ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് ഇനി മടക്കമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
ഇനി ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് മടക്കമില്ലെന്നും തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീന്‍തന്നെ ഉപയോഗിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി. ബിജെപി ജയിക്കാനിടയായ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ (ഇവിഎം) ക്രമക്കേട് നടന്നുവെന്ന ഹാക്കറുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ പ്രതികരണം.
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഇനി ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് മടക്കമില്ലെന്നും തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീന്‍തന്നെ ഉപയോഗിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി. ബിജെപി ജയിക്കാനിടയായ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ (ഇവിഎം) ക്രമക്കേട് നടന്നുവെന്ന ഹാക്കറുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ പ്രതികരണം.
രണ്ട് പതിറ്റാണ്ടിലധികമായി വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുകയാണ്. പോളിങ്ങിന്റെയും വോട്ടെണ്ണലിന്റെയും കാലതാമസമൊഴിവാക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയയുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കും ഉതകുന്നത് വോട്ടിങ് മെഷീന്‍ തന്നെയാണ്. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ഒരു കാരണവശാലും ക്രമക്കേട് നടത്താന്‍ സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും പരിഹരിക്കുന്നതിന് കമ്മീഷന്‍ തയ്യാറാണെന്നും സുനില്‍ അറോറ കൂട്ടിച്ചേര്‍ത്തു. ലണ്ടനില്‍ ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ അമേരിക്കന്‍ ഹാക്കറായ സയിദ് ഷൂജ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ എങ്ങനെ തിരിമറി നടത്താമെന്ന കാര്യം വെളിപ്പെടുത്തിയതോടെയാണ് വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട് വീണ്ടും വാര്‍ത്തയായത്. തുടര്‍ന്ന് ഈ വിവാദം കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വാക്‌പോരായി മാറി.
എസ്പി, ബിഎസ്പി പാര്‍ട്ടികള്‍ പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങണമെന്ന ആവശ്യമുന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തു. എന്നാല്‍, ഹാക്കറുടെ ആരോപണം തുടക്കത്തില്‍തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിക്കളഞ്ഞു. സയിദ് ഷൂജക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹി പോലിസിന് പരാതി നല്‍കിയിരിക്കുകയാണ്.