തൃശൂരിനു പുറമെ കോഴിക്കോട്ടും സവര്‍ണര്‍ക്കു പ്രത്യേക ടോയ്‌ലറ്റ്
തൃശൂര്‍ കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ടോയ്‌ലറ്റില്‍ സ്ത്രീകള്‍, പുരുഷന്‍മാര്‍ എന്നിവര്‍ക്കു പുറമെ ബ്രാഹ്മിന്‍സ് എന്നാണു രേഖപ്പെടുത്തിയിട്ടുള്ളതെങ്കില്‍ കോഴിക്കോട് കോവൂര്‍ പേരളന്‍ കാവ് ക്ഷേത്രത്തില്‍ തിരുമേനി എന്നാണ് എഴുതിയിട്ടുള്ളത്.
കോഴിക്കോട്: തൃശൂരിനു പുറമെ കോഴിക്കോട്ടും സവര്‍ണര്‍ക്കു പ്രത്യേക ടോയ്‌ലറ്റ്. തൃശൂര്‍ കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തോടു ചേര്‍ന്ന് ബ്രാഹ്മണര്‍ക്കു മാത്രമായി പ്രത്യേക ടോയ്‌ലറ്റ് ഏര്‍പ്പെടുത്തിയത് വിവാദമായതിനു പിന്നാലെയാണ് സമാന സംഭവം കോഴിക്കോട് കോവൂര്‍ പുളിയാങ്കില്‍ പേരളാന്‍ കാവ് ക്ഷേത്രത്തിലും കണ്ടെത്തിയത്. തൃശൂര്‍ കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ടോയ്‌ലറ്റില്‍ സ്ത്രീകള്‍, പുരുഷന്‍മാര്‍ എന്നിവര്‍ക്കു പുറമെ ബ്രാഹ്മിന്‍സ് എന്നാണു രേഖപ്പെടുത്തിയിട്ടുള്ളതെങ്കില്‍ കോഴിക്കോട് കോവൂര്‍ പേരളന്‍ കാവ് ക്ഷേത്രത്തില്‍ തിരുമേനി എന്നാണ് എഴുതിയിട്ടുള്ളത്. ബ്രാഹ്മണര്‍ക്കു മാത്രമായുള്ള ടോയ്‌ലറ്റിന്റെ ചിത്രം ഏറെ വിവാദമാവുകയും സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനത്തിനു കാരണമാവുകയും ചെയ്തിരുന്നു.
തൃശൂര്‍ കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തോടു ക്ഷേത്രകുളത്തിനോട് ചേര്‍ന്ന് പൊതുറോഡിലേക്ക് കയറുന്നിടത്ത് സ്ഥിതി ചെയ്യുന്ന ടോയ്‌ലറ്റിലാണ് മുകളില്‍ ബ്രാഹ്മിന്‍സ് എന്ന് രേഖപ്പെടുത്തിയിരുന്നത്. മനുഷ്യരുടെ പ്രാഥമിക കൃത് നിര്‍വഹണത്തില്‍ പോലും ജാതീയത വെളിപ്പെടുത്തുന്ന സംഭവം കേരളത്തില്‍ ഇപ്പോഴും തുടരുകയാണെന്ന വിമര്‍ശനം ശക്തമാവുകയും ഡിവൈഎഫ് ഐ ഉള്‍പ്പെടെയുള്ളവര്‍ പരാതിയുമായി രംഗത്തെത്തുകയും ചെയ്തു. ഡല്‍ഹിയില്‍ ഗവേഷണ വിദ്യാര്‍ഥിയായ അരവിന്ദ് ജി ക്രിസ്‌റ്റോ എന്ന യുവാവാണ് ചിത്രം പകര്‍ത്തിയതും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും.
നേരത്തേ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ സബ് എഡിറ്ററായി ജോലി ചെയ്തിരുന്ന അരവിന്ദ് കേരളത്തിലെ ട്രൈബല്‍ വിഷയങ്ങളിലാണ് ഗവേഷണം നടത്തുന്നത്. ക്ഷേത്രത്തിലെ ഉല്‍സവത്തില്‍ പങ്കെടുക്കാന്‍ കുറ്റുമുക്കിലെത്തിയപ്പോഴാണ് ഇത്തരമൊരു കാര്യം കണ്ടതെന്നു അരവിന്ദ് വ്യക്തമാക്കിയിരുന്നു. സംഭവം വിവാദമായതോടെ 'ബ്രാഹ്മിന്‍സ്' എന്ന ചുവരെഴുത്ത് ടോയ്‌ലറ്റിനു മുകളില്‍ നിന്ന് ഇന്ന് രാവിലെ അധികൃതര്‍ നീക്കം ചെയ്യുകയായിരുന്നു. വിഷയം ഡിവൈഎഫ്‌ഐ മേഖലാ നേതൃത്വം കൊച്ചിന്‍ ദേവസ്വത്തെ രേഖാമൂലം പരാതിപ്പെടുകയും ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നീക്കം ചെയ്തതെന്നാണ് വിവരം.
25 വര്‍ഷം മുമ്പ് പണി കഴിപ്പിച്ച ടോയ്‌ലറ്റ് ക്ഷേത്രത്തില്‍നിന്നു കുറച്ച് അകലെയാണെന്നും ടോയ്‌ലറ്റിനു മുകളില്‍ ഇത്തരത്തില്‍ എഴുതിയത് ഇതുവരെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നുമായിരുന്നു കുറ്റുമുക്ക് മഹാദേവ ക്ഷേത്ര സെക്രട്ടറി പ്രേംകുമാറിന്റെ വിശദീകരണം. ക്ഷേത്ര ജീവനക്കാരും മേല്‍ശാന്തിയടക്കമുള്ളവരും ഉപയോഗിക്കുന്ന ടോയ്‌ലറ്റാണ് ഇതെന്നും ജാതി നോക്കാതെ എല്ലാ ക്ഷേത്ര ജീവനക്കാരും ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.