തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറണം; ശശി തരൂരിനെതിരേ തെലങ്കാന കോണ്‍ഗ്രസ് നേതൃത്വം

Update: 2022-10-04 06:26 GMT

ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ശശി തരൂര്‍ എംപിക്ക് തെലങ്കാനയില്‍ ശക്തമായ തിരിച്ചടി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ മല്‍സരിക്കുന്നതുകൊണ്ട് തരൂര്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കമെന്ന് തെലങ്കാന പിസിസി നേതൃത്വം ആവശ്യപ്പെട്ടു. പിസിസി അധ്യക്ഷന്‍ രേവന്ദ് റെഡ്ഢി, മുന്‍ കേന്ദ്രമന്ത്രി ചിന്താ മോഹന്‍ ഉള്‍പ്പെടെയുള്ളവരാണ് ഈ ആവശ്യമുന്നയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ശശി തരൂരിന്റെ പ്രചാരണ പരിപാടിയില്‍ നിന്ന് തെലങ്കാനയിലെ മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നിരുന്നു.

മുതിര്‍ന്ന നേതാക്കളാരും തരൂരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല. ഔദ്യോഗിക സ്ഥാനാര്‍ഥി മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണയുമായി തെലങ്കാന പ്രതിപക്ഷ നേതാവ് കുണ്ടുരു ജനറെഡ്ഡി, പ്രതിപക്ഷ ഉപനേതാവ് മല്ലു ഭട്ടി വിക്രമാര്‍ക അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഗാര്‍ഗെയുടെ ത്യാഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിസിസി അധ്യക്ഷന്‍ രേവന്ദ് റെഡ്ഢി അദ്ദേഹത്തിന് പിന്തുണ അറിയിച്ചത്. മുന്‍ ഹൈദരാബാദ് സ്‌റ്റേറ്റിലെ നൈസാമിന്റെ ഭരണത്തിനെതിരേ ഗാര്‍ഗെയുടെ കുടുംബം പോരാടിയതാണ്. ഗാര്‍ഗെയ്ക്ക് പാര്‍ട്ടിക്കാരുടെ തുറന്ന പിന്തുണ 'പോസിറ്റീവ് അടയാളം' ആയി കാണണം. എനിക്ക് ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല, പക്ഷേ, താന്‍ പിസിസി പ്രസിഡന്റായതിനാല്‍ എനിക്ക് നിഷ്പക്ഷത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സീനിയോറിറ്റിയും അനുഭവപരിചയവും ചൂണ്ടിക്കാട്ടി മുന്‍ പിസിസി പ്രസിഡന്റ് വി ഹനുമന്ത റാവുവും ഖാര്‍ഗെയെ പിന്തുണച്ചു. ശശി തരൂരിന്റെ തുറന്ന സംവാദത്തിന്റെ ആശയത്തെ ചോദ്യം ചെയ്ത റാവു, പാശ്ചാത്യരാജ്യങ്ങളില്‍ ഇത്തരത്തിലുള്ള സമ്പ്രദായം മൂല്യവത്തായിരിക്കുമെന്നും എന്നാല്‍ ഇന്ത്യയില്‍ ഇത് ജനാധിപത്യ രീതിയില്‍ തീരുമാനിക്കേണ്ടതാണെന്നും റാവു കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശം ലംഘിച്ചുകൊണ്ടാണ് തെലങ്കാന അടക്കമുള്ള പിസിസികള്‍ നിലപാടെടുത്തത്.

ഉത്തരവാദിത്തപ്പെട്ട പദവി വഹിക്കുന്നവര്‍ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രചരണം നടത്താന്‍ പാടില്ലെന്നാണ് ഹൈക്കമാന്‍ഡ് മാര്‍ഗനിര്‍ദേശം. എന്നാല്‍, കേന്ദ്രനേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ് പിസിസികള്‍ ഖാര്‍ഗെയെ പിന്തുണയ്ക്കുന്നതെന്നാണ് ശശി തരൂര്‍ വിഭാഗത്തിന്റെ ആരോപണം. ഔദ്യോഗിക സ്ഥാനാര്‍ഥി മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് നേരത്തെ തന്നെ തെലങ്കാന പിസിസി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മല്‍സരത്തില്‍ നിന്നും പിന്‍മാറണമെന്ന് തരൂരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലും സമാനസാഹചര്യമാണുണ്ടായത്. ഇന്ന് തിരുവനന്തപുരത്താണ് തരൂരുള്ളത്. നേരത്തെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണയറിയിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. ഒരോ ദിവസം ഓരോ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ശശി തരൂരിന്റെ പ്രചരണം. ഇന്ന് തിരുവനന്തപുരത്തുള്ള തരൂര്‍ കെപിസിസി ആസ്ഥാനത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

മാറ്റമാഗ്രഹിക്കുന്നവര്‍ തനിക്ക് വോട്ടുചെയ്യണമെന്നാണ് തരൂരിന്റെ അഭ്യര്‍ഥന. പ്രചാരണപരിപാടികളിലെ യുവാക്കളുടെ സാന്നിധ്യം മാറ്റത്തിന്റെ സൂചനയാണെന്നാണ് തരൂര്‍ പറയുന്നത്. യുവാക്കളുടെ പിന്തുണ തനിക്കാണെന്നും തരൂര്‍ പറയുന്നു. അതേസമയം, പിസിസികള്‍ പൊതുവെ ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയെയാണ് പിന്തുണയ്ക്കുകയെന്നാണ് റിപോര്‍ട്ട്. ആദ്യഘട്ടത്തില്‍ ഫോണിലൂടെ പ്രധാന നേതാക്കളെ ബന്ധപ്പെടുകയാണ് ഖാര്‍ഗെ. അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ഇന്നലെ മാര്‍ഗരേഖ പുറത്തിറക്കിയതിനാല്‍ സ്ഥാനാര്‍ഥികളുടെയും പിന്തുണയ്ക്കുന്ന നേതാക്കളുടെയും ഇനിയുള്ള നീക്കങ്ങള്‍ സുപ്രധാനമാണ്.

Tags:    

Similar News