സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതരായാലും ഹിന്ദു യുവതിയും മുസ് ലിം യുവാവും തമ്മിലുള്ള വിവാഹം സാധുവല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി

Update: 2024-05-30 15:39 GMT

ഭോപാല്‍: സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതരായാലും ഹിന്ദു യുവതിയും മുസ് ലിം യുവാവും തമ്മിലുള്ള വിവാഹം മുസ് ലിം വ്യക്തിനിയമപ്രകാരം സാധുവല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. 1954ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം മിശ്രവിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പോലിസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളിക്കൊണ്ടാണ് കോടതി വിധി. സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതരായാലും മുസ് ലിം വ്യക്തിനിയമ പ്രകാരം ക്രമരഹിതമായ വിവാഹമായി കണക്കാക്കുമെന്നും ജസ്റ്റിസ് ഗുര്‍പാല്‍ സിങ് അലുവാലിയ ഉത്തരവില്‍ വ്യക്തമാക്കി. 'മുഹമ്മദന്‍ നിയമപ്രകാരം, വിഗ്രഹാരാധകയായ അല്ലെങ്കില്‍ അഗ്‌നി ആരാധകയായ പെണ്‍കുട്ടിയുമായി ഒരു മുസ് ലിം യുവാവിന്റെ വിവാഹത്തിന് സാധുതയില്ല. അത് സ്‌പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്താലും, സാധുവാകില്ല. അത് ക്രമരഹിതമായ(ഫാസിദ്) വിവാഹമായിരിക്കും. മുസ് ലിം യുവാവും ഹിന്ദു യുവതിയും സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. യുവതിയുടെ കുടുംബം ബന്ധത്തെ എതിര്‍ക്കുകയും വിവാഹം മുന്നോട്ട് പോയാല്‍ സമൂഹം തങ്ങളെ അകറ്റിനിര്‍ത്തുമെന്ന ആശങ്ക ഉയര്‍ത്തുകയും ചെയ്തിരുന്നു. വിവാഹം കഴിക്കാന്‍ പോവുന്നതിന് മുമ്പ് യുവതി അവരുടെ വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ എടുത്തിരുന്നുവെന്ന് കുടുംബം അവകാശപ്പെട്ടു.

സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാനാണ് ഇരുവരും ആഗ്രഹിച്ചിരുന്നത്. വിവാഹത്തിനായി മതംമാറാന്‍ യുവതിയോ യുവാവോ ആഗ്രഹിച്ചിരുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ഓഫിസര്‍ക്ക് മുന്നില്‍ ഹാജരാവുമ്പോള്‍ ഇരുവര്‍ക്കും പോലിസ് സംരക്ഷണം നല്‍കണമെന്നും സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം മിശ്രവിവാഹം സാധുവായിരിക്കുമെന്നും മുസ്‌ലിം വ്യക്തിനിയമത്തെ മറികടക്കുമെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, വ്യക്തിനിയമപ്രകാരം അസാധുവാക്കപ്പെടുന്ന വിവാഹത്തെ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് നിയമവിധേയമാക്കില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷിണം. തങ്ങളുടെ മതം മാറാനോ ലിവ്ഇന്‍ ബന്ധം പുലര്‍ത്താനോ തയ്യാറല്ലെന്ന ഇരുവരുടെയും അപേക്ഷയും കോടതി തള്ളി. ഹരജിക്കാര്‍ക്ക് വേണ്ടി അഡ്വ. ദിനേശ് കുമാര്‍ ഉപാധ്യായയും പ്രോസിക്യൂഷനു വേണ്ടി സര്‍ക്കാര്‍ അഭിഭാഷകനായ കെഎസ് ബാഗേലും യുവതിയുടെ പിതാവിന് വേണ്ടി അഡ്വ. രാഹുല്‍ മിശ്രയും ഹാജരായി.

Tags:    

Similar News