സൂര്യനും ചന്ദ്രനും മുഖാമുഖം വരുന്നു; ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം ശനിയാഴ്ച

Update: 2023-10-10 06:48 GMT

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഒക്ടോബര്‍ 14ന് ദൃശ്യമാവും. 'റിങ് ഓഫ് ഫയര്‍' എന്ന അപൂര്‍വ ഗ്രഹണമാണ് ഇത്തവണ ദൃശ്യമാവുകയെന്നും 2012ന് ശേഷം ആദ്യമായാണ് ഇത്തരമൊരു പ്രതിഭാസമെന്നും വിദഗ്ധര്‍ അറിയിച്ചു. ചന്ദ്രന്‍ സൂര്യന്റെ മുന്നിലെത്തുകയും ഈസമയം ചന്ദ്രന്‍ സൂര്യനെ ഭൂരിഭാഗവും മറയ്ക്കുകയും തിളക്കമാര്‍ന്ന മോതിരം പോലെ സൂര്യന്‍ ദൃശ്യമാവുകയും ചെയ്യും. അമേരിക്ക, മെക്‌സിക്കോ, തെക്കന്‍, മധ്യ അമേരിക്ക എന്നിവിടങ്ങളിലെ പല രാജ്യങ്ങളിലും ഈ പ്രതിഭാസം ദൃശ്യമാവും.

    പടിഞ്ഞാറന്‍ അര്‍ധഗോളത്തിലെ രാജ്യങ്ങളില്‍ റിങ് ഓഫ് ഫയര്‍ കാണാനാവുമെന്ന് നാസ ആസ്ഥാനത്തെ ഹീലിയോഫിസിക്‌സ് ഡിവിഷന്‍ ആക്ടിംഗ് ഡയറക്ടര്‍ പെഗ് ലൂസ് വ്യക്തമാക്കി. എന്നാല്‍, റിങ് ഓഫ് ഫയര്‍ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാവില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. അപൂര്‍വ സൂര്യഗഹണം കാണാന്‍ നാസ ഔദ്യോഗിക യൂ ട്യൂബ് ചാനലിലൂടെ സൗകര്യമൊരുക്കുന്നുണ്ട്. 14ന് ഇന്ത്യന്‍ സമയം വൈകീട്ട് 4:30 മുതലാണ് യൂ ട്യൂബില്‍ കാണാന്‍ കഴിയുക.

    അതേസമയം, നഗ്‌നനേത്രങ്ങള്‍ ഉപയോഗിച്ച് സൂര്യഗ്രഹണം കാണാന്‍ ശ്രമിക്കരുതെന്നും ഇത് അപകടങ്ങള്‍ക്ക് കാരണായേക്കാമെന്നും അധികൃതര്‍ അറിയിച്ചു. കണ്ണുകളുടെ സുരക്ഷയ്ക്കായി മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ് നല്ലത്. അലൂമിനൈസ്ഡ് മൈലാര്‍, ബ്ലാക്ക് പോളിമര്‍, ഷേഡ് നമ്പര്‍ 14ന്റെ വെല്‍ഡിങ് ഗ്ലാസ് എന്നിങ്ങനെയുള്ള ഫില്‍ട്ടറുകള്‍ ഉപയോഗിക്കാം. കൂടാതെ ദൂരദര്‍ശിനി ഉപയോഗിച്ചോ പിന്‍ഹോള്‍ പ്രൊജക്ടര്‍ ഉപയോഗിച്ചോ നിരീക്ഷിക്കാമെന്നും വിദഗ്ധര്‍ അറിയിച്ചു.

Tags:    

Similar News