ജൂതന്‍മാരുമായുള്ള പ്രവാചകന്റെ ബന്ധം ഓര്‍മ്മപ്പെടുത്തി മക്ക ഇമാം

യുഎഇയും ഇസ്രായേലും നയതന്ത്ര ബന്ധം സ്ഥാപിച്ചതു പോലെ സൗദി അറേബ്യയും ഇത് പിന്തുടര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് മക്ക ഇമാം ജൂതരോടുള്ള മുസ്‌ലിംകളുടെ ബന്ധം വെള്ളിയാഴ്ച്ച പ്രസംഗത്തിലെ വിഷയമാക്കിയത്.

Update: 2020-09-07 06:12 GMT

മക്ക: യുഎഇ ഇസ്രയേലുമായി കരാര്‍ ഒപ്പിട്ടതിന്റെ പശ്ചാത്തലത്തില്‍ ജൂതന്‍മാരുമായി പ്രവാചകന്‍ മുഹമ്മദ് നബി പുലര്‍ത്തിയ ബന്ധം ഓര്‍മ്മപ്പെടുത്തി മക്ക ഇമാമിന്റെ പ്രസംഗം. ജുമുഅ പ്രസംഗത്തിലാണ് ഇമാം അബ്ദുല്‍ റഹ്‌മാന്‍ അല്‍ സുദൈസ് ജൂതന്‍മാരോട് പ്രവാചകന്‍ കാണിച്ച മാതൃകകള്‍ പുലര്‍ത്താന്‍ ആഹ്വാനം ചെയ്തത്.

'പരസ്പര ബന്ധങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും മികച്ചതാക്കാന്‍ ശരിയായ വിശ്വാസങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മനസ്സുകളില്‍ നിന്നും ഒഴിവാക്കണമെന്ന് ഇമാം ഉല്‍ബോധിപ്പിച്ചു. യുഎഇയും ഇസ്രായേലും നയതന്ത്ര ബന്ധം സ്ഥാപിച്ചതു പോലെ സൗദി അറേബ്യയും ഇത് പിന്തുടര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് മക്ക ഇമാം ജൂതരോടുള്ള മുസ്‌ലിംകളുടെ ബന്ധം വെള്ളിയാഴ്ച്ച പ്രസംഗത്തിലെ വിഷയമാക്കിയത്.

മുഹമ്മദ് നബിയുടെ ജീവിതത്തില്‍ നിന്നുള്ള പല ഉദാഹരണങ്ങളും അദ്ദേഹം പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി. അമുസ്്‌ലിം സ്ത്രീയുടെ കുപ്പിയിലെ വെള്ളം ഉപയോഗിച്ച് പ്രവാചകന്‍ നമസ്‌ക്കാരത്തിന് അംഗശുദ്ധി വരുത്തിയതും ഖൈബര്‍ മേഖലയിലെ ജൂത നിവാസികളുമായി സമാധാന കരാര്‍ ഉണ്ടാക്കിയതും മക്ക ഇമാം ഓര്‍മിപ്പിച്ചു.

ആരോഗ്യകരമായ സംവാദത്തിനുള്ള അവസരങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍ നാഗരികതകള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടാകും. അപ്പോള്‍ വിദ്വേഷവും അക്രമവുമായിരിക്കും ഇരു വിഭാഗത്തിന്റെയും ഭാഷയെന്നും സുദൈസ് ഓര്‍മിപ്പിച്ചു. തന്റെ പ്രഭാഷണത്തിന്റെ അവസാനത്തില്‍, 'ആക്രമണകാരികളുടെ പിടിയില്‍ നിന്ന് ജറുസലേമിലെ അല്‍-അക്‌സാ പള്ളിയെ രക്ഷിക്കണമെന്നും' ലോകാവസാനം വരെ ബഹുമാനിക്കപ്പെടുന്ന സ്ഥലമായി' അതിനെ നിലനിര്‍ത്തണമെന്നും മക്ക ഇമാം പ്രാര്‍ഥിച്ചു. 

Tags:    

Similar News