യുഎപിഎ അറസ്റ്റ്: മാധ്യമപ്രവര്‍ത്തകരുടെ വിവരങ്ങള്‍ നല്‍കാതെ കേന്ദ്രസര്‍ക്കാര്‍
മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ തടങ്കലില്‍ കഴിയുന്ന സാഹചര്യത്തിലാണ് എംപിമാര്‍ ആഭ്യന്തര മന്ത്രാലയത്തോട് വിശദാംശങ്ങള്‍ തേടിയത്
ന്യൂഡല്‍ഹി: യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി തടങ്കലില്‍ വച്ചിരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ വിവരങ്ങള്‍ നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. കെ സുധാകരന്‍ എംപിയും കെ മുരളീധരന്‍ എംപിയും പാര്‍ലമെന്റില്‍ ആഭ്യന്തര മന്ത്രാലയത്തിനു നല്‍കിയ ചോദ്യങ്ങളിലാണ് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയത്. മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ തടങ്കലില്‍ കഴിയുന്ന സാഹചര്യത്തിലാണ് എംപിമാര്‍ ആഭ്യന്തര മന്ത്രാലയത്തോട് വിശദാംശങ്ങള്‍ തേടിയത്.
2014 മുതല്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എത്ര മാധ്യമപ്രവര്‍ത്തകരെ യുഎപിഎ നിയമം പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എത്ര മാധ്യമപ്രവര്‍ത്തകര്‍ നിലവില്‍ ജയിലില്‍ ഉണ്ടെന്നുമുള്ള വിവരം ലഭ്യമാക്കണമെന്നായിരുന്നു എംപിമാര്‍ ആഭ്യന്തര മന്ത്രാലയത്തിനു നല്‍കിയ ചോദ്യത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ(എന്‍സിആര്‍ബി) മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ സൂക്ഷിക്കുന്നില്ല എന്നായിരുന്നു മറുപടിയില്‍ പറയുന്നത്.
ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം പോലിസും പൊതു ഉത്തരവുകളും സംസ്ഥാന വിഷയവുമായി ബന്ധപ്പെട്ട പരിധിയിലാണ് വരുന്നതെന്നും അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കൈവശമില്ല എന്നുമാണ് മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സ് ഉത്തരത്തില്‍ വിശദീകരിച്ചിരിക്കുന്നത്.
UAPA arrest: Central Govt not appear the details of arrested journalists