തുര്‍ക്കി- സിറിയ ഭൂകമ്പം; മരണം 37,000 കടന്നു; രക്ഷപ്പെട്ടവരെ സഹായിക്കുന്നതിന് ഇനി മുന്‍ഗണന
അങ്കാറ: തുര്‍ക്കി- സിറിയ ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 37,000 കടന്നു. രാജ്യത്ത് 31,643 പേര്‍ മരിച്ചതായി തുര്‍ക്കി അധികൃതര്‍ അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെയും സിറിയന്‍ സര്‍ക്കാരിന്റെയും കണക്കുകള്‍ പ്രകാരം 5,814 പേര്‍ സിറിയയിലും മരണപ്പെട്ടിട്ടുണ്ട്. യഥാര്‍ഥ കണക്ക് ഇതിലും ഇരട്ടിയോളം വരുമെന്നാണ് വിലയിരുത്തല്‍. അതിനിടെ, രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം അവസാനിക്കുകയാണെന്നും രക്ഷപ്പെട്ടവരെ സഹായിക്കുന്നതിനാണ് ഇനി മുന്‍ഗണനയെന്നും യുഎന്‍ ദുരിതാശ്വാസ മേധാവി മാര്‍ട്ടിന്‍ ഗ്രിഫിത്സ് പറഞ്ഞു.
ദുരന്തം നടന്ന് ഒരാഴ്ച പിന്നിട്ടതോടെ ജീവനോടെ ആളുകളെ പുറത്തെടുക്കാമെന്ന പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ചു. ഈ സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം അവസാനിക്കാറായെന്ന് യുഎന്‍ ദുരിതാശ്വാസ മേധാവി പറഞ്ഞത്. ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് സഹായമൊരുക്കലാണ് അടുത്തഘട്ടം. തുര്‍ക്കിയിലും സിറിയയിലുമായി എട്ടുലക്ഷത്തോളം പേര്‍ക്ക് ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ലഭിക്കുന്നില്ലെന്നാണ് റിപോര്‍ട്ട്.
പതിനായിരങ്ങള്‍ കൊടും തണുപ്പില്‍ ആവശ്യത്തിന് വലസ്ത്രങ്ങളോ പുതപ്പോ ഇല്ലാതെ വഴിയിരകില്‍ കഴിയുന്നുണ്ട്. ഇവര്‍ക്ക് ടെന്റുകള്‍ ഉള്‍പ്പെടെ നിര്‍മിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് വിദേശ രാജ്യങ്ങളില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ പ്രാധാന്യം നല്‍കുന്നത്. സിറിയയിലെ വിമതനിയന്ത്രിത മേഖലകളില്‍ ഇപ്പോഴും നാമമാത്രമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. സഹായമെത്തിക്കാന്‍ സഹകരിക്കണമെന്ന് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനോട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നേരിട്ട് ആവശ്യപ്പെട്ടു. പിന്നാലെ സഹായവുമായി യുഎന്നിന്റെ 52 ട്രക്കുകള്‍ സായുധനിയന്ത്രിത മേഖലയിലേക്ക് എത്തി. തുര്‍ക്കിയില്‍നിന്ന് സിറിയയിലേക്ക് രക്ഷാദൗത്യത്തിനായി രണ്ടുപാതകള്‍ കൂടി തുറക്കാനും ധാരണയായി.
സായുധരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറന്‍ സിറിയയുടെ ഭാഗങ്ങളില്‍ തുര്‍ക്കിയില്‍ നിന്ന് രണ്ട് അതിര്‍ത്തി കടന്ന് സഹായമെത്തിക്കാന്‍ യുഎന്നിനെ അനുവദിക്കാന്‍ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് സമ്മതിച്ചിട്ടുണ്ട്. ഭൂകമ്പങ്ങളാല്‍ നാശം വിതച്ച വടക്കുപടിഞ്ഞാറന്‍ സിറിയന്‍ നഗരമായ ജന്‍ദാരിസിലെ നിവാസികള്‍, കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്ന് തങ്ങളുടെ നഷ്ടപ്പെട്ട സാധനങ്ങളെടുക്കാനുള്ള നെട്ടോട്ടത്തിലാണ്. ചിലര്‍ വീടുകളുടെ അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ ഇരുന്നു കരയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്.