കുംഭമേളക്ക് എത്തിയവരില്‍ നടത്തിയ ഒരു ലക്ഷത്തോളം കൊവിഡ് പരിശോധനാ ഫലങ്ങള്‍ വ്യാജം

കുംഭമേളക്ക് പോകാത്ത പഞ്ചാബ് സ്വദേശിക്ക് ഹരിദ്വാര്‍ ആരോഗ്യ വകുപ്പില്‍ നിന്നും കൊവിഡ് നെഗറ്റീവ് റിപോര്‍ട്ട് ലഭിച്ചതോടെയാണ് വലിയ ക്രമക്കേട് പുറത്തുവന്നത്.

Update: 2021-06-15 07:08 GMT

ന്യൂഡല്‍ഹി: കുംഭമേളക്ക് എത്തിയവരില്‍ നടത്തിയ ഒരു ലക്ഷത്തോളം കൊവിഡ് പരിശോധനാ ഫലങ്ങള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്. സാംപിളുകള്‍ ശേഖരിക്കാന്‍ ഒരു ഏജന്‍സി നിയോഗിച്ച 200 പേര്‍ ഹരിദ്വാറില്‍ വന്നിട്ടുപോലുമില്ലെന്നും സംഭവത്തെ കുറിച്ച് ഉത്തരാഖണ്ഡ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക അന്വേഷണഅന്വേഷണത്തില്‍ വ്യക്തമായി. കുറഞ്ഞത് ഒരു ലക്ഷം കൊവിഡ് പരിശോധനാ റിപോര്‍ട്ടുകള്‍ സ്വകാര്യ ഏജന്‍സി കെട്ടിച്ചമച്ചതാണെന്ന് 1600 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു.


ഒരാളെ പരിശോധിക്കാനുള്ള ആന്റിജന്‍ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് 700 സാമ്പിളുകള്‍ പരിശോധിച്ചതായിട്ടാണ് റിപോര്‍ട്ടിലുള്ളത്. 50ല്‍ അധികം ആളുകളെ രജിസ്റ്റര്‍ ചെയ്യുന്നതിന് ഒരൊറ്റ ഫോണ്‍ നമ്പറാണ് ഉപയോഗിച്ചിരിക്കുന്നത്. പരിശോധന നടത്തി എന്ന് പറയുന്നവരുടെ പല വിലാസങ്ങളും പേരുകളും സാങ്കല്‍പ്പികമായിരുന്നു. ഹരിദ്വാറിലെ അഞ്ചാം നമ്പര്‍ വീട്ടില്‍ നിന്ന് 530 സാമ്പിളുകള്‍ കൊവിഡ് പരിശോധനക്ക് എടുത്തിട്ടുണ്ട്.


ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.18 ശതമാനം എന്നാണ് കുഭംമേളയുടെ സമയത്ത് ഒരു സ്വകാര്യ ഏജന്‍സി നടത്തിയ പരിശോധനയില്‍ കണ്ടതെന്ന് റിപോര്‍ട്ട് നല്‍കിയത്. ഒരു ലക്ഷം കൊവിഡ് പരിശോധനയില്‍ 177 പേര്‍ക്ക് മാത്രമാണ് രോഗം കാണപ്പെട്ടതെന്നും അറിയിച്ചിരുന്നു. ഇതെല്ലാം പരിശോധന പോലും നടത്താതെ വ്യാജ വിവരങ്ങള്‍ നല്‍കിയതാണെന്നാണ് ഇപ്പോള്‍ വ്യക്തമായിട്ടുള്ളത്. കുംഭമേളയ്ക്ക് പോകാത്ത പഞ്ചാബ് സ്വദേശിക്ക് ഹരിദ്വാര്‍ ആരോഗ്യ വകുപ്പില്‍ നിന്നും കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് വലിയ ക്രമക്കേട് പുറത്തുവന്നത്. ഇദ്ദേഹം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന് പരാതി നല്‍കിയതോടെയാണ് അന്വേഷണം തുടങ്ങിയത്. ആന്റിജന്‍ പരിശോധനയ്ക്ക് 350 രൂപ ഈടാക്കിയാണ് പരിശോധന നടത്തിയിരുന്നത്.


പരിശോധനക്ക് വിധേയമായവരുടേതെന്ന് രേഖപ്പെടുത്തിയ ഫോണ്‍ നമ്പറുകളില്‍ പലതും വ്യാജമാണ്. കാണ്‍പൂര്‍, മുംബൈ, അഹമ്മദാബാദ് തുടങ്ങി 18 സ്ഥലങ്ങളില്‍ നിന്നുള്ള ആളുകള്‍ നല്‍കിയത് ഒരേ ഫോണ്‍ നമ്പറാണ്. രണ്ട് സ്വകാര്യ ലാബുകളിലാണ് ഏജന്‍സി സാമ്പിളുകള്‍ നല്‍കിയതെന്നും ഈ രണ്ട് ലാബുകളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും കുംഭമേള ആരോഗ്യ ഓഫീസര്‍ ഡോ. അര്‍ജുന്‍ സിംഗ് സെംഗാര്‍ പറഞ്ഞു. കുംഭമേളക്കാലത്ത് പ്രതിദിനം 50,000 കോവിഡ് ടെസ്റ്റുകളെങ്കിലും നടത്താന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സാമ്പിളുകള്‍ ശേഖരിക്കാന്‍ ഒരു ഏജന്‍സി നിയോഗിച്ച 200 പേര്‍ ഹരിദ്വാറില്‍ വന്നിട്ടുപോലുമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഈ കാലയളവില്‍ നാല് ലക്ഷം പരിശോധനകളാണ് ഒമ്പത് ഏജന്‍സികളും 22 സ്വകാര്യ ലാബുകളും നടത്തിയത്. ഇതിലെ തട്ടിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.


അന്വേഷണ റിപ്പോര്‍ട്ട് ഹരിദ്വാര്‍ ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറിയതായി ആരോഗ്യ സെക്രട്ടറി അമിത് നേഗി പറഞ്ഞു. നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. 15 ദിവസത്തിനുള്ളില്‍ ഡി.എമ്മില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെക്കുമെന്നും നേഗി പറഞ്ഞു.





Tags:    

Similar News