കോഴിക്കോട് മെഡിക്കല്‍ കോളജ് ആക്രമണം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി
കോഴിക്കോട്: മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി. കേസിലെ പ്രതികളായ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുണ്‍ ഉള്‍പ്പടെ അഞ്ചുപേരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കോഴിക്കോട് സ്‌പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 7 ആണ് ജാമ്യം തള്ളിയത്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളായ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരേ പോലിസ് ഐപിസി 333 വകുപ്പും ചുമത്തിയിരുന്നു.
പൊതുസേവകരുടെ ജോലി തടസ്സപ്പെടുത്തുകയും മര്‍ദ്ദിച്ചതിന്റെയും പേരിലാണ് പുതിയ വകുപ്പ്. 10 വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പുതിയ വകുപ്പ് ചുമത്തിയ പോലിസ് റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ ഒന്നാം പ്രതി ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്. അതേസമയം, കേസില്‍ പോലിസിനെതിരേ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പോലിസിന്റെ നടപടിക്കെതിരേ ജനങ്ങളെ അണിനിരത്തുമെന്ന് സിപിഎമ്മും വ്യക്തമാക്കിയിട്ടുണ്ട്. സപ്തംബര്‍ നാലിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ 15 അംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്.
മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതിനെ പേരിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്. ഇവര്‍ മടങ്ങിപ്പോയതിനു പിന്നാലെ സ്ഥലത്തെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സംഘം സുരക്ഷാ ജീവനക്കാരെ അക്രമിക്കുകയായിരുന്നു. രോഗികളെ സന്ദര്‍ശിക്കാനെത്തിയവര്‍ക്കും മര്‍ദ്ദനമേറ്റു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകന്‍ ഷംസുദ്ദീനെയും സംഘം ആക്രമിച്ചിരുന്നു.