വയനാടും ചേലക്കരയും നാളെ ബൂത്തിലേക്ക്

വയനാടും ചേലക്കരയും യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് പ്രധാനമല്‍സരം

Update: 2024-11-12 04:12 GMT

തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് നാളെ. വയനാടും ചേലക്കരയും യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് പ്രധാനമല്‍സരം

വയനാട് ലോക്‌സഭാ മണ്ഡലം


ഉത്തര്‍ പ്രദേശിലെ റായ്ബറേലി മണ്ഡലത്തിലും വിജയിച്ചതിനാല്‍ രാഹുല്‍ ഗാന്ധി സീറ്റൊഴിഞ്ഞതിനെ തുടര്‍ന്നാണ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് നേതാവും രാഹുല്‍ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്കാഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. സിപിഐ നേതാവായ സത്യന്‍ മൊകേരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കോഴിക്കോട് കൗണ്‍സലറായിരുന്ന നവ്യ ഹരിദാസാണ് ബിജെപി സ്ഥാനാര്‍ഥി.

പ്രിയങ്കയുടെ പ്രചാരണത്തിനായി കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം മണ്ഡലത്തില്‍ എത്തിയിരുന്നു. പ്രകൃതി ദുരന്തമുണ്ടായ പ്രദേശങ്ങളെല്ലാം പ്രിയങ്ക സന്ദര്‍ശിച്ചു. സത്യന്‍ മൊകേരിക്കു വേണ്ടി മന്ത്രിമാരും മുതിര്‍ന്ന എല്‍ഡിഎഫ് നേതാക്കളും പ്രദേശത്ത് കാംപ് ചെയ്ത് പ്രചാരണം നടത്തി. ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടി കേന്ദ്രമന്ത്രിമാരും പ്രദേശത്ത് എത്തി പ്രചാരണം നടത്തി.

വോട്ടര്‍മാര്‍

വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ഏഴു നിയോജകമണ്ഡലങ്ങളില്‍ നിന്നായ് വോട്ട് ചെയ്യാന്‍ 14,71,742 പേരുണ്ട്. ഏപ്രിലിലെ പൊതു തിരഞ്ഞെടുപ്പില്‍ 14,62,423 വോട്ടര്‍മാര്‍ ആയിരുന്നു. ഏഴ് മാസത്തിനു ശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ 9319 വോട്ടര്‍മാര്‍ വര്‍ധിച്ചു. ഏറ്റവും അധികം വര്‍ധിച്ചത് മൂന്നു നിയോജക മണ്ഡലങ്ങളിലാണ്. സുല്‍ത്താന്‍ ബത്തേരി (1854), കല്‍പറ്റ (1848) മാനന്തവാടി (1547) എന്നിങ്ങനെയാണ് കണക്കുകള്‍. നിലമ്പൂര്‍ (533) തിരുവമ്പാടി(1525) വണ്ടൂര്‍(1389) ഏറനാട് (623)എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ വര്‍ധന.

വയനാട് 2024 ഏപ്രിലിലെ തിരഞ്ഞെടുപ്പ് ഫലം

രാഹുല്‍ഗാന്ധി : 6,47,445

ആനി രാജ : 283,023

കെ സുരേന്ദ്രന്‍ : 141,045

നോട്ട : 6,999

ഭൂരിപക്ഷം : 3,64,422

ചേലക്കര നിയമസഭാ മണ്ഡലം


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് മന്ത്രിയായ സിപിഎം നേതാവ് കെ രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് മല്‍സരിച്ചു വിജയിച്ചതാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വരാന്‍ കാരണം. ഇത്തവണ എല്‍ഡിഎഫിനായി യു ആര്‍ പ്രദീപും യുഡിഎഫിന് വേണ്ടി രമ്യാ ഹരിദാസും മല്‍സരിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ കെ രാധാകൃഷ്ണനോട് പരാജയപ്പെട്ടയാളാണ് രമ്യാ ഹരിദാസ്. കെ ബാലകൃഷ്ണനാണ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി.

വോട്ടര്‍മാര്‍

ചേലക്കര നിയമസഭാ മണ്ഡലത്തില്‍ ഇത്തവണ 10,143 പുതിയ വോട്ടര്‍മാരുണ്ട്. ആകെ 2,13,103 വോട്ടര്‍മാരാണ്ഉള്ളത്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം

കെ രാധാകൃഷ്ണന്‍ (സിപിഎം) :83,415

സി സി ശ്രീകുമാര്‍ (യുഡിഎഫ്) :44,015

ഷാജുമോന്‍ വട്ടേക്കാട് (ബിജെപി) :24,045

ഭൂരിപക്ഷം: 39,400

പാലക്കാട് ഉപതിരഞ്ഞെടുപ്പ് നവംബര്‍ 20ന്


പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നവംബര്‍ 20നായിരിക്കും നടക്കുക. കല്‍പാത്തി രഥോല്‍സവം നടക്കുന്നതിനാലാണ് ഉപതിരഞ്ഞെടുപ്പ് നീട്ടിയത്. എംഎല്‍എ സ്ഥാനം ഒഴിവാക്കി യുഡിഎഫ് നേതാവ് ഷാഫി പറമ്പില്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിച്ചു വിജയിച്ചതാണ് പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ കാരണം. കോണ്‍ഗ്രസിലെ നേതൃത്വ പദവി ഉപേക്ഷിച്ചു വന്ന ഡോ. പി സരിനാണ് എല്‍ഡിഎഫിന്റെ സ്വതന്ത്രസ്ഥാനാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥിയായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലും ബിജെപിക്ക് വേണ്ടി സി കൃഷ്ണകുമാറും മല്‍സരിക്കുന്നു. ബിജെപിക്ക് വളരെ സ്വാധീനമുള്ള മണ്ഡലമാണ് ഇത്.

വോട്ടര്‍മാര്‍

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയില്‍ 1,94,706 പേരാണുള്ളത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീകളാണ്. 780 പേര്‍ ഭിന്നശേഷിക്കാരും നാലുപേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ആണ്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം

ഷാഫി പറമ്പില്‍ (യുഡിഎഫ്) 54,079

ഇ ശ്രീധരന്‍ (ബിജെപി) 50,220

സി പി പ്രമോദ്(സിപിഎം) 36,433

ഭൂരിപക്ഷം 3,859

മൂന്നു മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ നവംബര്‍ 23നായിരിക്കും നടക്കുക. അന്ന് തന്നെ വിജയികളെയും അറിയാന്‍ സാധിക്കും.

Similar News