ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെയുള്ള ആദ്യ വിവാഹം പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തു
കൊല്ലം: ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെയുള്ള ആദ്യ വിവാഹം(Marriage) പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ജോലിസ്ഥലമായ ഉക്രൈനില്‍ നിന്നും നാട്ടില്‍ തിരിച്ചെത്താന്‍ കഴിയാതിരുന്ന പുനലൂര്‍ സ്വദേശിയായ ജീവന്‍ കുമാറും കഴക്കൂട്ടം സ്വദേശിയായ ധന്യാ മാര്‍ട്ടിനും തമ്മിലുള്ള വിവാഹമാണ് രജി. ചെയ്തത്. സെപെഷ്യല്‍ മാരേജ് ആക്ട് (Special Marriage Atc) പ്രകാരം വിവാഹം രജി. ചെയ്യുന്നതിനായി 2021 മാര്‍ച്ച് മാസത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു എങ്കിലും നിശ്ചിത കാലാവധിക്കുള്ളില്‍ ജീവന്‍ കുമാറിന് നാട്ടിലെത്താന്‍ കഴിയാതിരുന്നതിനാല്‍ അപേക്ഷയുടെ കാലാവധി നീട്ടിക്കിട്ടണമെന്നും നേരിട്ട് സബ് രജിസ്ട്രാര്‍ ഓഫിസില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കി വീഡിയോ കോണ്‍ഫറന്‍സ് (Video Conference) മാര്‍ഗ്ഗത്തിലൂടെ വിവാഹം നടത്തിക്കൊടുക്കണമെന്നും ആവശ്യപ്പെട്ട് കക്ഷികള്‍ കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതിനെത്തുടര്‍ന്ന് ഹൈക്കോടതി ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ഡോ. കൗസര്‍ എടപ്പകത്ത് എന്നിവരുടെ ബഞ്ച് WP (C) No. 15244/2021 നമ്പരായ റിട്ട് പെറ്റീഷനില്‍ കക്ഷികള്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു.
കേസില്‍ കേരള സര്‍ക്കാരിന്റെയും വിദേശകാര്യ മന്ത്രാലയം, ഐടി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരുടെയും അഭിപ്രായം തേടിയശേഷമായിരുന്നു വിധി.
ജീവന്‍കുമാറിന് പകരം രജിസ്റ്റില്‍ ഒപ്പ് വയ്ക്കാന്‍ ഇയാളുടെ പിതാവ് ദേവരാജനെ പവര്‍ ഓഫ് അറ്റോണി പ്രകാരം ചുമതലപ്പെടുത്തുകയായിരുന്നു.
സമാനമായ മറ്റനവധി കേസുകളിലും ഇതേ നടപടികള്‍ സ്വീകരിക്കുവാന്‍ കോടതി ഉത്തരവിട്ടിരുന്നു എങ്കിലും കക്ഷികള്‍ താല്‍പര്യം കാട്ടത്തതിനാല്‍ നടന്നിരുന്നില്ല. രജി. വകുപ്പില്‍ നിന്നും പിന്തുണ ലഭിക്കും എന്ന് ഉറപ്പായതിനാലാണ് വിവാഹം രജി. ചെയ്യുവാന്‍ കക്ഷികള്‍ തയ്യാറായത്.
പുനലൂര്‍ സബ് രജിസ്ട്രാറും വിവാഹ ഓഫീസറുമായ ടി എം ഫിറോസ് ഓണ്‍ലൈന്‍ മാര്‍ഗ്ഗത്തിലൂടെ ഉെ്രെകനില്‍ ഉള്ള കക്ഷിയെ നേരിട്ട് കണ്ട് സാക്ഷികളാലും ബോധ്യപ്പെട്ട് വിവാഹം രജി. ചെയ്ത് നല്‍കുകയാരിന്നു. കൊല്ലം ജില്ലാ രജിസ്ട്രാര്‍ സി ജെ ജോണ്‍സണ്‍ ഇതേ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ വിവാഹം നിരീക്ഷിച്ചു.