നിയമസഭാ തിരഞ്ഞെടുപ്പ്: പഞ്ചാബ് രാഷ്ട്രീയത്തെ പിടിച്ചുലച്ച് കര്‍ഷക സംഘടനകള്‍
രാഷ്ട്രീയം ബലാബലങ്ങള്‍ പോരിനിറങ്ങുന്ന കളരിയാണ്, അത് പ്രാദേശിക രാഷ്ട്രീയത്തിലായാലും ദേശീയ രാഷ്ട്രീയത്തിലായാലും. ചെറിയ ചില നീക്കങ്ങള്‍ പോലും ആ സമവാക്യങ്ങള്‍ അപ്പാടെ ഇളക്കിപ്രതിഷ്ഠിക്കും. അത്തരമൊരു സാധ്യതയാണ് കര്‍ഷക സമരം രൂപപ്പെടുത്തിയത്.
2020 നവംബറില്‍ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ അവരുടെ ട്രാക്റ്ററുകളുമായി എത്തിയപ്പോള്‍ എതിരാളികള്‍ കരുതിയത് പെട്ടെന്നു തന്നെ തകര്‍ത്തുകളയാവുന്ന ഒരു മുന്നേറ്റമെന്നാണ്, അല്ലെങ്കില്‍ ഒരു പ്രതിഭാസമെന്നാണ്. അതുകൊണ്ടുതന്നെ എങ്ങനെയെങ്കിലും പുകച്ചുപറത്തുചാടിക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. ആദ്യ ഘട്ടം പരാജയപ്പെട്ടപ്പോള്‍ കൃഷിമന്ത്രി ചില ചര്‍ച്ചകള്‍ വിളിച്ചുകൂട്ടി സമയം കൊന്നു. പിന്നെപ്പിന്നെ അതും നിന്നു.
പക്ഷേ, അതിനിടയില്‍ കര്‍ഷകര്‍ അവരുടെ സമരവീര്യം ഡല്‍ഹിയ്ക്കു പുറത്തേക്കും പ്രസരിപ്പിച്ചു. ഇന്ത്യയിലെന്നല്ല, ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പിന്തുണ കര്‍ഷകജനതയ്ക്കും നേതൃത്വത്തിനും ഒഴുകിയെത്തിയെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. ആ ശ്രമങ്ങള്‍ക്കിടയില്‍ രാജ്യത്തെ പൊതുസമൂഹത്തിന്റെ ആവേശവും ആശ്വാസവുമായി കര്‍ഷകപോരാളികള്‍ മാറി. അവര്‍ വീരപുരുഷന്മാരുമായി. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മനുഷ്യര്‍ ഡല്‍ഹി അതിര്‍ത്തിയിലേക്ക് ഒഴുകിയെത്തിയ സാഹചര്യമതായിരുന്നു.
അതിനിടയില്‍ കാലം കുറച്ചുകടന്നുപോയി. 2022ല്‍ യുപിയും പഞ്ചാബും അടക്കം അഞ്ച് സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പിലേക്ക് നടന്നടുത്തതോടെ ഒരു തീരുമാനമെടുക്കേണ്ടത് ബിജെപിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായി മാറി. കര്‍ഷകര്‍ക്ക് കൂടുതല്‍ പിന്തുണ ലഭിച്ചുകൊണ്ടിരുന്ന പഞ്ചാബും യുപിയും കൂടി തിരഞ്ഞെടുപ്പിലേക്ക് പോവുകയാണെന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായിരുന്നു. കാരണം പഞ്ചാബിലെയും യുപിയിലെയും വിജയം 2024ലെ ദേശീയ തിരഞ്ഞെടുപ്പിനെ പോലും ബാധിക്കുമെന്ന് പാര്‍ട്ടി കണക്കുകൂട്ടിയിരുന്നു.
സമരകാലത്ത് പ്രതിപക്ഷപാര്‍ട്ടികള്‍ കര്‍ഷക സംഘടനകളുമായി ഉണ്ടാക്കിയെടുത്ത അടുപ്പം ബിജെപിക്ക് അലോസരമുണ്ടാക്കി. എന്‍ഡിഎയില്‍ തന്നെ പടലപിണക്കമുണ്ടാക്കാനും അത് പര്യാപ്തമാണെന്ന തിരിച്ചറിവ് ആദ്യമേ ബിജെപിക്ക് ഉണ്ടായിരുന്നെങ്കിലും അത് നിയമസഭാ തിരഞ്ഞെടുപ്പ്‌വരെ നീണ്ടുനില്‍ക്കുമെന്ന് അവര്‍ കരുതിയിരിക്കുകയില്ല. എന്‍ഡിഎയില്‍ നിന്നും കേന്ദ്ര കാബിനറ്റില്‍ നിന്നുപോലും ഇഷ്ടത്തോടെയല്ലെങ്കിലും ശിരോമണി അകാലിദള്‍ പുറത്തേക്കുപോകേണ്ടിവന്നതിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
ഇതിന്റെ അവസാന ഘട്ടത്തിലാണ് മൂന്ന് കാര്‍ഷിക നിയമവും പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിക്കുന്നത്. കാര്യങ്ങള്‍ വലിയ മാറ്റമില്ലാതെ നില്‍ക്കുകയാണെങ്കില്‍ ബിജെപിക്കാണ് ഈ നീക്കം കൊണ്ട് ലാഭം. കാരണം അവര്‍ കര്‍ഷകരുടെ വിരോധം ഇല്ലാതാക്കിയിരിക്കുകയാണല്ലോ.
പക്ഷേ, കാര്യങ്ങള്‍ ഇവിടം കൊണ്ടും നല്‍ക്കുമെന്നു തോന്നുന്നില്ല. കര്‍ഷകരുടെ 32 സംഘടനകളില്‍ നിന്ന് രണ്ട് സംഘടനകള്‍ രൂപം കൊണ്ടിരിക്കുന്നു. ഗുര്‍നാം സിങ് ഛതുനിയുടെ സംയുക്ത സംഘര്‍ഷ് പാര്‍ട്ടി(എസ്എസ്പി)യും ബല്‍ബീര്‍ സിങ് രജേവെല്ലിന്റെ സംയുക്ത സമാജ് മോര്‍ച്ച(എസ്എസ്എം)യും. ആദ്യം പാര്‍ട്ടി പ്രഖ്യാപനം നടത്തിയത് രജേവെല്ലിന്റെ എസ്എസ്എം ആണ്. അതിനുശേഷമാണ് ഛദുനിയുടെ പാര്‍ട്ടി വരുന്നത്.
രജേവെല്ലിന്റെ സംഘടനയുമായി അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി സഖ്യമുണ്ടാക്കുമെന്നായിരുന്നു ആദ്യത്തെ അഭ്യൂഹം. താമസിയാതെ രജേവെല്‍ അത് തള്ളിക്കളഞ്ഞു.
അതിനിടയില്‍ എസ്എസ്പിയും എസ്എസ്എമ്മും തമ്മില്‍ ബന്ധത്തിനുള്ള ചില ശ്രമങ്ങള്‍ നടന്നു. അത് കാര്യമായി വിജയിച്ചില്ലെന്നാണ് കരുതപ്പെടുന്നത്. രണ്ട് പാര്‍ട്ടികളും തമ്മിലുള്ള സഖ്യം പഞ്ചാബ് രാഷ്ട്രീയത്തെ മാറ്റിമറിക്കുമെന്നതാണ് സത്യം. പക്ഷേ, അതിപ്പോഴും സംഭവിച്ചിട്ടില്ല.
ഇവര്‍ ഏതെങ്കിലും ദേശീയ പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിക്കുകയാണെങ്കില്‍ അതും പഞ്ചാബ് രാഷ്ട്രീയത്തെ കീഴ്‌മേല്‍ മറിക്കും. ആദ്യ ഘട്ടത്തില്‍ ആംആദ്മി പാര്‍ട്ടിക് പിന്തുണ നല്‍കുമെന്നാണ് എസ്എസ്എം പറഞ്ഞിരുന്നത്. താമസിയാതെ അവര്‍ തന്നെ അത് തള്ളി. പക്ഷേ, അത് അവസാന വാക്കൊന്നുമല്ല. കര്‍ഷക സംഘടനകള്‍ ഏത് പാര്‍ട്ടിക്ക് പിന്തുണ നല്‍കിയാലും ആ പാര്‍ട്ടി പഞ്ചാബ് ഭരിക്കുമെന്നതില്‍ സംശയമൊന്നുമില്ല. അതേസമയം അവര്‍ വേറിട്ട് നില്‍ക്കുകയാണെങ്കില്‍ അത് വിവിധ പാര്‍ട്ടികളുടെ വോട്ട് ചോര്‍ച്ചക്ക് കാരണമാവുകയും ചെയ്യും. ഈ വിടവില്‍ ആരാണ് വിജയിക്കുകയെന്നത് കണ്ടറിയണം. പഞ്ചാബ് രാഷ്ട്രീയത്തെ തൃശ്ശങ്കുവിലാക്കിയ കര്‍ഷകരുടെ സമരത്തിന്റെ അവസാന നില അതാണ്. ഇനിയെന്ത് സംഭവിക്കുമെന്ന് കണ്ടറിയണം.