പന്തീരാങ്കാവ് യുഎപിഎ അറസ്റ്റ്: അലന്റെയും താഹയുടെയും ജാമ്യാപേക്ഷ കോടതി തള്ളി
പ്രതികള്‍ പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷനും കോടതിയില്‍ നിലപാട് സ്വീകരിച്ചു. ഇതോടെയാണ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്. യുഎപിഎ പ്രത്യേക കോടതി കൂടിയായ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ പരിഗണനയ്ക്കുവന്നത്.
കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോവാദി ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റുചെയ്ത സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിന്റെയും താഹാ ഫസലിന്റെയും ജാമ്യാപേക്ഷ കോടതി തള്ളി. യുഎപിഎ ചുമത്തിയ കേസായതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികള്‍ പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷനും കോടതിയില്‍ നിലപാട് സ്വീകരിച്ചു. ഇതോടെയാണ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്. യുഎപിഎ പ്രത്യേക കോടതി കൂടിയായ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ പരിഗണനയ്ക്കുവന്നത്.
കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ എം കെ ദിനേശന്‍ അറിയിച്ചു. ഇന്ന് രാവിലെ കേസ് പരിഗണിക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിളിച്ചുവരുത്തിയിരുന്നു. അലനോടും താഹയോടും സംസാരിക്കാന്‍ അനുവദിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സംസാരിക്കാമെന്ന് കോടതി അറിയിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജി അനിതയാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ ദിവസം കേസിലെ വിശദമായ വാദം പൂര്‍ത്തിയായിരുന്നു. മാവോവാദി ബന്ധം സ്ഥാപിക്കുന്നതിനായി അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെയും താഹാ ഫസലിന്റെയും വീടുകളില്‍നിന്ന് റെയ്ഡില്‍ പിടിച്ചെടുത്ത പുസ്തകങ്ങളും ലഘുലേഖകളുമാണ് ചൊവ്വാഴ്ച പോലിസ് കോടതിയില്‍ ഹാജരാക്കിയത്.
എന്നാല്‍, പോലിസിന്റെ കൈയിലുള്ള തെളിവുകളൊന്നും യുഎപിഎ ചുമത്താന്‍ പര്യാപ്തമല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അതേസമയം, ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹിന്ദു ഐക്യവേദി നേതാവ് കോടതിയില്‍ ഹാജരാവുകയും കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കുകയും ചെയ്‌തെങ്കിലും ഇതിനെ പ്രോസിക്യൂക്ഷന്‍ ശക്തമായി എതിര്‍ത്തു. ഇത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും കേസ് സംസ്ഥാന സര്‍ക്കാരിനല്ലാതെ മറ്റു സംഘടനകളുടെ താല്‍പര്യം പരിഗണിക്കേണ്ടതില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ ഷൈനുവാണ് ജാമ്യാപേക്ഷക്കെതിരേ കോടതിയില്‍ ഹരജി നല്‍കിയത്.