ന്യൂയോര്‍ക്ക്: യുഎസ് ഓപണില്‍ വന്‍ അട്ടിമറി. വനിതാ വിഭാഗം സിംഗിള്‍സില്‍ ടോപ് സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിനാ പ്ലിസ്‌കോവാ പുറത്തായി. റാങ്കിങില്‍ 50ാം സ്ഥാനത്തുള്ള ഫ്രാന്‍സിന്റെ കരോലിന്‍ ഗാര്‍സിയയാണ് കിരീട പ്രതീക്ഷയായ പ്ലിസ്‌കോവയെ രണ്ടാം റൗണ്ടില്‍ പുറത്താക്കിയത്. സ്‌കോര്‍ 6-1, 7-6. ആഷ്ലി ബാര്‍ട്ടി, സിമോണാ ഹാലപ്പ് എന്നിവരുടെ അസാന്നിധ്യത്തില്‍ കിരീട സാധ്യത കല്‍പ്പിക്കപ്പെട്ട താരമാണ് പ്ലിസ്‌കോവാ. റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള പ്ലിസ്‌കോവ രണ്ടാം സെറ്റില്‍ മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും ഗാര്‍സിയയുടെ മികച്ച സേവുകള്‍ താരത്തിന് വിനയാവുകയായിരുന്നു.
നാലാം സീഡ് നയോമി ഒസാക്ക, ആറാം സീഡ് പെട്രാ ക്വവിറ്റോവാ, എട്ടാം സീഡ് പെട്രാ മാര്‍റ്റിക്ക്, 14ാം സീഡ് അനെറ്റ് കൊന്റവിറ്റ് എന്നീ താരങ്ങള്‍ മൂന്നാം റൗണ്ടില്‍ കടന്നു. ഇറ്റലിയുടെ കാമിലാ ജിഓര്‍ഗിയെ 6-1, 6-2 സ്‌കോറിനാണ് ഒസാക്ക തോല്‍പ്പിച്ചത്. മുന്‍ ചാംപ്യന്‍ ആന്‍ക്വലിക്ക് കെര്‍ബര്‍ ജര്‍മന്‍ താരം അന്നാ ലെനയെ 6-3, 7-6 സെറ്റിന് തോല്‍പ്പിച്ച് മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചു.
പുരുഷ വിഭാഗത്തില്‍ ടോപ് സീഡ് നൊവാക്ക് ജോക്കോവിച്ച് മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. ബ്രിട്ടന്റെ കെയ്ല്‍ എഡ്മണ്ടിനെ 6-7, 6-3, 6-4, 6-2 സ്‌കോറിനാണ് ജോക്കോവിച്ച് തോല്‍പ്പിച്ചത്. നാലാം സീഡ് സ്റ്റെഫാനോസ് അമേരിക്കന്‍ താരം മാക്സിം ക്രേസിയെ 6-3, 6-4 സ്‌കോറിന് തോല്‍പ്പിച്ച് മൂന്നാം റൗണ്ട് ഉറപ്പിച്ചു.
Top-seeded Karolina Pliskova upset by Caroline Garcia at US Open