നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയ്യതി ഇന്നറിയാം; കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളും പ്രഖ്യാപിച്ചേക്കും

Update: 2024-08-16 04:55 GMT

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതികള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും.വൈകീട്ട് മൂന്നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തിലൂടെയാണ് പ്രഖ്യാപിക്കുക. ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. അതേസമയം, കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തിയ്യതികളും ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് റിപോര്‍ട്ട്. എംഎല്‍എമാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്. വയനാട് ലോക്‌സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. രാഹുല്‍ ഗാന്ധി യുപിയിലെ റായ്ബറേലി തിരഞ്ഞെടുത്തതിനാലാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. എന്നാല്‍, ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ തിരഞ്ഞെടുപ്പ് നീട്ടിയേക്കുമെന്നും സൂചനയുണ്ട്. ചില പാര്‍ട്ടികള്‍ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഹരിയാന സര്‍ക്കാരിന്റെ കാലാവധി നവംബര്‍ മൂന്നിനും മഹാരാഷ്ട്രയില്‍ നവംബര്‍ 26നുമാണ് അവസാനിക്കുക. മഹാരാഷ്ട്രയില്‍ 288 നിയമസഭാ സീറ്റുകളും ഹരിയാനയില്‍ 90 സീറ്റുകളുമാണുള്ളത്. സപ്തംബറിനു മുമ്പ് തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജമ്മുകശ്മീരിലെ തിയ്യതിയും ഇന്ന് പ്രഖ്യാപിച്ചേക്കും. സുപ്രിം കോടതി നിശ്ചയിച്ച സമയപരിധിയായ സെപ്തംബര്‍ 30ന് മുമ്പ് കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനും തിരഞ്ഞെടുപ്പ് സമിതിക്ക് പദ്ധതിയുണ്ട്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്തിടെ ജമ്മു കശ്മീരിലും ഹരിയാനയിലും സന്ദര്‍ശനം നടത്തിയെങ്കിലും ഇതുവരെ മഹാരാഷ്ട്ര സന്ദര്‍ശിച്ചിട്ടില്ല. എന്നാല്‍ ഏതെല്ലാം സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളാണ് പ്രഖ്യാപിക്കുകയെന്ന് കമ്മീഷന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം നടക്കുന്ന രണ്ടാമത് തിരഞ്ഞെടുപ്പ് ഇന്‍ഡ്യ സഖ്യത്തിനും എന്‍ഡിഎയ്ക്കും അതിനിര്‍ണായകമാണ്.

Tags:    

Similar News