എംഡിഎംഎ വയറ്റിലെത്തിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അവയവനാശം, മരണം: വിദഗ്ധര്‍
കഴിഞ്ഞ ദിവസമാണ് പോലിസിനെ ഭയന്ന് താമരശ്ശേരി സ്വദേശി ഷാനിദ് എംഡിഎംഎയുടെ പാക്കറ്റ് വിഴുങ്ങിയത്

കോഴിക്കോട്: എംഡിഎംഎ അമിതമായ അളവില്‍ വയറ്റിലെത്തിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തന വൈകല്യത്തിനും ഒടുവില്‍ മരണത്തിനും കാരണമാകുമെന്ന് വിദഗ്ധര്‍.
''എംഡിഎംഎ അമിതമായി കഴിക്കുമ്പോള്‍, സങ്കീര്‍ണ്ണവും അപകടകരവുമായ ഒരു ആരോഗ്യ പ്രശ്‌നമുണ്ടാവുന്നു. സിന്തറ്റിക് മരുന്നായ എംഡിഎംഎ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന ഒന്നാണ്. കൂടുതല്‍ ഊര്‍ജ്ജസ്വലതയും ഉണര്‍വും അനുഭവിക്കാന്‍ ഇത് ഉപയോഗിക്കും. പരിമിതമായ അളവിലുള്ള എംഡിഎംഎ പോലും ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുകയും വിയര്‍പ്പ് , ശരീര താപനില വര്‍ദ്ധിപ്പിക്കുക എന്നിവക്ക് കാരണമാവുകയും ചെയ്യും' '' മനോരോഗ വിദഗ്ദ്ധന്‍ ഡോ. സുരേഷ് കുമാര്‍ പി എന്‍ പറയുന്നു.

അമിതമായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും സെറിബ്രല്‍ രക്തസ്രാവത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 'ഹൃദയം വളരെ വേഗത്തില്‍ മിടിക്കാന്‍ തുടങ്ങുന്നു, ഇത് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്നു. ശരീര താപനില അസാധാരണമായി വര്‍ദ്ധിക്കുമ്പോള്‍, അത് എല്ലാ അവയവങ്ങളെയും ബാധിക്കുന്നു. എംഡിഎംഎ അമിതമായി കഴിക്കുന്നത് സോഡിയത്തിന്റെ അളവ് കുറയുന്നതിനും അപസ്മാരത്തിനും കാരണമാകും,' ഡോ. സുരേഷ് കൂട്ടിചേര്‍ത്തു.
സാധാരണയായി പോലിസില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വര്‍ണ്ണക്കടത്തുകാര്‍ ലോഹം വിഴുങ്ങാറുണ്ടെന്ന് താമരശ്ശേരി ഡിവൈഎസ്പി പറഞ്ഞു. മയക്കുമരുന്ന് വിഴുങ്ങുന്നത് അതിജീവനസാധ്യത ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പോലിസിനെ ഭയന്ന് താമരശ്ശേരി സ്വദേശി ഷാനിദ് എംഡിഎംഎയുടെ പാക്കറ്റ് വിഴുങ്ങിയത്. ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും ഷാനിദിനെ മാറ്റി. ഗുരുതരാവസ്ഥ കണക്കിലെടുത്ത് ശസ്ത്രക്രിയ ചെയ്യാനൊരുങ്ങവെയാണ് ഷാനിദ് മരിച്ചത്.