ജപ്പാനില്‍ ദുരിതംവിതച്ച് ഹാഗിബിസ്; മരണസംഖ്യ 36 ആയി, 16 പേരെ കാണാനില്ല
തിങ്കളാഴ്ച രാവിലെയും വീടുകള്‍ക്കുള്ളിലും മേല്‍ക്കൂരകളിലും മറ്റുമായി കുടുങ്ങിക്കിടക്കുന്നവരെ ഹെലികോപ്റ്ററിന്റെയും ബോട്ടുകളുടെയും സഹായത്തോടെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ശക്തമായ വെള്ളപ്പൊക്കത്തില്‍ മിക്ക പ്രദേശങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
ടോക്കിയോ: ജപ്പാനില്‍ കനത്ത നാശംവിതച്ച് ആഞ്ഞടിച്ച ഹാഗിബിസ് ചുഴലിക്കാറ്റിലും വെളളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 36 ആയി ഉയര്‍ന്നു. കാണാതായ 16 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചുഴലിക്കാറ്റുമൂലമുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. സെന്‍ട്രല്‍ ജപ്പാനിലെ നാഗാനോ, ചിക്കുമാ തുടങ്ങിയ നദികള്‍ കരകവിഞ്ഞതോടെ വെള്ളം വീടുകളുടെ രണ്ടാംനിലയിലേക്കുവരെ കയറുന്ന അവസ്ഥയുണ്ടായി. ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് ജപ്പാനിലെ പ്രധാന ദ്വീപായ ഹോന്‍ഷൂവില്‍ ഹാഗിബിസ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറില്‍ 225 കിലോ മീറ്ററിര്‍ വേഗതയിലാണ് കാറ്റ് വീശിയത്.
60 വര്‍ഷത്തിനിടെ ജപ്പാനിലുണ്ടാകുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഹാഗിബിസ്. ഇതിന് തൊട്ടുപിന്നാലെ ടോക്കിയോയില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവുമുണ്ടായി. രാജ്യത്ത് ആറ് മേഖലകളിലായാണ് 36 പേര്‍ മരണപ്പെട്ടത്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം, 19 പേര്‍ മരണപ്പെട്ടതായും 13 പേരെ കാണാനില്ലെന്നുമാണ് ഫയര്‍ഫോഴ്‌സിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക കണക്ക്. കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചിലയിടങ്ങളില്‍ ഉരുള്‍പ്പൊട്ടലും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ദുരിതബാധിത മേഖലയില്‍നിന്ന് നിരവധിപേരെ മാറ്റിപ്പാര്‍പ്പിച്ചു.
തിങ്കളാഴ്ച രാവിലെയും വീടുകള്‍ക്കുള്ളിലും മേല്‍ക്കൂരകളിലും മറ്റുമായി കുടുങ്ങിക്കിടക്കുന്നവരെ ഹെലികോപ്റ്ററിന്റെയും ബോട്ടുകളുടെയും സഹായത്തോടെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ശക്തമായ വെള്ളപ്പൊക്കത്തില്‍ മിക്ക പ്രദേശങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. വിവിധ ദുരിതാശ്വാസ ക്യാംപുകളിലായി ആയിരക്കണക്കിനാളുകളാണ് അഭയംതേടിയിരിക്കുന്നത്. ശക്തമായ മഴയുണ്ടാവുന്ന പശ്ചാത്തലത്തില്‍ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും ജാഗ്രതപാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിവിധ വകുപ്പുകളില്‍നിന്നുള്ള ഒരുലക്ഷം പേരെയാണ് അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിരിക്കുന്നത്. ഇതില്‍ 31,000 പേര്‍ സെനികരാണ്.
ടോക്കിയോയുടെ വടക്കുപടിഞ്ഞാറ് കവാഗോയിലെ ഒരു റിട്ടയര്‍മെന്റ് ഹോമില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് കുടുങ്ങിയ നൂറുകണക്കിനാളുകളെ ഒരുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. പ്രധാനമന്ത്രി ഷിന്‍സോ അബെ ബന്ധപ്പെട്ട മന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള മന്ത്രിയെ കൂടുതല്‍ ദുരിതംവിതച്ച പ്രദേശങ്ങളിലേക്ക് അയച്ചു. ടോക്കിയോയിലെയും സമീപപ്രദേശങ്ങളിലെയും 56,800 വീടുകളിലേക്കും മിയാഗി, ഇവാറ്റെ, ഫുകുഷിമ, നിഗാറ്റ എന്നിവിടങ്ങളിലെ 5,600 വീടുകളിലേക്കുമുള്ള വൈദ്യുതി ബന്ധം പൂര്‍ണമായും തകരാറിലായതായി അധികൃതര്‍ അറിയിച്ചു.