ഹൈദരാബാദ്: ഹൈദരാബാദ് യൂനിവേഴ്സിറ്റി വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തുടരന്വേഷണമുണ്ടാവുമെന്ന സൂചന നല്‍കി തെലങ്കാന ഡിജിപി രവി ഗുപ്ത. രോഹിത് വെമുലയുടെ കേസിലെ അന്തിമ റിപോര്‍ട്ടില്‍ ചില പൊരുത്തക്കേടുകളുണ്ട്. കേസില്‍ കോടതിയോട് ഇടപ്പെടാന്‍ അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രോഹിത് വെമുലയുടെ മാതാവിനേയും സഹോദരനേയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൂടിക്കാഴ്ചക്കായി ക്ഷണിച്ചിട്ടുണ്ട്. രോഹിത് വെമുലയുടെ നീതിക്കായി പൊരുതിയ അധ്യാപകരും വിദ്യാര്‍ഥികളും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. രോഹിത് വെമുല കേസില്‍ തെലങ്കാന പോലിസ് അന്തിമ റിപോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നടപടി.
രോഹിത് വെമുലയുടെ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് മജിസ്ട്രേറ്റിനോട് അനുമതി തേടുമെന്നും തെലങ്കാന ഡിജിപി വ്യക്തമാക്കിയിരുന്നു. റിപോര്‍ട്ടില്‍ ചില സംശയങ്ങളുണ്ട്. അത് കോടതിയോട് പരിശോധിക്കാന്‍ അഭ്യര്‍ഥിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ എന്തെങ്കിലും വിവരങ്ങള്‍ ഉന്നതാധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ലെങ്കില്‍ അത് കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധപൂര്‍ അസിസ്റ്റന്റ് കമീഷണറാണ് കേസില്‍ അന്വേഷണം നടത്തിയത്. നവംബറിന് മുമ്പ് തന്നെ അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. മാര്‍ച്ച് 21ന് അന്തിമ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചുവെന്നും ഡിജിപി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.
തെലങ്കാന പോലിസ് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ രോഹിത് വെമുല ദലിതനല്ലെന്നും യഥാര്‍ഥ ജാതി പുറത്ത് വരുമെന്ന ഭയത്താലാണ് 2016ല്‍ ആത്മഹത്യ ചെയ്തതെന്നുമാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍, ജില്ല കലക്ടര്‍ തങ്ങളുടെ കുടുംബത്തെ എസ്.സി വിഭാഗത്തില്‍ പെടുത്തിയിട്ടുണ്ടെന്നാണ് രോഹിത്തിന്റെ സഹോദരന്‍ രാജ വെമുലയുടെ വാദം. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കാണാനും തങ്ങള്‍ക്ക് പദ്ധതിയുണ്ടെന്നും രാജ വെമുല അറിയിച്ചിരുന്നു.