സ്‌പെഷ്യല്‍ മാരേജ് ആക്ട്: വിവാഹങ്ങള്‍ പരസ്യപ്പെടുത്തുന്നത് വ്യക്തികളുടെ വിശ്വാസ്യത ബോധ്യപ്പെടാനെന്ന് കേന്ദ്രം

ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് കേന്ദ്ര നീതി ന്യായ മന്ത്രാലയം സ്‌പെഷ്യല്‍ മാരേജ് ആക്ടില്‍ 30 ദിവസം മുന്‍പ് വിവാഹം പരസ്യപ്പെടുത്തണമെന്ന വ്യവസ്ഥയെ അനുകൂലിച്ച് സത്യവാങ് മൂലം നല്‍കിയത്.

Update: 2021-02-10 07:34 GMT

ന്യൂഡല്‍ഹി: സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹങ്ങള്‍ പരസ്യപ്പെടുത്തുന്നത് വ്യക്തികളുടെ വിശ്വാസ്യത ബോധ്യപ്പെടാന്‍ ആവശ്യമാണെന്ന കേന്ദ്ര സര്‍ക്കാര്‍. സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് (എസ്എംഎ) പ്രകാരമുള്ള ചില വ്യവസ്ഥകളെ ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടേയാണ് കേന്ദ്രത്തിന്റെ മറുപടി.

ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് കേന്ദ്ര നീതി ന്യായ മന്ത്രാലയം സ്‌പെഷ്യല്‍ മാരേജ് ആക്ടില്‍ 30 ദിവസം മുന്‍പ് വിവാഹം പരസ്യപ്പെടുത്തണമെന്ന വ്യവസ്ഥയെ അനുകൂലിച്ച് സത്യവാങ് മൂലം നല്‍കിയത്. സ്‌പെഷ്യല്‍ മാരേജ് ആക്ടിലെ ആറ്, ഏഴ് വകുപ്പുകളെ ചോദ്യം ചെയ്ത് മിശ്ര വിവാഹ ദമ്പതികള്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടേയാണ് കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്. സ്‌പെഷ്യല്‍ മാരേജ് ആക്ടിലെ ആറാം വകുപ്പ് പ്രകാരം വിവാഹത്തിന് 30 ദിവസം മുന്‍പ് പരസ്യപ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഏഴാം വകുപ്പ് വിവാഹം സംബന്ധിച്ച് എതിര്‍പ്പ് അറിയിക്കാന്‍ അവസരം നല്‍കുന്നു. ഈ വകുപ്പുകളെ ചോദ്യം ചെയ്താണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം മിശ്ര വിവാഹിതര്‍ക്ക് മതം മാറാതെ തന്നെ വിവാഹം കഴിക്കാന്‍ അവസരം നല്‍കുന്നു. എന്നാല്‍, 30 ദിവസത്തെ നോട്ടിസ് കാലയളവ് ദമ്പതികള്‍ക്ക് അവരുടെ കുടുംബത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിക്കുന്നതിന് തടസ്സമായി വരാറുണ്ട്.

'വിവാഹത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിവിധ കക്ഷികളുടെ വിശ്വാസ്യത പാലിക്കുക എന്നതാണ് ഈ വ്യവസ്ഥകളുടെ പിന്നിലെ ഉദ്ദേശ്യമെന്ന് മന്ത്രാലയം വാദിച്ചു.

'30 ദിവസത്തിനുള്ളില്‍ ഏതെങ്കിലും വ്യക്തി ഈ വിവാഹത്തിന് എതിര്‍പ്പ് ഉന്നയിക്കുകയാണെങ്കില്‍ ഉദ്യോഗസ്ഥന്‍ വിവാഹത്തെ അംഗീകരിക്കില്ല. നിയമത്തിലെ ഏഴാം വകുപ്പില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ കുറഞ്ഞത് മുപ്പത് ദിവസമെങ്കിലും നല്‍കിയില്ലെങ്കില്‍ വ്യക്തിയുടെ വിശ്വാസ്യത പരിശോധിക്കാന്‍ കഴിയില്ല. മന്ത്രാലയം അവകാശപ്പെട്ടു.

അതേസമയം, പ്രത്യേക വിവാഹ നിയമ പ്രകാരം വിവാഹിതരാകുന്ന ദമ്പതിമാരുടെ വിവരങ്ങള്‍ നിര്‍ബന്ധമായും നോട്ടീസായി പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥ സ്വകാര്യത ലംഘിച്ചുകൊണ്ടുള്ള മൗലിക അവകാശത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ആരുടേയും ഇടപെടുലകളില്ലാതെ വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനെതിരാണ് ഈ വ്യവസ്ഥയെന്നും ജസ്റ്റിസ് വിവേക് ചൗധരിയുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

ദമ്പതിമാരുടെ പേര്, ജനന തിയതി, വയസ്, ജോലി, മാതാപിതാക്കളുടെ പേരുവിവരം, തിരിച്ചറിയല്‍ വിവരം, ഫോണ്‍ നമ്പര്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കണമെന്നാണ് 1954ലെ നിയമത്തില്‍ പറയുന്നത്. ഇത് ദമ്പതികളുമായി ബന്ധമില്ലാത്തവര്‍ക്ക് പോലും എതിര്‍പ്പറിയിക്കാന്‍ 30 ദിവസത്തെ സമയമനുവദിക്കുന്നുണ്ട്. വിവാഹ രജിസ്റ്റര്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കുമ്പോള്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്നത് ദമ്പതിമാര്‍ക്ക് തിരഞ്ഞെടുക്കാം. അത്തരമൊരു നിര്‍ദേശം ദമ്പതിമാര്‍ നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥന് വിവരങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

1954 ലെ ആക്ടിന് കീഴിലുള്ള ഏതെങ്കിലും വിവാഹത്തിന് കക്ഷികളുടെ തിരിച്ചറിയല്‍, പ്രായം, സമ്മതം എന്നിവ ഉറപ്പുവരുത്തുന്നതിനോ അല്ലെങ്കില്‍ വിവാഹ നിയമ സാധുത പരിശോധിക്കുന്നതിനോ വിവാഹ രജിസ്റ്റര്‍ ഓഫീസര്‍ക്ക് എല്ലായ്‌പ്പോഴും വിവരങ്ങള്‍ ലഭ്യമാക്കാമെന്നും കോടതി അറിയിച്ചു.

Tags:    

Similar News