കാന്തപുരവുമായി ബന്ധമുള്ള സംഘടനയുടെ വിദേശ ഫണ്ടിങ് ലൈസന്‍സ് കേന്ദ്രം റദ്ദാക്കിയതായി ആര്‍എസ്എസ് ചാനല്‍

Update: 2021-09-05 07:25 GMT

സ്വന്തം പ്രതിനിധി

കോഴിക്കോട്: വിദേശസഹായ നിയന്ത്രണചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനാല്‍ കാന്തപുരം അബൂബക്കര്‍ മുസ് ല്യാരുമായി ബന്ധമുള്ള സന്നദ്ധ സംഘടനയുടെ വിദേശ ഫണ്ടിങ് ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയതായി സംഘപരിവാര ചാനല്‍. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മര്‍കസുല്‍ ഇഖ്ഹാസത്തില്‍ ഖൈരിയ്യത്തില്‍ ഹിന്ദിയ്യ എന്ന എന്‍ജിഒയുടെ ലൈസന്‍സാണ് റദ്ദാക്കിയതെന്നാണ് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ജനം ടിവി ഓണ്‍ലൈനില്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നത്. യുഎഇ റെഡ്ക്രസന്റുമായി സഹകരിച്ച് മര്‍കസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയെയാണ് വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നത്.

അതേസമയം, ജനം ടിവി വാര്‍ത്ത തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് മര്‍കസ് വൃത്തങ്ങള്‍ അറിയിച്ചു. സംഘടനയ്ക്കു വിദേശ സഹായം ലഭിക്കുന്നതിനുള്ള അനുമതി റദ്ദാക്കിയിട്ടില്ല. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മതിയായ ലിശദീകരണം നല്‍കിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ ഇങ്ങനെയൊരു വാര്‍ത്ത പുറത്തുവന്നത് അസ്വാഭാവിക നടപടിയാണെന്നും മര്‍കസ് വൃത്തങ്ങള്‍ തേജസ് ന്യൂസിനോട് പറഞ്ഞു. ജീവകാരുണ്യ സംരംഭങ്ങള്‍ക്ക് വിദേശ സഹായം സ്വീകരിക്കുന്നത് വ്യവസ്ഥാപിത മാര്‍ഗത്തിലാണ്. അതിന്റെ വിനിയോഗം സുതാര്യമാണെന്നും മര്‍കസ് കേന്ദ്രങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വിദേശത്ത് നിന്ന് 146 കോടിയിലധികം രൂപ ഈ സംഘടന മുന്‍കൂര്‍ അനുമതിയില്ലാതെ സ്വീകരിച്ചതായാണ് ജനം ടിവി വാര്‍ത്തയില്‍ ആരോപിക്കുന്നത്. വിദേശസഹായ നിയന്ത്രണ ചട്ട പ്രകാരം പണം, ഉപകാരം, സമ്മാനം, സേവനം എന്നിങ്ങനെ ഏതുതരം വിദേശസഹായവും സ്വീകരിക്കാന്‍ വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ മുന്‍കൂര്‍ അനുമതി വേണം. ഇതിനുള്ള അപേക്ഷ ധനമന്ത്രാലയം പരിശോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. വിദേശസഹായം രാജ്യവിരുദ്ധ പ്രവര്‍ത്തിനത്തിനാണോ എന്നടക്കം പരിശോധിച്ച് ക്ലിയറന്‍സ് നല്‍കേണ്ടത് ആഭ്യന്തര മന്ത്രാലയമാണ്. അല്ലെങ്കില്‍ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ ശാശ്വതമായി റദ്ദാക്കുകയോ ചെയ്യാം.

2021 ആഗസ്ത് 27ന് പുറപ്പെടുവിച്ച ഉത്തരവില്‍ മര്‍കസിന്റെ വിദേശ സംഭാവനകള്‍ അനുമതിയില്ലാതെ സ്വീകരിച്ചവയാണെന്ന് വാര്‍ത്തയില്‍ പറയുന്നു. ഇത്തരത്തില്‍ സ്വീകരിച്ച തുക ദുരുപയോഗം ചെയ്തതായും വാര്‍ത്തയില്‍ പരാമര്‍ശമുണ്ട്. റിലീഫ് ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ എന്ന പേരിലും ഈ സംഘടന പ്രവര്‍ത്തിക്കുന്നു. 2019-20 വര്‍ഷത്തേക്കുള്ള വാര്‍ഷിക വിദേശസഹായ വിവരങ്ങള്‍ സമര്‍പ്പിക്കാനും സംഘടനയ്ക്ക് കഴിഞ്ഞിട്ടില്ല. ഭൂമി വാങ്ങുന്നതിനായി വിദേശസംഭാവനയായി ലഭിച്ച തുകയില്‍ നിന്ന് 50 ലക്ഷം രൂപ സംഘടന പിന്‍വലിച്ചതായി ജനം ടിവി വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ 2015 ജനുവരി 13ന് ഭൂമി ഇടപാട് റദ്ദാക്കിയതോടെ എന്‍ജിഒയ്ക്ക് തുക തിരികെ ലഭിച്ചു. ഈ തുക വിദേശ സഹായ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാതെ എന്‍ ജിഒ ഓഫിസില്‍ പണമായി സൂക്ഷിച്ചു. ഭൂമി വാങ്ങാനെന്ന പേരില്‍ ലഭിച്ച 50 ലക്ഷം തുകയ്ക്ക് കണക്കില്ല, അത് ദുരുപയോഗം ചെയ്തതു തുടങ്ങിയവയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപോര്‍ട്ടിലുള്ളതെന്നും ചാനലിന്റെ ഓണ്‍ലൈന്‍ വാര്‍ത്തയില്‍ പറയുന്നു.

ഇതിനു പുറമെ, വ്യക്തിഗത ആവശ്യങ്ങള്‍ക്കായും സംഘടനാ ഫണ്ട് ഉപയോഗിച്ചതായി ആരോപണമുണ്ട്. വഖ്ഫ് ബോര്‍ഡില്‍ നിന്ന് ഇസ് ലാമിക് എജ്യുക്കേഷന്‍ ബോര്‍ഡ് പാട്ടത്തിനെടുത്ത ഭൂമിയില്‍ കെട്ടിടം പണിയാന്‍ എന്‍ജിഒയ്ക്ക് വിദേശത്ത് നിന്ന് ഫണ്ട് ലഭിച്ചിരുന്നു. അസോസിയേഷന് അവകാശമില്ലാത്ത ഭൂമിയില്‍ ആസ്തികള്‍ സൃഷ്ടിക്കുന്നതും ദുരുപയോഗമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപോര്‍ട്ടില്‍ പറയുന്നതെന്നും വാര്‍ത്തയില്‍ ആരോപിക്കുന്നു. 

Tags:    

Similar News