തായ്‌ലാന്റിനെ വിറപ്പിച്ച് പാബുക്ക് ചുഴലിക്കൊടുങ്കാറ്റ്
കൊടുങ്കാറ്റിനൊപ്പമെത്തിയ പേമാരിയില്‍ നഖോന്‍ സി തമ്മാറത്ത് പ്രവിശ്യയില്‍ ഉരുള്‍പൊട്ടലുണ്ടായി. ചുഴലിക്കാറ്റില്‍ മല്‍സ്യബന്ധന യാനം തലകീഴായി മറിഞ്ഞാണ് ഒരാള്‍ മരിച്ചത്. ഒരാളെ കാണാതായി.
ബാങ്കോക്ക്: തെക്കന്‍ തായ്‌ലാന്റില്‍ കനത്ത നാശം വിതച്ച് പാബുക്ക് ട്രോപ്പിക്കല്‍ ചുഴലിക്കൊടുങ്കാറ്റ്. 30 വര്‍ഷത്തിനിടെ മേഖലയിലുണ്ടാകുന്ന ഏറ്റവും രൂക്ഷമായ ചുഴലിക്കൊടുങ്കാറ്റാണിത്. നിരവധി മരങ്ങള്‍ കടപുഴകി വീണു. വീടുകളുടേയും കെട്ടിടങ്ങളുടേയും മേല്‍ക്കൂരകള്‍ പാറിപ്പോയി. കൊടുങ്കാറ്റിനൊപ്പമെത്തിയ പേമാരിയില്‍ നഖോന്‍ സി തമ്മാറത്ത് പ്രവിശ്യയില്‍ ഉരുള്‍പൊട്ടലുണ്ടായി. ചുഴലിക്കാറ്റില്‍ മല്‍സ്യബന്ധന യാനം തലകീഴായി മറിഞ്ഞാണ് ഒരാള്‍ മരിച്ചത്. ഒരാളെ കാണാതായി. ബാക്കിയുള്ളവരെ സമീപത്തെ മല്‍സ്യബന്ധന ബോട്ട് രക്ഷപ്പെടുത്തി.
ശനിയാഴ്ച വരെ ദക്ഷിണ തായ്‌ലന്റിലെ 15 പ്രവിശ്യകളില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നും കനത്ത മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍കൊള്ളുന്ന ദക്ഷിണ തായ്‌ലാന്റിലേക്കാണ് ചുഴലിക്കൊടുങ്കാറ്റ് നീങ്ങുന്നത്.കോ സമുയി, കോ താവോ, കോ പാന്‍ഗന്‍ ദ്വീപുകളിലെ ആയിരങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. കോ സമുയില്‍ നിരവധി വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നതായി ബിബിസി റിപോര്‍ട്ട് ചെയ്യുന്നു.
വന്‍ മരങ്ങള്‍ കടപുഴകി വീണ് പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ഇതു രക്ഷാ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.നിരവധിയിടങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറായി. ശനിയാഴ്ച വരെ വീട്ടില്‍ തന്നെ കഴിയാന്‍ പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വര്‍ഷത്തിലെ ഈ മാസം ഈ മേഖലയില്‍ കൊടുങ്കാറ്റുകള്‍ പതിവാണെങ്കിലും ഇത്ര രൂക്ഷമാവാറില്ലെന്ന് ദുരന്തനിവാരണ സേന വൃത്തങ്ങള്‍ പറഞ്ഞു.