എന്‍ഐഎ നിയമത്തിനെതിരായ ഹരജി: ഛത്തീസ്ഗഢ് സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് പോപുലര്‍ ഫ്രണ്ട്
ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നതില്‍ നമ്മുടെ മുഖ്യധാരാ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാന പങ്ക് വഹിച്ചെന്ന വസ്തുത നിഷേധിക്കാനാവില്ല. മനുഷ്യാവകാശ സംഘടനകളുടെയും പൗരാവകാശ പ്രവര്‍ത്തകരുടെയും കടുത്ത വിമര്‍ശനങ്ങള്‍ക്കിടയിലും 2008ല്‍ യുപിഎ സര്‍ക്കാരാണ് ആദ്യമായി നിയമം നടപ്പാക്കിയത്.
ന്യൂഡല്‍ഹി: എന്‍ഐഎ നിയമത്തെ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യാനുള്ള ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ തീരുമാനത്തെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദ് അലി ജിന്ന സ്വാഗതം ചെയ്തു. മതേതരത്വത്തിന്റെ ആത്മാവ് സംരക്ഷിക്കാന്‍ മറ്റു സംസ്ഥാനങ്ങളിലെ ബിജെപി ഇതര സര്‍ക്കാരുകളും ഈ വിഷയത്തില്‍ സുപ്രിം കോടതിയെ സമീപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്‍എഎ നിയമം നിലവില്‍ വന്ന 2008ലും ഭേദഗതി വരുത്തിയ 2019ലും അതിലെ ഭരണഘടനാ വിരുദ്ധതയും ആര്‍ട്ടിക്കിള്‍ 131ന്റെ ലംഘനവും സംബന്ധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പൗരാവകാശ ഗ്രൂപ്പുകളും ചൂണ്ടിക്കാട്ടിയിരുന്നു. ഛത്തീസ്ഗഢ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയതു പോലെ, ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള പ്രത്യേകാവകാശങ്ങളില്‍ ഇടപെടാന്‍ കേന്ദ്രത്തിന് അമിതമായ അധികാരങ്ങള്‍ നല്‍കുന്ന നിയമം രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്. സര്‍ക്കാരിന്റെ ഹരജിയില്‍ പറഞ്ഞതുപോലെ, ഈ അധികാരങ്ങള്‍ വിനിയോഗിക്കുന്നതിനെ നിയന്ത്രിക്കാന്‍ നിയമത്തില്‍ പറയുന്നില്ല. നിയമവുമായി സംസ്ഥാനത്തെ ഏകോപിപ്പിക്കുന്നതിന് ഇടമില്ല. സംസ്ഥാനങ്ങളുടെ ഏതെങ്കിലും രൂപത്തിലുള്ള സമ്മതം പോലും ആവശ്യമില്ല. മാത്രമല്ല, രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനും വിയോജിപ്പുകള്‍ ഇല്ലാതാക്കാനും കേന്ദ്രത്തില്‍ അധികാരമുള്ളവര്‍ നിയമം ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗുരുതരമായ പരാതികള്‍ നിലവിലുണ്ട്.
അതേസമയം, ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നതില്‍ നമ്മുടെ മുഖ്യധാരാ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാന പങ്ക് വഹിച്ചെന്ന വസ്തുത നിഷേധിക്കാനാവില്ല. മനുഷ്യാവകാശ സംഘടനകളുടെയും പൗരാവകാശ പ്രവര്‍ത്തകരുടെയും കടുത്ത വിമര്‍ശനങ്ങള്‍ക്കിടയിലും 2008ല്‍ യുപിഎ സര്‍ക്കാരാണ് ആദ്യമായി നിയമം നടപ്പാക്കിയത്. എന്നിരുന്നാലും, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് ഉണരുന്നുവെന്നത് വളരെയേറെ പ്രതീക്ഷയേകുന്ന കാര്യമാണ്. കടുത്ത വിവേചനം കാണിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരേ കേരള സര്‍ക്കാര്‍ ഔദ്യോഗികമായി സുപ്രിം കോടതിയെ സമീപിച്ചുത് മികച്ച മാതൃകയാണ്. എന്‍ഐഎ, യുഎപിഎ നിയമങ്ങള്‍ ദുരുപയോഗം ചെയ്തതിന് നിരവധി ഉദാഹരണങ്ങളുള്ള ഒരു സംസ്ഥാനമെന്ന നിലയില്‍ ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ മാതൃക പിന്തുടരാനും രണ്ട് നിയമങ്ങളെയും വെല്ലുവിളിക്കാനും കേരള സര്‍ക്കാരിന് മുന്‍പന്തിയില്‍ നില്‍ക്കാനാവും. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, രാജ്യത്തിന്റെ ഭരണഘടനയും ഫെഡറല്‍ സ്വഭാവവും സംരക്ഷിക്കണമെന്നും ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ നടപടികളുമായി ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ യോജിക്കണമെന്നും പോപുലര്‍ ഫ്രണ്ട് അഭ്യര്‍ഥിച്ചു.