പെണ്‍കുട്ടികള്‍ക്കായുള്ള ആര്‍ത്തവ ശുചിത്വ നയം അംഗീകരിച്ചതായി സുപ്രിം കോടതിയെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍

ദോഷകരമായ സാമൂഹിക മാനദണ്ഡങ്ങള്‍ ഇല്ലാതാക്കാനും സുരക്ഷിതമായ ആര്‍ത്തവ ശുചിത്വ രീതികള്‍ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് നയമെന്ന് കേന്ദ്രം പറഞ്ഞു

Update: 2024-11-12 09:05 GMT

ന്യൂഡല്‍ഹി: സ്‌കൂള്‍ പെണ്‍കുട്ടികള്‍ക്കായുള്ള ആര്‍ത്തവ ശുചിത്വ നയം രൂപീകരിക്കുമെന്ന് സുപ്രിം കോടതിയെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. 6 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കാനും സര്‍ക്കാര്‍, സര്‍ക്കാര്‍, എയ്ഡഡ് എന്നിവിടങ്ങളില്‍ പ്രത്യേക ടോയ്ലറ്റ് സൗകര്യം ഉറപ്പാക്കാനും കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും സാമൂഹിക പ്രവര്‍ത്തകയുമായ ജയ താക്കൂര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രിം കോടതി.

ദോഷകരമായ സാമൂഹിക മാനദണ്ഡങ്ങള്‍ ഇല്ലാതാക്കാനും സുരക്ഷിതമായ ആര്‍ത്തവ ശുചിത്വ രീതികള്‍ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് നയമെന്ന് കേന്ദ്രം പറഞ്ഞു.സര്‍ക്കാര്‍, സംസ്ഥാന-എയ്ഡഡ്, സ്വകാര്യ സ്‌കൂളുകള്‍ ഉള്‍പ്പെടെ രാജ്യത്തെ 97.5 ശതമാനം സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം ടോയ്ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

ആണ്‍കുട്ടികള്‍ക്കായി 16 ലക്ഷം ടോയ്ലറ്റുകളും പെണ്‍കുട്ടികള്‍ക്കായി 17.5 ലക്ഷം ടോയ്ലറ്റുകളും 10 ലക്ഷം സര്‍ക്കാര്‍ സ്‌കൂളുകളിലായി നിര്‍മിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ക്കായി 2.5 ലക്ഷം ടോയ്ലറ്റുകളും പെണ്‍കുട്ടികള്‍ക്കായി 2.9 ലക്ഷം ടോയ്ലറ്റുകളും നിര്‍മിച്ചിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.പശ്ചിമ ബംഗാളില്‍ 99.9 ശതമാനം സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രത്യേക ടോയ്ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഉത്തര്‍പ്രദേശില്‍ 98.8 ശതമാനം സ്‌കൂളുകളില്‍ ഇത്തരം പ്രത്യേക സൗകര്യങ്ങളുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീരില്‍ പോലും 89.2 ശതമാനം സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക ടോയ്ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്രം പറഞ്ഞു. രാജ്യത്തെ 97.5 ശതമാനം സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ടോയ്ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഡല്‍ഹി, പുതുച്ചേരി, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ 100 ശതമാനമാണ് കണക്കെന്നും കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചു. രാജ്യത്തെ എല്ലാ സര്‍ക്കാര്‍-എയ്ഡഡ്, റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ്ലറ്റുകള്‍ നിര്‍മ്മിക്കുന്നതിന് ദേശീയ മാതൃക രൂപീകരിക്കാന്‍ കേന്ദ്രത്തോട് സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു.

Tags:    

Similar News