സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെ എട്ടുപേരുടെ കേസ് മഥുര കോടതിയില്‍ നിന്ന് ലഖ്‌നോയിലേക്ക് മാറ്റി: നടപടി എന്‍ഐഎ ആക്ടിന് വിരുദ്ധമെന്ന് വക്കീല്‍
എന്‍ഐഎ ആക്ട് സെക്ഷന്‍ ആറില്‍ വരുന്ന കേസുകള്‍മാത്രമേ പ്രത്യേക കോടതികള്‍ പരിഗണക്കാവൂ എന്നും തന്റെ കക്ഷികളുടെ കേസ് ആഗണത്തില്‍ പെടില്ലെന്നുമാണ് അഭിഭാഷകന്‍ പറയുന്നത്
ആഗ്ര: മലയാളി മാധ്യമ പ്രവര്‍ത്തകനും കേരളയൂനിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്‌സ് ഡല്‍ഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ള എട്ടുപേരുടെ കേസ് മഥുര കോടതിയില്‍ നിന്ന് ലഖ്‌നോയിലേക്ക് മാറ്റി. ലഖ്‌നോയില്‍ സ്ഥാപിച്ച എന്‍ഐഎ പ്രത്യേക കോടതിയിലേക്കാണ് മലയാളികളടക്കമുള്ള എട്ട് പേരുടെ കേസ് മാറ്റിയിരിക്കുന്നത്. കാപ്പനും കാംപസ് ഫ്രണ്ട് ഭാരവാഹികളായ മൂന്നു പേരും മഥുര ടോള്‍പ്ലാസയില്‍ വച്ച് അറസറ്റ് ചെയ്യപ്പെട്ടതായിരുന്നു. ഹത്രാസില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ്ിവരെപോലിസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഗൂഡാലോചനാകേസ് അടക്കം ആരോപിച്ച് യുഎപിഎ ചുമത്തി ജയിലിലടക്കുകയായിരുന്നു. യുപി പ്രത്യേക ദൗത്യസേന നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പെടെയുള്ളവരുടെ കേസുകള്‍ ലഖ്‌നോ കോടിയിലേക്ക് മാറ്റിയത്. എന്‍ഐഎ ആക്ട് 22 ാം വകുപ്പ് പ്രകാരം സംസ്ഥാന തലസ്ഥാനത്ത് ഒരു എന്‍ഐഎ സ്‌പെഷ്യല്‍ കോടതി സ്ഥാപിച്ചിട്ടുണ്ടെന്ന് കാണിച്ചാണ് എസ്ടിഎഫ് അപേക്ഷ സമര്‍പ്പിച്ചത്.
തുടര്‍ന്നാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി അനില്‍ കുമാര്‍ പാണ്ഡേ കേസ് ലഖ്‌നോയിലേക്ക് മാറ്റി ഉത്തരവിട്ടത്. ജനുവരി ഏഴിന് ലഖ്‌നോ കോടതിയില്‍ വാദം കേള്‍ക്കും. കോടതിയുടെ വിചിത്രമായ തീരുമാനത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് പിഎഫ്‌ഐ പ്രവര്‍ത്തകരുടെ അഭിഭാഷകന്‍ മധുവന്‍ ദത്ത് ചതുര്‍വേദി പറഞ്ഞു. എന്‍ഐഎ ആക്ട് സെക്ഷന്‍ ആറില്‍ വരുന്ന കേസുകള്‍മാത്രമേ പ്രത്യേക കോടതികള്‍ പരിഗണക്കാവൂ എന്നും തന്റെ കക്ഷികളുടെ കേസ് ആഗണത്തില്‍ പെടില്ലെന്നുമാണ് അഭിഭാഷകന്‍ പറയുന്നത്. 2020 ഒക്ടോബര്‍ അഞ്ചിന് സിദ്ദീഖ് കാപ്പന്‍, കാംപസ്ഫ്രണ്ട് ഭാരവാഹികളായ അത്തീഖു റഹ്മാന്‍, മസൂദ് അഹമ്മദ്, ആലം, എന്നിവരെയാണ് മഥുരപോലിസ് അറസ്റ്റ് ചെയ്തിരുന്നത്. പിന്നീട് കാംപസ്ഫ്രണ്ട് ജനറല്‍ സെക്രട്ടറിയായിരുന്ന റഊഫ് ശെരീഫിനെ കേരളത്തില്‍ വച്ച് പിടികൂടി കേസില്‍ ഉള്‍പ്പെടുത്തി. പിന്നീട് പിഎഫ്‌ഐ പ്രവര്‍ത്തകരായ അന്‍ഷദ് ബദറുദ്ദീന്‍, ഫിറോസ് ഖാന്‍, ദാനിഷ് എന്നിവരെ ട്രൈന്‍ യാത്രക്കിടെ തട്ടിക്കൊണ്ടുപോയി കേസ് ചുമത്തി. കഴിഞ്ഞ ഏപ്രിലില്‍ 5000 പേജുള്ള ചാര്‍ജ്ജ് ഷീറ്റ് സിദ്ദീഖ് കാപ്പനടക്കുള്ള 4 പേര്‍ക്കെതിരേ എസ്ടിഎഫ് മഥുര കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു.