യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു

Update: 2022-05-13 10:51 GMT

ദുബയ്: യുഎഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു. 2004മുതല്‍ യുഎഇ പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ മരണം വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചത്. യുഎഇ വാര്‍ത്താ ഏജന്‍സിയാണ് മരണവാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. 74 വയസായിരുന്നു. 2004 നവംബര്‍ മൂന്ന് മുതല്‍ യുഎഇ പ്രസിഡന്റാണ്.

രാഷ്ട്രപിതാവും പ്രഥമ യുഎഇ പ്രസിഡന്റുമായിരുന്ന ശെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ മരണത്തെത്തുടര്‍ന്നാണ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നയ്ഹാന്‍ യുനൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ രണ്ടാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് സായുധ സേനയുടെ പരമോന്നത കമാന്‍ഡറും സൂപ്രിം പെട്രോളിയം കൗണ്‍സിലിന്റെ ചെയര്‍മാനുമായിരുന്നു.

1948ലാണ് ജനനം. യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബൂദബിയുടെ 16ാമത് ഭരണാധികാരിയുമാണ്. ശെയ്ഖ് സായിദിന്റെ മൂത്ത മകനാണ്. വെള്ളിയാഴ്ച മുതല്‍ 40 ദിവസത്തേക്ക് പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയം ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. പതാകയും പകുതി താഴ്ത്തിക്കെട്ടി. മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, ഫെഡറല്‍, പ്രാദേശിക സ്ഥാപനങ്ങള്‍, സ്വകാര്യമേഖല എന്നിവയിലും മൂന്ന് ദിവസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും.

Tags:    

Similar News