കൊവിഡ് 19: അമേരിക്കയില്‍ ഒരാള്‍കൂടി മരിച്ചു; നിരീക്ഷണം ശക്തമാക്കുമെന്ന് ഡോണാള്‍ഡ് ട്രംപ്

യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും കൊവിഡ് 19 പടരുകയാണ്. ലോകത്തിലുടനീളം 87,000 പേര്‍ക്ക് ഇതോടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനില്‍ ഞായറാഴ്ച മാത്രം 11 പേര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 54 ആയി.

Update: 2020-03-02 06:02 GMT

വാഷിങ്ടണ്‍: കൊറോണ വൈറസ്- കൊവിഡ് 19 ബാധിച്ച് അമേരിക്കയില്‍ ഒരാള്‍കൂടി മരിച്ചു. എഴുപതുകാരനാണ് മരിച്ചത്. കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ കിര്‍ക്ക്‌ലാന്റിലെ എവര്‍ഗ്രീന്‍ഹെല്‍ത്ത് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇതോടെ കൊവിഡ് 19 ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍നിന്നെത്തുന്നവരെ കര്‍ശനമായ നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയരാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അറിയിച്ചു. 80 ഉം 90 ഉം വയസുള്ള രണ്ട് സ്ത്രീകള്‍ക്കും 70 വയസുള്ള ഒരു പുരുഷനും ഇതേ ആശുപത്രിയില്‍ ശനിയാഴ്ച പുതുതായി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

മരണപ്പെട്ടയാളുള്‍പ്പടെ നാലുപേരും കിര്‍ക്ക്‌ലാന്റിലെ ഒരു നഴ്‌സിങ് കേന്ദ്രത്തിലെ താമസക്കാരാണ്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയത്. ഞായറാഴ്ച രാത്രി വയെുള്ള കണക്കുകള്‍പ്രകാരം അമേരിക്കയില്‍ 88 കൊറോണ വൈറസ് കേസുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ജനുവരി 21 നാണ് ആദ്യ കൊറോണ കേസ് റിപോര്‍ട്ട് ചെയ്തത്. എന്നാല്‍, ഈ ആഴ്ചയില്‍ വൈറസ് ബാധ റിപോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലായി 23 പുതിയ കൊറോണ കേസുകളാണ് റിപോര്‍ട്ട് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു.

യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും കൊവിഡ് 19 പടരുകയാണ്. ലോകത്തിലുടനീളം 87,000 പേര്‍ക്ക് ഇതോടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനില്‍ ഞായറാഴ്ച മാത്രം 11 പേര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 54 ആയി. ചെക്ക് റിപ്പബ്ലിക്കിലും, സ്‌കോട്ട്‌ലന്‍ഡിലും, ഡോമിനിക്കന്‍ റിപ്പബ്ലിക്കിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയില്‍ 21 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇവിടെ 3730 പേരാണ് ചികില്‍സയിലുള്ളത്. ഇറ്റലിയില്‍ കൊവിഡ് 19 ബാധിച്ച് 34 പേരാണ് മരിച്ചത്. 1694 പേര്‍ ചികില്‍സയിലുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. 

Tags:    

Similar News