അഫ്ഗാനില്‍ നിന്ന് ഒടുവില്‍ യുഎസ് തോറ്റ് പിന്‍മാറുന്നു

2,400ല്‍ പരം യുഎസ് സൈനികരെ ബലി നല്‍കി, അത്യാധുനിക ആയുധങ്ങളുമായി ഒരു ട്രില്യണില്‍ അധികം ഡോളര്‍ ചെലവഴിച്ച് 20 വര്‍ഷം യുദ്ധം ചെയ്തിട്ടും താലിബാനെ നിലംപരിശാക്കാന്‍ സാധിച്ചില്ലെന്നു മാത്രമല്ല, ഖത്തര്‍ മധ്യസ്ഥതയില്‍ അവരുമായി സമാധാന കരാറുണ്ടാക്കാന്‍ നിര്‍ബന്ധിതരായി എന്നത് യുഎസിന്റെ അഭിമാനത്തിനേറ്റ ക്ഷതമായിരുന്നു.

Update: 2021-04-15 07:45 GMT

വാഷിങ്ടണ്‍: പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഭൂരിഭാഗവും നേടാനാവാതെയാണ് അഫ്ഗാനില്‍ നിന്ന് ഒടുവില്‍ യുഎസ് സൈന്യം പിന്‍മാറുന്നത്. 2001 സപ്തംബര്‍ 11ന് ലോക വ്യാപാര കേന്ദ്രം ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് യുഎസും ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളും അഫ്ഗാനില്‍ അധിനിവേശം നടത്തുന്നത്. താലിബാനെ അധികാരത്തില്‍നിന്നു നിഷ്‌കാസനം ചെയ്യുക, അല്‍ ഖാഇദയെ തകര്‍ക്കുക, സായുധ സംഘങ്ങള്‍ക്ക് അഫ്ഗാനിലെ സുരക്ഷിത പ്രവര്‍ത്തന താവളം നിഷേധിക്കുക തുടങ്ങിയവയായിരുന്നു പൊതു ലക്ഷ്യങ്ങള്‍.

ലോക വ്യാപാര കേന്ദ്രം ആക്രമിക്കപ്പെട്ട സംഭവത്തിലെ മുഖ്യ ആസൂത്രകനെന്ന് യുഎസ് ആരോപിക്കുന്ന ഉസാമ ബിന്‍ ലാദനെ കൈമാറണമെന്നും അല്‍ ഖാഇദയെ രാജ്യത്തുനിന്നു പുറത്താക്കണമെന്ന അന്നത്തെ യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു ബുഷ് ആവശ്യം താലിബാന്‍ നിരാകരിക്കുകയായിരുന്നു. കൃത്യമായ തെളിവ് നല്‍കിയാല്‍ ബിന്‍ ലാദനെ കൈമാറാമെന്നായിരുന്നു താലിബാന്‍ നിലപാട്. എന്നാല്‍, ഈ ആവശ്യം തള്ളിയ യുഎസ് സഖ്യ രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് അന്നു അഫ്ഗാന്‍ ഭരിച്ചിരുന്ന താലിബാന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

താലിബാനെ അധികാരത്തില്‍നിന്നു പുറത്താക്കിയെന്ന് യുഎസിന് മേനി നടിക്കാമെങ്കിലും രാജ്യത്തുടനീളം ശക്തമായ സാന്നിധ്യമായി ഇപ്പോഴും താലിബാന്‍ അവശേഷിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. 2,400ല്‍ പരം യുഎസ് സൈനികരെ ബലി നല്‍കി, അത്യാധുനിക ആയുധങ്ങളുമായി ഒരു ട്രില്യണില്‍ അധികം ഡോളര്‍ ചെലവഴിച്ച് 20 വര്‍ഷം യുദ്ധം ചെയ്തിട്ടും താലിബാനെ നിലംപരിശാക്കാന്‍ സാധിച്ചില്ലെന്നു മാത്രമല്ല, ഖത്തര്‍ മധ്യസ്ഥതയില്‍ അവരുമായി സമാധാന കരാറുണ്ടാക്കാന്‍ നിര്‍ബന്ധിതരായി എന്നത് യുഎസിന്റെ അഭിമാനത്തിനേറ്റ ക്ഷതമായിരുന്നു.

ഈ വര്‍ഷം സെപ്റ്റംബര്‍ 11 ആകുമ്പോഴേക്കും അഫ്ഗാനില്‍നിന്ന് അമേരിക്കന്‍ സേന പൂര്‍ണമായി പിന്മാറുമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആണ് പ്രഖ്യാപിച്ചത്. ബുധനാഴ്ച വൈറ്റ് ഹൗസില്‍നിന്ന് ടെലിവിഷനിലടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് രണ്ടു ദശകങ്ങള്‍ നീണ്ട, രാജ്യത്തിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തിന് അവസാനമാകുമെന്ന നിര്‍ണായക തീരുമാനം ബൈഡന്‍ പ്രഖ്യാപിച്ചത്.

യുഎസ് സൈന്യത്തിനൊപ്പം നാറ്റോ (നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) സഖ്യകക്ഷികളും മറ്റ് പങ്കാളികളും അന്നേ ദിവസത്തോടുകൂടി പൂര്‍ണമായും പിന്മാറും.

'യുഎസിന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. 'ഭീകരര്‍' ശക്തിപ്രാപിക്കുന്നതു തടയും. സ്വന്തം ചെയ്തികള്‍ക്ക് താലിബാനെക്കൊണ്ട് കണക്കുപറയിക്കും. യുഎസിനെ ഭീഷണിപ്പെടുത്താന്‍ അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ നമുക്കു ഉറപ്പു തന്നിട്ടുണ്ട്. നമ്മള്‍ ഇന്ന് അഭിമുഖീകരിക്കുന്ന ഭീഷണികളിലേക്കാണ് ഇനി പൂര്‍ണ ശ്രദ്ധ കൊടുക്കുന്നത്'- രാജ്യത്തെ അഭിസംബോധന ചെയ്ത് ബൈഡന്‍ പറഞ്ഞു.

പ്രഖ്യാപനത്തിനു പിന്നാലെ അഫ്ഗാനിലെ യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട അമേരിക്കന്‍ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ അര്‍ലിങ്ടണ്‍ സെമിത്തേരിയിലേക്കും ബൈഡന്‍ എത്തി.

മേയ് 1 മുതല്‍ അന്തിമ പിന്‍വാങ്ങല്‍ ആരംഭിക്കും. പെട്ടെന്നൊരു പുറത്തുപോക്കല്ല. ഉത്തരവാദിത്തത്തോടെ സുരക്ഷിതമായി ആയിരിക്കും സേനകളുടെ പിന്‍വാങ്ങലെന്നാണ് ബൈഡന്‍ അവകാശപ്പെടുന്നത്. പ്രഖ്യാപനത്തിനു മുന്നോടിയായി മുന്‍ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോര്‍ജ് ബുഷ് എന്നിവരോട് ബൈഡന്‍ സംസാരിച്ചിരുന്നു.

അതേസമയം, താലിബാനുമായി യുഎസ് സേനയുണ്ടാക്കിയ സമാധാന കരാര്‍ പാലിക്കപ്പെടുമോയെന്ന് സംശയമുള്ളതായി യുഎസ് രഹസ്യാന്വേഷണ സമൂഹത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിറ്റേദിവസമാണ് ബൈഡന്റെ പ്രഖ്യാപനവും വന്നത്. യുഎസും സഖ്യകക്ഷികളും പിന്മാറിയാല്‍ താലിബാനെ നിയന്ത്രിച്ചുനിര്‍ത്താന്‍ അഫ്ഗാന്‍ സര്‍ക്കാരിനു കഴിഞ്ഞെന്നു വരില്ലെന്നാണ് ഡയറക്ടര്‍ ഓഫ് നാഷനല്‍ ഇന്റലിജന്‍സിന്റെ ഓഫിസ് തയാറാക്കിയ വാര്‍ഷിക വേള്‍ഡ് ത്രെട്ട് അസെസ്സ്‌മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2020 ഫെബ്രുവരി 29ന് ദോഹയില്‍ വച്ചാണ് യുഎസും താലിബാനും സമാധാന കരാര്‍ ഒപ്പിടുന്നത്. കരാര്‍ അനുസരിച്ച് 14 മാസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാനില്‍നിന്ന് യുഎസ് സേന പിന്‍മാറണം.

Tags:    

Similar News