമാനം. നിയമസഭയില്‍ സര്‍ക്കാരിനെതിരേ ശക്തമായി പ്രതിഷേധിക്കാന്‍ യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചിരുന്നു. സഭാ കവാടത്തില്‍ എംഎല്‍എമാരുടെ സത്യഗ്രഹ സമരം നടത്തുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനും യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.