കര്‍ഷക സമരക്കാര്‍ക്ക് സുവര്‍ണക്ഷേത്രത്തില്‍ ആദരം നല്‍കുന്നു
ഒരു വര്‍ഷം നീണ്ടു നിന്ന സമരം ലക്ഷ്യം കണ്ടതിന്റെ ആഹ്‌ളാദത്തില്‍ രാജ്യമെങ്ങും കര്‍ഷകര്‍ ആഘോഷിക്കുകയാണ്
ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ തിട്ടൂരത്തെ ഇച്ഛാ ശക്തികൊണ്ട് തോല്‍പ്പിച്ച് കര്‍ഷകസമരം വിജയിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ കര്‍ഷകര്‍ക്ക് അമൃത്‌സറിലെ സുവര്‍ണക്ഷേത്രത്തില്‍ ആദരം നല്‍കുന്നു. ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരഭടന്മാരായ കര്‍ഷകരെ ആദരിക്കുന്നത്. ഒരുവര്‍ഷം നീണ്ട കര്‍ഷക സമരം അവസാനിപ്പിച്ച് മണ്ണിന്റെ രാജാക്കന്മാര്‍ 11ാം തിയ്യതിയാണ് ഡല്‍ഹി വിട്ടത്. സമരക്കാരുടെ ആവശ്യങ്ങള്‍ രേഖാമൂലം അംഗീകരിച്ചതോടെ കഴിഞ്ഞ ശനിയാഴ്ച വിജയദിവസമായി ആഘോഷിച്ചാണ് കര്‍ഷകര്‍ മടങ്ങിയത്. സമരഭൂമിയില്‍ നിന്ന് മടങ്ങുന്ന കര്‍ഷകര്‍ക്ക് വഴിയിലൂടനീളം ആവേശകരമായ സ്വീകരണം ലഭിച്ചു. ഇതിനിടെ നാട്ടിലേക്ക് മടങ്ങുന്ന കര്‍ഷകര്‍ക്ക് മേല്‍ ഹരിയാന -പഞ്ചാബ് അര്‍ത്തിയില്‍ വിമാനത്തില്‍ നിന്ന് പുഷ്പവൃഷ്ടി നടത്തിയത് ഏറെ ശ്രദ്ധേയമായി.
കര്‍ഷക സമര വിജയത്തെ നാട് ആഘോഷിക്കുകയാണെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കണ്ടത്. സിംഘു, തിക്രി, ഗാസിപുര്‍ അതിര്‍ത്തികളിലെ ഉപരോധം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി കൊണ്ടിരിക്കുകയാണ്. കര്‍ഷകര്‍ക്ക് സമരപന്തലുകള്‍ ഒഴിയാന്‍ ഈ മാസം 15 വരെ ഹരിയാന, യുപി സര്‍ക്കാറുകള്‍ സാവകാശം അനുവദിച്ചിട്ടുണ്ട്. ഒരു വര്‍ഷം നീണ്ടു നിന്ന സമരം ലക്ഷ്യം കണ്ടതിന്റെ ആഹ്‌ളാദത്തില്‍ രാജ്യമെങ്ങും കര്‍ഷകര്‍ ആഘോഷിക്കുകയാണ്. വിവാദ കാര്‍ഷികബില്ല് പിന്‍ വലിച്ചതടക്കം കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍വെച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ചതോടെയാണ് കിസാന്‍ സംയുക്ത മോര്‍ച്ച സമരം അവസാനിപ്പിക്കാന്‍ തയ്യാറായത്. കഴിഞ്ഞ മഞ്ഞു കാലത്തിനു മുമ്പേ തുടങ്ങിയ സമരം ഈ ശീതകാലത്താണ് അവസാനിച്ചത്. സമരം അവസാനിപ്പിച്ചതായുള്ള കിസാന്‍ മോര്‍ച്ചയുടെ പ്രഖ്യാപനത്തിന് പിന്നാലെ സിംഘു, തിക്രി, ഗാസിപുര്‍ അതിര്‍ത്തികളില്‍ കര്‍ഷകര്‍ ടെന്റ്റുകള്‍ നേരത്തെ തന്നെ പൊളിച്ചു തുടങ്ങിയിരുന്നു. പിരിഞ്ഞു പോയെങ്കിലും സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളിലെ പുരോഗതി വിലയിരുത്താന്‍ കിസാന്‍ മോര്‍ച്ച ജനുവരി പതിനഞ്ചിന് വീണ്ടും യോഗം ചേരും. സമരത്തിനിടെ 600 കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ഉറപ്പ്പാലിക്കപ്പെടുമെന്നാണ് കര്‍ഷക നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. മിനിമം താങ്ങു വില നിശ്ചയിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകും.
കര്‍ഷക വിരുദ്ധമെന്ന് ആരോപണമുയര്‍ന്ന മൂന്ന് കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കാമെന്ന് പ്രധാന മന്ത്രി പ്രഖ്യാപിച്ചിട്ടും കര്‍ഷകര്‍ സമരം നിര്‍ത്തിയിരുന്നില്ല. പാര്‍ലമെന്റില്‍ ബില്ല് പിന്‍വലിച്ച ശേഷം കര്‍ഷകരുമായി രണ്ടുഘട്ടങ്ങളിലായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സമരം അവസാനിപ്പിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ തീരുമാനിച്ചത്. കൃഷി മന്ത്രാലയം സെക്രട്ടറി സഞ്ജയ് അഗര്‍വാള്‍ കേന്ദ്രത്തിന്റെ രേഖമൂലമുള്ള ഉറപ്പുകളടങ്ങിയ കത്ത് കര്‍ഷകര്‍ക്ക് കഴിഞ്ഞ ദിവസം കൈമാറി. കര്‍ഷകര്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങളില്‍ അഞ്ച് കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈക്കാര്യങ്ങള്‍ നടപ്പിലാക്കുന്നതിലെ പുരോഗതി പരിശോധിക്കാനാണ് സംയുക്ത കിസാന്‍ മോര്‍ച്ച വീണ്ടും യോഗം ചേരുന്നത്. വിദൂര ഗ്രാമങ്ങളില്‍ നിന്ന് ഊഴമിട്ട് സമര പന്തലിലെത്തി സജീവമാക്കിയ കര്‍ഷകര്‍ ജനാധിപത്യ സമരങ്ങളുടെ വിജയപ്രതീക്ഷകളെയും കൂടുതല്‍ പ്രകാശിപ്പിച്ചാണ് നാടുകളിലേക്ക് മടങ്ങിയത്. സുവര്‍ണക്ഷേത്രത്തില്‍ സമരം ചെയ്ത കര്‍ഷകര്‍ക്ക് നല്‍കുന്ന സ്വീകരണം സിക്ക് സമൂഹത്തിന്റെ ആദരമാണ്.