രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; 151 ദിവസത്തിനിടക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക്
രോഗം ഭേദമായ ആളുകളുടെ എണ്ണം 3,15,97,982 ആണ്
രാജ്യത്ത് ഇതുവരെ 32,393,286 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. അതേസമയം രോഗമുക്തി നിരക്ക് 97.54%ആയി മെച്ചപ്പെട്ടു, 2020 മാര്‍ച്ച് മുതലുള്ള ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണ് ഇത്. ഇന്ന് രാവിലെ 8 മണിക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള പുതുക്കിയ കണക്കുകള്‍ പ്രകാരം 375 പുതിയ മരണങ്ങളോടെ മരണസംഖ്യ 4,33,964 ആയി ഉയര്‍ന്നു. രോഗം ഭേദമായ ആളുകളുടെ എണ്ണം 3,15,97,982 ആണ്.മരണനിരക്ക് 1.34 ശതമാനമാണെന്ന് മന്ത്രാലയം പറയുന്നു.
2020 ഓഗസ്റ്റ് 7 ന് ഇന്ത്യയിലെ കൊവിഡ് 19 ബാധിതരുടെ എണ്ണം 20 ലക്ഷമായിരുന്നു. ഇത് ആഗസ്റ്റ് 23 ന് 30 ലക്ഷം, സെപ്റ്റംബര്‍ 5 ന് 40 ലക്ഷം, സെപ്റ്റംബര്‍ 16 ന് 50 ലക്ഷം. സെപ്റ്റംബര്‍ 28 ന് 60 ലക്ഷം, ഒക്ടോബര്‍ 11 ന് 70 ലക്ഷം എന്നിങ്ങനെ വര്‍ധിച്ചു. ഒക്ടോബര്‍ 29 ന് 80 ലക്ഷം കടന്നു, നവംബര്‍ 20 ന് 90 ലക്ഷം കടന്നു, ഡിസംബര്‍ 19 ന് ഒരു കോടി പിന്നിട്ടു. മേയ് 4 ന് ഇന്ത്യ രണ്ട് കോടിയുടെയും ജൂണ്‍ 23 ന് മൂന്ന് കോടിയുടെയും നാഴികക്കല്ല് മറികടന്നു.