ചികില്‍സ ലഭിക്കാതെ ആയിരങ്ങള്‍; അഹമ്മദാബാദിലെ ജനസംഖ്യയുടെ പകുതിയും കൊവിഡില്‍ മരിക്കുമെന്ന് മുന്നറിയിപ്പ്
'നമ്മുടെ ദുരവസ്ഥയെക്കുറിച്ച് അദ്ദേഹം ശ്രദ്ധിക്കുന്നില്ലേ? അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയ ആദ്യത്തെ പൗരന്മാരാണ് ഞങ്ങള്‍. ഇപ്പോള്‍ അദ്ദേഹം പ്രധാനമന്ത്രിയാണ്, എന്നാല്‍ ഇപ്പോള്‍ ഞങ്ങളെ ഉപേക്ഷിക്കുകയാണ്', ഡോ. രജനിഷ് പട്ടേല്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ ഒന്നും ചെയ്യുന്നില്ലെങ്കില്‍, അഹമ്മദാബാദിലെ ജനസംഖ്യയുടെ പകുതിയും കോവിഡ് 19 മൂലം മരിക്കുമെന്ന് അഹമ്മദാബാദ് സിവില്‍ ഹോസ്പിറ്റല്‍ അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. രജനിഷ് പട്ടേല്‍ മുന്നറിയിപ്പു നല്‍കി. കൊവിഡ് രോഗികളാല്‍ ആശുപത്രി നിറഞ്ഞിരിക്കുകയാണ്. പുതുതായി വരുന്നവരെ പ്രവേശിപ്പിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'നമ്മുടെ ദുരവസ്ഥയെക്കുറിച്ച് അദ്ദേഹം ശ്രദ്ധിക്കുന്നില്ലേ? അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയ ആദ്യത്തെ പൗരന്മാരാണ് ഞങ്ങള്‍. ഇപ്പോള്‍ അദ്ദേഹം പ്രധാനമന്ത്രിയാണ്, എന്നാല്‍ ഇപ്പോള്‍ ഞങ്ങളെ ഉപേക്ഷിക്കുകയാണ്', ഡോ. രജനിഷ് പട്ടേല്‍ പറഞ്ഞു.
അഹമ്മദാബാദിലെ ഏറ്റവും വലിയ സര്‍ക്കാര്‍ കോവിഡ് കേന്ദ്രമായ അഹമ്മദാബാദ് സിവില്‍ ഹോസ്പിറ്റലിന് പുറത്ത് മിക്ക സമയങ്ങളിലും രോഗികളുമായുള്ള ആംബുലന്‍സുകളുടെ നീണ്ട നിരയാണ്. ആശുപത്രിയില്‍ കിടക്ക ഒഴിവ് വരുന്നതിന്നുസരിച്ച് മാത്രമാണ് രോഗികളെ പ്രവേശിപ്പിക്കുന്നത്. പ്രവേശനം ലഭിക്കുന്നതിനു വേണ്ടി ഏറെനേരെ കാത്തുകിടക്കുന്ന രോഗികള്‍ അതിനിടയില്‍ തന്നെ മരണപ്പെട്ട് പോകുന്നുമുണ്ട്. ചികില്‍സ ലഭിക്കാതെ മരിച്ച സുശീല്‍ കുമാര്‍ ശ്രീവാസ്തവ എന്ന 70കാരന്‍ അനുഭവം ഗുജറാത്തിലെ ആരോഗ്യ മേഖല എത്രത്തോളം തകര്‍ന്നു എന്നതിന്റെ ഉദാഹരണമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കൊവിഡ് പോസിറ്റീവ് ആയ സുശീല്‍ കുമാര്‍ ശ്രീവാസ്തവക്ക് ചികില്‍സാ കേന്ദ്രത്തില്‍ പ്രവേശനം ലഭിക്കാനായി അദ്ദേഹത്തിന്റെ മകള്‍ രോഗിയുമായി ഒരു രാത്രിയും പകലും 300 കിലോമീറ്റര്‍ ദൂരമാണ് കാറില്‍ അലഞ്ഞത്. പല ആശുപത്രികളിലേക്കായി പോയെങ്കിലും ഒരിടത്തും പ്രവേശനം ലഭിച്ചില്ല. അവസാനം വണ്ടിയിലെ ഓക്‌സിജന്‍ തീര്‍ന്ന് ആശുപത്രിക്ക് മുന്നില്‍ ബുധനാഴ്ച അദ്ദേഹം മരണപ്പെട്ടു.
ഭാവിന്‍ മേത്ത (27), 80 വയസ്സുള്ള അമ്മായി, മറ്റൊരു ബന്ധു എന്നീ മൂന്നു പേരെയും അവശ നിലയില്‍ അഹമ്മദാബാദ് സിവില്‍ ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും ആര്‍ക്കും പ്രവേശനം ലഭിച്ചില്ല. ആംബുലന്‍സില്‍ തന്നെ ഓക്‌സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ച് ആശുപത്രിക്കു മുന്നില്‍ കാത്തുകിടക്കുകയാണ് ഇവര്‍. സിവില്‍ ആശുപത്രിയില്‍ പ്രവേശനം ലഭിക്കാനായി എട്ട് മണിക്കൂര്‍ വരെ രോഗികള്‍ കാത്തിരിക്കുകയാണെന്ന് പേര് വെളിപ്പെടുത്താത്ത ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു. 1,200 കിടക്കകളുള്ള സിവില്‍ ഹോസ്പിറ്റല്‍ ഓക്‌സിജന്‍ സൗകര്യവും വെന്റിലേറ്റര്‍ കിടക്കകളും നല്‍കാനാവാതെ രോഗികള്‍ നിറഞ്ഞിട്ടുണ്ട്.